ആരോഗ്യമേകും ലഘുനിദ്ര; ഓർമശക്തി മെച്ചപ്പെടുത്തുന്നതു മുതൽ ഹൃദയാരോഗ്യത്തിനു വരെ ഉത്തമം

power nap
Photo Credit: lakshmiprasad S/ Istockphoto
SHARE

ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം വളരെയേറെ പ്രധാനമാണ് എന്ന് എല്ലാവർക്കും അറിയാം. ദിവസം 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുന്നത് ആരോഗ്യമേകും. എന്നാൽ ഇന്നത്തെക്കാലത്ത് ആവശ്യത്തിന് ഉറക്കം പലർക്കും ലഭിക്കാറില്ല.

ഇവിടെയാണ് ലഘുനിദ്ര അഥവാ പവർ നാപ്പിന്റെ പ്രസക്തി. രാത്രിയിൽ നല്ല ഉറക്കം ലഭിക്കാത്തവർക്കും പവർ നാപ് ആശ്വാസം നൽകും. ദിവസത്തിന്റെ ഏതു സമയത്തും ലഘുനിദ്രയാകാം. ഈ ചെറുമയക്കത്തിന് നിരവധി ഗുണങ്ങളുണ്ട്. ഓർമശക്തി മെച്ചപ്പെടുത്തുന്നതു മുതൽ ചിന്താശക്തിയും ബൗദ്ധിക നിലവാരവും മെച്ചപ്പെടുത്തുന്നതു വരെ നീളുന്ന പവർ നാപ്പിന്റെ ഗുണങ്ങൾ.

ലഘുനിദ്രയ്ക്ക് സമയം നോക്കണോ?

പകൽ സമയത്ത് ലഘു നിദ്രയ്ക്ക് പ്രത്യേകിച്ച് ഒരു സമയമില്ല എന്നതാണ് വിദഗ്ധർ പറയുന്നത്. ഓരോരുത്തരുടെയും വ്യക്തിപരമായ സമയക്രമവും ഘടകങ്ങളും അനുസരിച്ച് അവരവർക്ക് യോജിച്ച സമയത്ത് പവർ നാപ് ആകാം. ഉദാഹരണത്തിന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ജോലി ചെയ്യുന്ന ആൾക്ക് ഉച്ചയൂണിന് ശേഷമുള്ള സമയത്ത് പവർനാപ് എടുക്കാം. ഉച്ചയ്ക്ക് 12.30 നും 2 മണിക്കും ഇടയ്ക്കുള്ള സമയമാകും നല്ലത്. 

പകൽ ജോലി ചെയ്യുന്നവർക്ക് വൈകിട്ട് 4 മണിക്കുശേഷം പവർനാപ് എടുക്കുന്നത് ആരോഗ്യകരമല്ല. കാരണം പകല്‍ വൈകി മയങ്ങുന്നത് രാത്രിയിലെ ഉറക്കത്തെയും സർക്കാഡിയൻ റിഥത്തെയും ബാധിക്കും. ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്കും രാത്രി ജോലി ചെയ്യുന്നവർക്കും നേരത്തെയോ വൈകിയോ ലഘു നിദ്രയാകാം. 

ലഘുനിദ്രയുടെ ആരോഗ്യഗുണങ്ങൾ

പതിവായി ലഘുനിദ്ര (power nap) എടുക്കുന്നതു കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഓർമശക്തി മെച്ചപ്പെടുത്തും. ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. സർഗാത്മകത വർധിക്കും. ചെറുമയക്കം ഹൃദയാരോഗ്യത്തിനും നല്ലതാണ്. ഇത് ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. 

നന്നായി ഉറങ്ങുന്നത് ആളുകളെ സന്തോഷം ഉള്ളവരും ആരോഗ്യമുള്ളവരും ആക്കി മാറ്റും. ശരാശരി ഒരു മനുഷ്യന് രാത്രി 8 മണിക്കൂറിലും കുറവ് ഉറക്കമാണ് ലഭിക്കുന്നത്. ഓരോ വ്യക്തിക്കും ആവശ്യമായ ഉറക്കസമയവും വ്യത്യാസപ്പെട്ടിരിക്കും. 18 നും 60 നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് കുറഞ്ഞത് 7 മണിക്കൂർ ഉറക്കം ലഭിച്ചാൽ മതിയാകും. ഇത് രോഗപ്രതിരോധ സംവിധാനത്തെ സംരക്ഷിക്കുന്നു. കൂടാതെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ദിവസം മുഴുവനും മാനസികമായി വ്യക്തത വരുകയും ചെയ്യും. 

ഗുരുതരമായി ഉറക്കം ലഭിക്കാത്ത ആളുകൾ, അതായത് രണ്ടാഴ്ചയോ അതിലധികമോ ആയി ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത ആളുകൾക്ക് തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ മന്ദത അനുഭവപ്പെടും. ഇത് 3 ദിവസമായി ഒട്ടും ഉറങ്ങാത്ത ആളുകളുടേതിനു തുല്യമായിരിക്കും. ഇങ്ങനെയുള്ളവർക്ക് ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, പൊണ്ണത്തടി, വിഷാദം തുടങ്ങിയവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.

Content Summary: Health benefits of power nap

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS