വയറ്റില്‍ നിന്ന് പോകുന്നതിലെ ഈ ആറ് മാറ്റങ്ങള്‍ കൊളോറെക്ടല്‍ അര്‍ബുദത്തിന്‍റേതാകാം

bowel movement
Photo Credit: bymuratdeniz/ Istockphoto.com
SHARE

വയറ്റില്‍ നിന്ന് പോകുന്നത് ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണ്. ഇതില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പലരും പലപ്പോഴും ഗ്യാസിന്‍റെ പ്രശ്നമായി കണ്ട് അവഗണിക്കാറുണ്ട്. എന്നാല്‍ വയറ്റില്‍ നിന്ന് പോകുന്നതിന്‍റെ രീതിയിലും ആവൃത്തിയിലുമെല്ലാം വരുന്ന മാറ്റങ്ങള്‍ കോളോറെക്ടല്‍ അര്‍ബുദം പോലുള്ള ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം. 

വന്‍കുടലിന്‍റെ ഭാഗമായ കോളോണിലും റെക്ടത്തിലുമെല്ലാം പ്രത്യക്ഷമായി പിന്നീട് മറ്റിടങ്ങളിലേക്ക് പടരുന്ന അര്‍ബുദമാണ് കോളോറെക്ടല്‍ അര്‍ബുദം. ഇത് ഏത് പ്രായക്കാരെയും ബാധിക്കാമെങ്കിലും അടുത്ത കാലത്തായി യുവാക്കളില്‍ ഈ അര്‍ബുദം നിര്‍ണയിക്കപ്പെടുന്നതിന്‍റെ തോത് വര്‍ധിച്ചിട്ടുണ്ടെന്ന് ബെംഗളൂരു സ്പന്ദന ഓങ്കോളജി സെന്‍ററിലെ സീനിയര്‍ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. സതീഷ് സി.ടി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ  പറയുന്നു. ഇനി പറയുന്ന ആറ് ലക്ഷണങ്ങള്‍ കോളോറെക്ടല്‍ അര്‍ബുദത്തിന്‍റെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. 

1. വയറ്റില്‍ നിന്ന് പോകുമ്പോൾ  നിരന്തര വേദന

വയറിലോ അടിവയറ്റിലോ കുടലിന്‍റെ ഭാഗത്തോ ഒക്കെ വരുന്ന വേദന കോളോറെക്ടല്‍ അര്‍ബുദ ലക്ഷണമാണ്. കുടലില്‍ മുഴകളുണ്ടായി മലം കടന്ന് പോകാനാവാത്ത അവസ്ഥ വരുന്നതാണ് വേദനയ്ക്ക് കാരണമാകുന്നത്. 

2. രക്തസ്രാവം

വയറ്റില്‍ നിന്ന് പോകുമ്പോൾ  സ്ഥിരം രക്തസ്രാവം ഉണ്ടാകുന്നതും അര്‍ബുദ ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കാതെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. 

3. അതിസാരം

അതിസാരം പല രോഗങ്ങളുടെയും ഭാഗമായി പ്രത്യക്ഷപ്പെടാം. എന്നാല്‍ രോഗികളില്‍ ക്ഷീണമുണ്ടാക്കുന്ന തരം  വിട്ടുമാറാത്ത അതിസാരം അര്‍ബുദത്തിന്‍റെ സൂചന നൽകുന്നു.

4. മലബന്ധം

കുടലിലുണ്ടാകുന്ന മുഴകള്‍ മലത്തിന്‍റെ സ്വാഭാവികമായ നീക്കത്തെ തടസ്സപ്പെടുത്തുകയും മലബന്ധത്തിന് കാരണമാകുകയും ചെയ്യുന്നു. ഇതും കോളോണ്‍ അര്‍ബുദത്തിന്‍റെ പ്രാഥമിക ലക്ഷണങ്ങളില്‍ ഒന്നാണ്. 

5. വീതി കുറഞ്ഞ മലം

ഒരു പേനയുടെയോ സ്റ്റിക്കിന്‍റെയോ അത്ര വീതി കുറഞ്ഞ മലവും വന്‍കുടലിലെ ബ്ലോക്കിന്‍റെ ലക്ഷണമാണ്. എന്നാല്‍ ഈ രോഗലക്ഷണവും അമിതമായ ഫാസ്റ്റ് ഫുഡ് തീറ്റയുടെയും അലസ ജീവിതശൈലിയുടെയും ഫലമായി ഉണ്ടാകുന്നതാണെന്ന് കരുതി പലരും അവഗണിക്കാറുണ്ട്. 

6. വയറ്റില്‍ നിന്ന് പോയിട്ടും അസ്വസ്ഥത

കുടലിലെ അര്‍ബുദ മുഴകള്‍ ചിലര്‍ക്ക് വയറ്റില്‍ നിന്ന് പോയിട്ടും വയര്‍ പൂര്‍ണമായും ഒഴിഞ്ഞ തോന്നല്‍ നല്‍കില്ല. ഇത് മൂലം എപ്പോഴും വയറ്റില്‍ നിന്ന് പോകണമെന്നുള്ള തോന്നല്‍ ഉണ്ടാകും. ടെനസ്മസ് എന്നാണ് അസ്വസ്ഥകരമായ ഈ തോന്നലിനെ വിളിക്കുന്നത്. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ  മനംമറിച്ചില്‍, കുറഞ്ഞ ഹീമോഗ്ലോബിന്‍, വിശദീകരിക്കാനാവാത്ത ക്ഷീണം പോലുള്ള ലക്ഷണങ്ങളും കുടലിലെ അര്‍ബുദം ഉണ്ടാക്കാം. നല്ല ഭക്ഷണശീലങ്ങളും നേരത്തെയുള്ള രോഗനിര്‍ണയവും കൃത്യമായ ചികിത്സയും സജീവ ജീവിതശൈലിയും വഴി കോളോ റെക്ടല്‍ അര്‍ബുദത്തെ ചെറുത്ത് തോല്‍പ്പിക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

Content Summary: 6 changes in bowel movements that signal towards Colorectal cancer

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS