ADVERTISEMENT

യുഗങ്ങൾക്കപ്പുറം ആണുങ്ങൾ മാത്രം താമസിച്ചിരുന്ന ഒരു ഗ്രഹം ഉണ്ടായിരുന്നു. Mars എന്നായിരുന്നു അതിന്റെ  പേര്. അവിടുത്തെ ആണുങ്ങൾ തങ്ങളുടെ ദൂര ദർശിനിയിലൂടെ ആകാശത്തേക്ക് നോക്കി പഠനം നടത്തിക്കൊണ്ടിരുന്ന ഒരു ദിവസമാണ് അപ്രതീക്ഷിതമായി പുതിയ ഒരു ഗ്രഹത്തെ കണ്ടെത്തിയത്. തങ്ങളിൽ നിന്നു വ്യത്യസ്തരായ ഒരു കൂട്ടം ആളുകളുള്ള വളരെ സുന്ദരമായ ആ ഗ്രഹത്തിന്റെ പേര് venus എന്നായിരുന്നു അവർ മനസ്സിലാക്കി. പെണ്ണുങ്ങൾ മാത്രം താമസിക്കുന്ന ഒരു ഗ്രഹം ആയിരുന്നു venus.

 

വ്യത്യസ്തവും വിചിത്രവുമായ സ്വഭാവങ്ങളുള്ള ആണുങ്ങളും പെണ്ണുങ്ങളും പ്രകാശവർഷങ്ങൾക്കപ്പുറത്തിരുന്നു സന്ദേശങ്ങൾ കൈമാറി. പരസ്പരം അടുത്തു,ഒടുവിൽ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. അതിനു വേണ്ടി തന്നെ സ്പേസ് ഷിപ്പുകൾ അവർ കണ്ടു പിടിച്ചു. തേജോമയമായ പ്രപഞ്ചത്തിന്റെ ഒരു കോണിൽ നീലക്കടലും പച്ചക്കുന്നുകളും പൂക്കളും പക്ഷിമൃഗാദികളുമുള്ള സുന്ദരമായ ഭൂമിയിൽ വന്നു താമസിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ ഒരു നാൾ അവർ ഭൂമിയിൽ വന്നു താമസം തുടങ്ങി. ദിവസങ്ങളും മാസങ്ങളും കടന്നു പോയി. പരസ്പരം അറിയാനും കൂടുതൽ സ്നേഹിക്കാനും അവർ പഠിച്ചു. സുന്ദര സുരഭിലമായി കാലംമുന്നോട്ടൊഴുകി. രണ്ടു തരം സ്വഭാവങ്ങൾ ഉള്ള, രണ്ടു വ്യത്യസ്‍തമായ ചിന്താ ധാരകളുള്ള രണ്ടു സ്പീഷീസ് ആളുകൾ അവരുടെ വ്യത്യാസങ്ങൾ അറിഞ്ഞു കൊണ്ട് വർഷങ്ങളോളം ജീവിതം മനോഹരമായി മുന്നോട്ടു കൊണ്ടുപോയി. അങ്ങനെ ഇരിക്കെയാണ് അത് സംഭവിച്ചത്, ഒരു സുപ്രഭാതത്തിൽ അവർ ഉറങ്ങി എണീറ്റപ്പോൾ ഗുരുതരമായ ഒരു മറവി രോഗം രണ്ടു കൂട്ടരെയും ബാധിച്ചു. 

 

എല്ലാവർക്കും ഒരു പോലെ ചില പ്രത്യേക കാര്യങ്ങൾ മാത്രം മറന്നു പോകുന്ന സെലെക്ടിവ് അമ്‌നേഷ്യ(selective amnesia)ആയിരുന്നു ആ രോഗം. രണ്ടു കൂട്ടരും രണ്ടു വ്യത്യസ്ത ഗ്രഹങ്ങളിൽ നിന്നു വന്ന, എല്ലാ തരത്തിലും വ്യത്യസ്ത സ്വഭാവങ്ങളുള്ള, രണ്ടു സ്പീഷീസുകളാണ് എന്ന കാര്യം അവർ മറന്നേപോയി. തുടക്കത്തിൽ പരസ്പരം വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞു സ്നേഹിച്ച അവർ ആ പ്രഭാതം മുതൽ ഇന്നത്തെ പോലെ ആയി. ആണുങ്ങളും പെണ്ണുങ്ങളും വിചിത്രങ്ങളും വ്യത്യസ്തങ്ങളുമായ സ്വഭാവ സവിഷേതകളുള്ളവരാണെന്നുള്ള ആ തിരിച്ചറിവ് മറന്നു പോയപ്പോഴാണ് അവർക്കിടയിൽ പ്രശ്നങ്ങൾ തുടങ്ങിയത്. അതിന്നും തുടരുന്നു! ജോൺ ഗ്രേയുടെ മനോഹരമായ ഈ ഭാവന യോടെ ആണ് ഈ ബുക്ക് തുടങ്ങുന്നത് “Men are from Mars, Women are from Venus”എന്ന വളരെ പ്രശസ്തമായ പുസ്തകം ആണത്.

 

ശരിയാണല്ലേ ? നമ്മൾ അത് തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ഇപ്പോഴും  ആ മറവി രോഗത്തിന്റെ പിടിയില്‍ തന്നെ ആണ് നമ്മൾ. ഒരിക്കൽ തലച്ചോറിലെ മുഴ നീക്കം ചെയ്യുന്ന സർജറിക്കു ശേഷം ഡിസ്‌ചാർജു ചെയ്യാൻ ഒരുങ്ങിയപ്പോൾ എന്റെ കൈയിൽ മുറുകെ പിടിച്ചു പൊട്ടിക്കരഞ്ഞ ഒരു പെൺകുട്ടിയെ കുറിച്ചാണ് ഞാൻ ഇന്ന് ഓർത്തത്. വിവാഹം കഴിഞ്ഞിട്ടു വളരെ കുറച്ചു മാസങ്ങൾ മാത്രം. തലച്ചോറിന്റെ വലതു വശത്തു വളർന്ന ഒരു മുഴ അവളുടെ ഇടതു വശത്തെ തളർത്തുന്നുണ്ടായിരുന്നു. കൈകാലുകൾക്കു ബലക്കുറവും ശക്തിയായ തലവേദനയും വന്നപ്പോഴാണ് അവൾ ഒരു സ്കാനിങ് എടുത്തു നോക്കാൻ തീരുമാനിച്ചത്‌. എല്ലാ കാര്യത്തിലും അവൾക്കു കൂട്ടായി നിന്ന ഭർത്താവിനെ ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരു പാവം മനുഷ്യൻ. സർജറിക്ക്‌ ശേഷം അവളുടെ ബലക്കുറവ് മാറി എങ്കിലും ശക്തിയായി നിന്ന തലവേദന മാറുന്നുണ്ടായിരുന്നില്ല. അതുമൂലം അവൾ ആകെ പരവശ ആയിരുന്നു, കൂടെ ഭർത്താവും. ആ തലവേദന കുറയാൻ ഒരാഴ്ചയിൽ കൂടുതൽ എടുത്തു. ഡിസ് ചാര്‍ജ്  ആയ ദിവസം ഞാൻ നോക്കിയപ്പോൾ അവളുടെ അടുത്തു ഭർത്താവിനെ കണ്ടില്ല. "ഹസ്ബൻഡ്‌ എവിടെ "? ഞാൻ ചോദിച്ചു. അപ്പോഴാണ് അവൾ എന്റെ കൈ പിടിച്ചു പൊട്ടിക്കരഞ്ഞത് " ഞാൻ പറയുന്നതൊന്നും അദ്ദേഹം കേൾക്കുന്നില്ല സർ, എന്നെ ഒട്ടും ഇഷ്ടമില്ല എന്നാണ്‌ എനിക്ക് തോന്നുന്നത്. എങ്ങനെ ആകും സർ ? ഞാൻ മരിച്ചു പോകും എന്നാ എനിക്ക് തോന്നുന്നത്". ഒന്നും പേടിക്കാനില്ല എന്ന് പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചെങ്കിലും ഭർത്താവിനോടൊന്നു സംസാരിക്കണം എന്ന് എനിക്ക് തോന്നി. ഒപിയിൽ വച്ച് അദ്ദേഹത്തോട് വിവരങ്ങൾ തിരക്കിയപ്പോൾ സങ്കടത്തോടെ ആ ഭർത്താവ് തന്റെ മനസ്സു തുറന്നു. "സർ, ഞാൻ പറയുന്നതൊന്നും അവൾ ചെയ്യുന്നില്ല .. തലവേദന മാറുന്നില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ ആ മൊബൈൽ ഒന്ന് മാറ്റി വക്കാൻ പറഞ്ഞു ..അപ്പോൾ തുടങ്ങിയ പ്രശ്നമാണ് sir..ഒന്ന് പതുക്കെ നടക്കാൻ പറഞ്ഞാൽ അവൾ കേൾക്കില്ല. എപ്പോഴും ഞാൻ അവളുടെ അടുത്തിരിക്കണം, അതു നടക്കുമോ സർ" 

 

ഇത് കേട്ടപ്പോഴാണ് ഞാൻ വിവിധ ഗ്രഹങ്ങളിൽ ഒരു കാലത്തു താമസിച്ചിരുന്ന ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കഥ ഓർത്തത്. സ്ത്രീകൾ എപ്പോഴെങ്കിലും പരാതികൾ പറയുമ്പോൾ ഒരിക്കലും അവർ അതിന്റെ സൊല്യൂഷൻസ്, അത് പരിഹരിക്കാനുള്ള പോം വഴികളല്ല തെരയുന്നത്‌, മറിച്ച് അവരുടെ അടുത്തിരുന്ന് അത് കേൾക്കാനുള്ള ഒരു മനസ്സാണ്. ഇത് വീനസ്  ഗ്രഹത്തിലെ നിയമം ആണ്. എന്നാൽ ആണുങ്ങൾ എപ്പോഴും അവരുടെ പരാതിയായി പറയുന്നതെന്താണ് ?സ്ത്രീകൾ എല്ലായ്‌പോഴും അവരെ തിരുത്താനും മാറ്റാനും ശ്രമിക്കുന്നു എന്നാണ്‌.

 

ആണുങ്ങൾ സ്ത്രീകൾ പറയുന്ന ഒരു പരാതി കേട്ടാലുടനെ ചെയ്യുന്നതെന്താണ് ?

ഉടൻ തന്നെ തന്നെ അതിനു പരിഹാരം കാണാൻ ശ്രമിക്കും. അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ തുടങ്ങിയ നിർദേശങ്ങൾ കൊടുക്കും. മറിച്ചു മനസ്സ് തുറന്ന് അവരുടെ പരാതികൾ ശ്രദ്ധാപൂർവം കേട്ടുകൊണ്ടിരിക്കുന്ന ഒരാളെ ആയിരിക്കും അവർ പ്രതീക്ഷിക്കുന്നത് എന്നതാണ് സത്യം. എപ്പോഴും തന്നെ നിയന്ത്രിക്കുന്ന, മാറ്റാൻ  ശ്രമിക്കുന്ന  ഒരാളെ അല്ല ഭർത്താവും പ്രതീക്ഷിക്കുന്നത്. ഇത് Mars ലെ നിയമം ആണ്. മനസ്സ് തുറന്നുള്ള ഒരു പരിഗണന മാത്രമായിരിക്കും ഭൂരിപക്ഷം ആണുങ്ങളും ആഗ്രഹിക്കുന്നത്. ജീവിത വിജയത്തിന്റെ ഈ ചെറിയ ഉപദേശം രണ്ടു പേർക്കും കൊടുത്തപ്പോൾ അവർ പരസ്പരം കൂടുതൽ മനസ്സിലാക്കി സ്നേഹത്തോടെ ആണ് അന്ന് വീട്ടിലേക്കു പോയത്. വർഷങ്ങൾക്കു ശേഷം പരിശോധനക്കായി കുട്ടികളോടൊപ്പം ഒപിയിൽ എത്തിയപ്പോൾ ഞങ്ങൾ പഴയ ആ കഥകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു.

 

ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും സ്വഭാവ വ്യത്യാസങ്ങളെ നിയന്ത്രിക്കുന്നതാരാണ് ?

കോടാനുകോടി നാഡികളാൽ നിർമിക്കപ്പെട്ട,  ഇതു വരെയും തിരിച്ചറിയപ്പെടാത്ത നിഗൂഢങ്ങളായ കഥകളുടെ സാഗരമായ നമ്മുടെ തലച്ചോറ് തന്നെയാണത്. നിർമാണത്തിന്റെ ഘടനയിലോ നാഡികളുടെ എണ്ണത്തിലോ ഒന്നും ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും തലച്ചോർ വ്യത്യസ്തമല്ല തന്നെ. പക്ഷേ ഒരു കംപ്യൂട്ടറിനുള്ളിൽ വിവരങ്ങൾ ശേഖരിക്കുന്നത് പോലെ അല്ല തലച്ചോറിൽ വിവരങ്ങൾ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത്. ഓർമകളെ തരം തിരിച്ചു സൂക്ഷിക്കുന്നതും വികാരങ്ങളെ നിയന്ത്രിക്കുന്നതും മുഖങ്ങളെ തിരിച്ചറിയുന്നതും പ്രശ്നങ്ങളെ നേരിടുന്നതും തീരുമാനങ്ങൾ എടുക്കുന്നതും എല്ലാം ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വ്യത്യസ്തമായ രീതികളിലാണ്. എന്തുകൊണ്ട് ഈ വ്യത്യാസങ്ങൾ എന്ന് ചോദിച്ചാൽ അതിനുത്തരം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു എന്നാണ്‌ മറുപടി. ലിംബിക് തലാമൊ കോർട്ടിക്കൽ പാത് വേ യിലുള്ള നാഡീ കോശങ്ങളുടെ ഘടനയിൽ വ്യത്യാസങ്ങളുണ്ട് എന്ന് ഡിഫുഷൻ ടെൻസെര്‍ ഇമേജ് DTI എന്ന MRI ടെക്നോളജി യിൽ കുറച്ചൊക്കെ കണ്ടെത്താനായിട്ടുണ്ട്. എല്ലാം തലച്ചോറിന്റെ അദ്‌ഭുതങ്ങൾ തന്നെ.

അതുകൊണ്ടു തന്നെ സ്ത്രീകളുടെ കാഴ്ചപ്പാടുകളും നിലപാടുകളും മനസ്സിലാക്കാനും അവരെ എല്ലായ്‌പോഴും പ്രശ്നങ്ങളുടെ കൂമ്പാരങ്ങളുമായി വന്ന് ഉത്തരം തേടുന്നവരായി കാണാതിരിക്കാനും ആണുങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മറിച്ച് എല്ലാം കേൾക്കാനുള്ള ഒരു മനസ്സ് കാണിക്കുന്നുവെങ്കിൽ അവർ ഹാപ്പി ആകുമെന്നാണ് അനുഭവങ്ങൾ പറയുന്നത്. അർഹമായ പരിഗണന ആണ് ആണുങ്ങൾ തിരിച്ചു പ്രതീക്ഷിക്കുന്നത് എന്നും മനസ്സിലാക്കണം. തലച്ചോർ ഒരു പോലെ ആണെങ്കിലും നാഡികളുടെ സംവേദനങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമാണ് എന്ന്  മനസ്സിലായില്ലേ ? 

Content Summary: Diffrently thinking persons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com