രക്തം ധമനികളുടെ ഭിത്തികളിൽ ചെലുത്തുന്ന മർദം 120/80 mmHg എന്ന നില വിട്ട് ഉയരുന്നത് ശരീരത്തിനെ അപകടത്തിലാക്കും. പലരും ചിന്തിക്കുന്നത് രക്തസമ്മർദം പ്രായമേറുമ്പോൾ വരുന്ന ഒരു പ്രശ്നമായിട്ടാണ്. എന്നാൽ പ്രായം അല്ലാതെയുള്ള പല ഘടകങ്ങളും രക്തസമ്മർദത്തെ സ്വാധീനിക്കാം. അവയിൽ ചിലത് ഇനി പറയുന്നവയാണ്.
1. അമിതമായ ഉപ്പ്

ഉപ്പും രക്തസമ്മർദവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ശരീരത്തിന് പ്രവർത്തിക്കാൻ സോഡിയം ആവശ്യമാണ്. എന്നാൽ ഇതിന്റെ പരിധി ഉയരുന്നത് രക്തസമ്മർദത്തെ താളം തെറ്റിക്കും. പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ഉപ്പ് അമിതമായി ചേർന്നവയാണ്.
2. പുകവലി

പുകവലിക്കുന്നതും പുകവലിക്കുന്നവരുടെ സാമീപ്യത്തിലൂടെയുണ്ടാകുന്ന സെക്കൻഡ് ഹാൻഡ് സ്മോക്കും ശരീരത്തിന് അപകടമാണ്.
3. അമിതവണ്ണം

അമിതവണ്ണം രക്തസമ്മർദം മാത്രമല്ല ഉയർത്തുന്നത്. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ അപകടസാധ്യതയും ഇത് വർധിപ്പിക്കും.
4. പ്രമേഹം

പ്രമേഹമുള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഉയർന്നരക്തസമ്മർദവും ഹൃദ്രോഗ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത നാല് മടങ്ങ് അധികമാണ്. പ്രമേഹരോഗികളിൽ മൂന്നിൽ രണ്ടു പേർക്ക് 130/ 88 mmHg ലും ഉയർന്ന തോതിൽ രക്തസമ്മർദം ഉണ്ടായിരിക്കുമെന്ന് ജോൺ ഹോപ്കിൻസ് മെഡിസിൻ വെബ്സൈറ്റും ചൂണ്ടിക്കാട്ടുന്നു.
5. മദ്യപാനം

മദ്യപാനം ഏതളവിലാണെങ്കിലും ശരീരത്തിന് ഹാനികരമാണ്. രക്തസമ്മർദത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.
6. അലസ ജീവിതശൈലി

വ്യായാമമോ, ശാരീരിക അധ്വാനമോ ഇല്ലാത്ത അലസമായ ജീവിതശൈലി രക്തസമ്മർദം ഉൾപ്പെടെ പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തും.
7. ഉറക്കമില്ലായ്മ

ശരീരത്തിന് വിശ്രമം നൽകുകയും പ്രവർത്തിക്കാനുള്ള ഊർജം നൽകുകയും ചെയ്യുന്ന ഒന്നാണ് ഉറക്കം. കുറഞ്ഞത് ഏഴു മുതൽ എട്ട് മണിക്കൂർ തുടർച്ചയായ ഉറക്കം ഓരോ വ്യക്തിക്കും ആവശ്യമാണ്. ആവശ്യത്തിന് ഉറക്കമില്ലാത്ത അവസ്ഥ സമ്മർദതോത് വർധിപ്പിച്ച് ഉയർന്ന രക്തസമ്മർദത്തിന് കാരണമാകും.
Content Summary: 7 causes of high blood pressure which are not due to age