ADVERTISEMENT

‘മാത്യു മിടുക്കനായ ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു. പക്ഷേ കളിക്കിടയിലുണ്ടായ ഒരു ചെറിയ അപകടത്തെ തുടർന്ന് കുറേനാൾ റസ്റ്റ് എടുക്കേണ്ടതായി വന്നു. വളരെ ചുറുചുറുക്കുള്ള കളിക്കാരനായതിനാൽ അധികം നാൾ കട്ടിലിൽതന്നെ കിടക്കാൻ അവനു മനസ്സില്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് തന്റെ മുറിയിലിരിക്കുന്ന റുബിക്സ് ക്യൂബ് അവന്റെ ശ്രദ്ധയിൽ പെടുന്നത്. പിന്നീട് അത് എങ്ങനെ സോൾവ് ചെയ്യാം എന്നതായി അവന്റെ മനസ്സിൽ. അങ്ങനെ തന്റെ നിരന്തരമായ പ്രയത്‌നം കൊണ്ട് അവന് അത് സാധിക്കുക തന്നെ ചെയ്തു. അതിനുശേഷം അദ്ദേഹം പലതരം മൈൻഡ് ഗെയിമുകൾ ചെയ്യാനും ബുദ്ധിമുട്ടുള്ള പസിലുകൾ ചെയ്യാനും തുടങ്ങി. പിന്നീട് 2 മാസത്തെ വിശ്രമത്തിനു ശേഷം, അവൻ മെച്ചപ്പെട്ട വേഗതയും റിഫ്ലെക്സുകളും  വികസിപ്പിച്ചെടുക്കുകയും മുമ്പത്തേക്കാൾ നന്നായി ഫുട്ബോൾ കളിക്കാൻ സാധിക്കുകയും ചെയ്തു.  ഇത്തരത്തിലുള്ള പ്രതിഭാസം പലർക്കും അവരുടെ ദൈനംദിന ജീവിതത്തിൽ അനുഭവപ്പെടാറുണ്ട്. പുതിയ കഴിവുകൾ വികസിപ്പിക്കുകയോ പഠിക്കുകയോ ചെയ്തതിനു ശേഷം അവർ അവരുടെ ജോലിയിൽ കൂടുതൽ മെച്ചപ്പെടുന്നു.’

പുതിയ കാര്യങ്ങൾ പഠിക്കുന്നത് നമ്മുടെ തലച്ചോറിനെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് നോക്കാം:-

ഒരു വ്യക്തിക്ക്  ഒരു പുതിയ വൈദഗ്ധ്യം പഠിക്കുന്നത്  മസ്തിഷ്ക ആരോഗ്യത്തിന് അനന്തമായി പ്രയോജനകരമാകുമെന്ന് ധാരാളം ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഡിമെൻഷ്യ, മസ്തിഷ്ക ക്ഷതം ( Brain Atrophy)  എന്നിവ പോലും കുറയ്ക്കാൻ  കഴിയും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

നമ്മുടെ മസ്തിഷ്കത്തിന് പ്രായത്തിനനുസരിച്ച് പഠിക്കാനും വളരാനുമുള്ള കഴിവുണ്ട് - Neuroplasticity  എന്ന് അതിനെ വിളിക്കുന്നു. ഒരു ഭാഷയോ അല്ലെങ്കിൽ മ്യൂസിക് ഉപകാരണമോ ചെറുപ്പകാലത്തു പഠിക്കുന്നത് തലച്ചോറിന്റെ വളർച്ചയെ സഹായിക്കുമെന്നു മാത്രമല്ല പ്രായമാവുമ്പോൾ അവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കഴിയും. വെല്ലുവിളി നിറഞ്ഞ എന്തെങ്കിലും പഠിക്കുന്നതിലൂടെ നമ്മുടെ മസ്തിഷ്കം സജീവമായി നിലനിൽക്കുകയും  തലച്ചോറിന്റെ വേഗതയും പ്രോസസ്സ് ചെയ്യാനുള്ള കഴിവു മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ പുതിയ  കഴിവുകൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത വളരെ പ്രധാനമാണ്. പുതിയതും വെല്ലുവിളി നിറഞ്ഞതുമായ ഒരു പ്രവർത്തനം പരിശീലിക്കുന്നത് വൈജ്ഞാനിക കഴിവുകൾ കെട്ടിപ്പടുക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഒരു നല്ല പ്രക്രിയയാണ്.  നമ്മുടെ അഭിനിവേശമോ കഴിവുകളോ അനുസരിച്ച് പുതിയ കഴിവുകൾ പഠിക്കാൻ ശ്രമിക്കുകയാണെങ്കിൽ, തലച്ചോറിൽ  പോസിറ്റീവ് ഫലം പലമടങ്ങ് ആയിരിക്കും. നമ്മുടെ തലച്ചോറിന്റെ  ശക്തി പ്രദേശങ്ങൾ നമ്മുടെ അഭിനിവേശത്തിലൂടെയോ കഴിവുകളിലൂടെയോ   മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടാണ് നമുക്കുള്ള  ജന്മസിദ്ധമായ  കഴിവുകളെ നാം പരിപോഷിപ്പിക്കേണ്ടത്. ചുരുക്കത്തിൽ "ബ്രെയിൻ വർക്ക്ഔട്ട് " എന്നത് കൂടുതൽ കൂടുതൽ പുതിയ കഴിവുകൾ പഠിക്കുകയും നേടുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു.

 

നിങ്ങൾ ഏത് പുതിയ പ്രവർത്തനം തിരഞ്ഞെടുത്താലും, മസ്തിഷ്ക പരിശീലനം പരമാവധിയാക്കുന്നതിന് ഇനി പറയുന്ന നാല് മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക:

∙ അഭിനിവേശത്തിനോ താൽപ്പര്യത്തിനോ അനുസരിച്ച് നമ്മൾ പഠിക്കാൻ ആഗ്രഹിക്കുന്ന കഴിവുകൾ തിരഞ്ഞെടുക്കുക.. നാം കൂടുതൽ കൂടുതൽ കഴിവുകൾ നേടിയെടുക്കുന്തോറും അത് നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തിന് കൂടുതൽ ഗുണം ചെയ്യും.

∙ വെല്ലുവിളികളെ സ്വീകരിക്കുക  

നമ്മുടെ തലച്ചോറ് വികസിക്കുന്നതു പുതിയ വെല്ലുവിളികൾ നേരിടുമ്പോഴാണ്. അങ്ങനെ നമ്മൾ കൂടുതൽ കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കുമ്പോൾ, സ്വയമേവ നമ്മുടെ മസ്തിഷ്കം ശക്തി പ്രാപിച്ചുകൊണ്ടേയിരിക്കുന്നു

∙ സങ്കീർണത 

ഒരു സങ്കീർണമായ പ്രവർത്തനം ആവേശം മാത്രമല്ല, പ്രശ്‌നപരിഹാരവും ക്രിയാത്മക ചിന്തയും പോലുള്ള പ്രത്യേക ചിന്താ പ്രക്രിയകളിൽ പ്രവർത്തിക്കാൻ നമ്മുടെ തലച്ചോറിനെ പ്രേരിപ്പിക്കുന്നു. സൈക്കോളജിക്കൽ സയൻസിൽ  നടത്തിയ ഒരു പഠനത്തിൽ, 60-നും 90-നും ഇടയിൽ പ്രായമുള്ള മുതിർന്നവർ, ഡിജിറ്റൽ ഫോട്ടോഗ്രാഫി അല്ലെങ്കിൽ ക്വിൽറ്റിംഗ് പോലെയുള്ള പുതിയതും സങ്കീർണവുമായ പ്രവർത്തനങ്ങൾ ചെയ്യുന്നവർ, വായനയും ക്രോസ്‍വേഡ് പസിലുകൾ പോലുള്ള കൂടുതൽ പരിചിതമായ പ്രവർത്തനങ്ങൾ ചെയ്യുന്നവരെക്കാളേറെ,  ദീർഘകാല മെമ്മറി ടെസ്റ്റുകളിലും മികച്ച സ്കോർ നേടിയതായി കണ്ടെത്തി. 

∙ തുടർച്ചയായ പരിശീലനം ശീലമാക്കുക

പരിശീലനം എന്നത് ശാശ്വതമായ ഒരു സംഭവമാണ്. അത് തലച്ചോറിന്റെ പ്രവർത്തനത്തിന് ഉത്തേജനം നൽകുന്നു. എത്രതന്നെ ഒരു കാര്യത്തിൽ പരിശീലനം നേടാൻ സാധിക്കുന്നുവോ അത്രതന്നെ നമ്മുടെ തലച്ചോറ് പ്രവർത്തനക്ഷമമാവുകയും കൂടുതൽ മെച്ചപ്പെടുകയും ചെയ്യുന്നു.

 

ഒരു പുതിയ വൈദഗ്ധ്യം പഠിക്കുന്നതിന്റെ മാനസികാരോഗ്യ നേട്ടങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം?

∙ തലച്ചോറിന്റെ ആരോഗ്യവും ഓർമശക്തിയും മെച്ചപ്പെടുത്തുന്നു

ഒരു പുതിയ വൈദഗ്ധ്യം പഠിക്കുന്നത് തലച്ചോറിന്റെ ശാരീരിക ഘടനകളെ മാറ്റുമെന്ന് ന്യൂറോ സയന്റിസ്റ്റുകൾ പറയുന്നു. തലച്ചോറിലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നതിലൂടെ, കൂടുതൽ ന്യൂറൽ പാതകൾ രൂപം കൊള്ളുന്നു; കൂടുതൽ പാതകൾ രൂപപ്പെടുമ്പോൾ, ഉത്തേജകങ്ങൾക്കു വേഗത്തിൽ  സഞ്ചരിക്കാനാകുന്നു. 

ഇത് തലച്ചോറിലെ മൈലിൻ വർധിപ്പിക്കുന്നു. (മൈലിൻ ആക്സോണുകളിലേക്കും ന്യൂറോണുകളിലേക്കും ഒരു കോട്ടിംഗായി പ്രവർത്തിക്കുന്നു) എന്തെങ്കിലും പഠിക്കാൻ നമ്മൾ എത്രത്തോളം പരിശീലിക്കുന്നുവോ അത്രത്തോളം മൈലിൻ സാന്ദ്രമായിത്തീരുന്നു. ഇത് മികച്ചതും വേഗത്തിലും പഠിക്കാൻ നമ്മെ സഹായിക്കുന്നു.

കൂടുതൽ മൈലിൻ ഉപയോഗിച്ച് കൂടുതൽ ന്യൂറൽ പാതകൾ രൂപം കൊള്ളുന്നു. കൂടുതൽ വിവരങ്ങൾ പ്രോസസ്സ് ചെയ്യുമ്പോൾ വൈദ്യുത പ്രേരണകളെ വേഗത്തിൽ സഞ്ചരിക്കാൻ ഇത് അനുവദിക്കുന്നു, അതായത്  വിവരങ്ങൾ പ്രോസസ്സ് ചെയ്യാനും വേഗത്തിൽ നൈപുണ്യമുണ്ടാക്കാനും കഴിയും. കൂടുതൽ പഠിക്കുന്തോറും കൂടുതൽ വഴികൾ ഉൽപാദിപ്പിക്കപ്പെടുന്നു, അതോടൊപ്പം നമ്മുടെ മസ്തിഷ്കം വേഗത്തിൽ പ്രതികരിക്കുകയും ചെയ്യുന്നു.

 

പ്രായം ചെല്ലുംതോറും നമ്മൾ കൂടുതൽ പഠിക്കുന്നത് വാർധക്യത്തിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമാണ്. കാരണം അത് 'Neuroplasticity' (പുതിയ ന്യൂറൽ പാതകൾ വികസിപ്പിക്കാനുള്ള തലച്ചോറിന്റെ കഴിവ്)  പ്രോത്സാഹിപ്പിക്കുന്നു. ഇത് ഡിമെൻഷ്യയെ ഒരു പരിധി വരെ അകറ്റി നിർത്താൻ സഹായിക്കുന്നു.

 

∙ മാനസിക സുഖവും സന്തോഷവും വർധിപ്പിക്കുന്നു

പുതിയ എന്തെങ്കിലും പഠിക്കുന്നത് നമ്മളെ കൂടുതൽ രസകരമായ ഒരു വ്യക്തിയാക്കുന്നു. അറിവ്, ആത്മവിശ്വാസം വർധിക്കുന്നു. ഇത് നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ബന്ധങ്ങളെ കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുന്നു. അതിന് നമ്മുടെ ആത്മാഭിമാനം വർധിപ്പിക്കാനും ലക്ഷ്യബോധം നൽകാനും സാധിക്കുന്നു. ഇത് തലച്ചോറിലെ ഡോപാമൈൻ എന്ന രാസവസ്തുവിന്റെ പ്രകാശനം സജീവമാക്കുകയും നമ്മളിലെ ഊർജ നിലയും പ്രതിരോധശേഷിയും വർധിപ്പിക്കുകയും ചെയ്യുമ്പോൾ ദൈനംദിന ജീവിതത്തിലെ സമ്മർദം നേരിടാൻ അത് നമ്മളെ സഹായിക്കുന്നു.

 

∙ മറ്റുള്ളവരുമായിട്ടുള്ള ബന്ധം വളർത്തുന്നു

ഒരു പുതിയ വൈദഗ്ധ്യം കരസ്ഥമാക്കുന്നതു നമ്മുടെ സാമൂഹിക കഴിവുകൾ മൂർച്ചയുള്ളതാക്കാൻ സഹായിക്കുന്നു. നമുക്ക് ഓരോ വെല്ലുവിളികളെ നേരിടുവാനും പ്രായമാകുമ്പോൾ സംഭവിക്കുന്ന  സാമൂഹിക ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടുവാനും ഇത് സഹായിക്കുന്നു. 

അതായത് ഇത് നമ്മെ  കംഫർട്ട് സോണിൽ നിന്ന് പുറത്താക്കുകയും പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ നമ്മെ വെല്ലുവിളിക്കുകയും ചെയ്യുന്നു.  മാറ്റങ്ങളുമായി പൊരുത്തപ്പെടാനും പുതിയ കഴിവുകൾ നേടാനും കൂടുതൽ കൂടുതൽ ആളുകളെ സ്വാധീനിക്കാൻ  സാധിക്കുമെന്ന അവസ്ഥയിൽ തൊഴിൽപരമായി മുന്നേറാൻ നമ്മെ സഹായിക്കുന്നു.

 

∙ നമ്മളിലെ പ്രസക്തി നിലനിർത്തുന്നു

ആധുനിക ലോകം ഒരു ബ്രേക്ക്-നെക്ക് സ്പീഡിൽ നീങ്ങുന്നു എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഇക്കാരണത്താൽ ഒന്നുകിൽ നമ്മൾ ഒഴുക്കിനൊപ്പം മുന്നോട്ടു പോവുകയോ അല്ലെങ്കിൽ പിന്തള്ളപ്പെടുകയോ ചെയ്തേക്കാം. അതുകൊണ്ടാണ് പഠനത്തിലൂടെയും കോഴ്സുകളിലൂടെയും പ്രൊഫഷണൽ വികസനം അനിവാര്യമായത്. 

 

എന്താണ് പഠിക്കേണ്ടതെന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടെങ്കിൽ അൽപ്പം ആത്മപരിശോധന നടത്തുക: കുട്ടിക്കാലം മുതൽ നിങ്ങൾക്ക് എപ്പോഴും താൽപ്പര്യമോ അഭിനിവേശമോ എന്തിനോടായിരുന്നു? 

 

പുതിയതും ആവേശകരവുമായ എന്തെങ്കിലും പഠിക്കുന്നതിലെ സംതൃപ്തി, ഒരു ഹോബി എന്ന നിലയിലായാലും നിങ്ങളുടെ കരിയറിനായാലും തീർച്ചയായും നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും നൽകുന്നു.

 

വാർധക്യത്തിൽ ഇത് എങ്ങനെ സഹായിക്കും?

പ്രായത്തിനനുസരിച്ച് മൈലിൻ സ്വാഭാവികമായും കുറയുന്നു, ഇത് പിന്നീട് ജീവിതത്തിൽ വെല്ലുവിളി നിറഞ്ഞ കഴിവുകൾ ഏറ്റെടുക്കുന്നത് എന്തുകൊണ്ട് ബുദ്ധിമുട്ടാണെന്ന് വിശദീകരിക്കുന്നു. മസ്തിഷ്കം ഏത് പ്രായത്തിലും വളരാൻ സാധിക്കുന്നു.  പ്രായമാകുമ്പോൽ ഒരു പുതിയ വൈദഗ്ധ്യം പഠിക്കുന്നത് മൈലിൻ വീണ്ടും വളരാനും അതുവഴി  മസ്തിഷ്ക ശക്തി മെച്ചപ്പെടുത്താനും അനുവദിക്കുന്നു.

മസ്തിഷ്ക കോശങ്ങളുടെയും കേന്ദ്ര നാഡീവ്യൂഹങ്ങളുടെയും വർധിച്ചുവരുന്ന അപചയത്തിൽ അൽസ്ഹൈമേഴ്‌സ്, ഡിമെൻഷ്യ എന്നിവയിലും ഡിമെയിലിനേഷൻ ഉണ്ടെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഈ രീതിയിൽ, മസ്തിഷ്ക പരിശീലനത്തിലൂടെയും  കഴിവുകളെ വെല്ലുവിളിക്കുന്നതിലൂടെയും മൈലിൻ വളർച്ചയെ സഹായിക്കുന്നതിലൂടെ ഡിമെൻഷ്യ ഒരു പരിധി വരെ ഒഴിവാക്കാനും മെമ്മറി മെച്ചപ്പെടുത്താനും കഴിയുമെന്ന് പല ഗവേഷകരും വിശ്വസിക്കുന്നു.

ഓർക്കുക - വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ശരീരബലം വർധിക്കുന്നതുപോലെ, തലച്ചോറിനെ എത്രതന്നെ ഉപയോഗിക്കുന്നുവോ അത്ര തന്നെ അതിന്റെ ശക്തി വർധിക്കുന്നു.

Content Summary: Brain Workout and Memory power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com