ഈ ഭക്ഷണങ്ങള്‍ ഒരിക്കലും വെറും വയറ്റില്‍ കഴിക്കരുത്
Mail This Article
രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ ഒരു ചായയോ കാപ്പിയോ കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കുകയാണ് നമ്മളില്‍ പലരുടെയും ശീലം. എന്നാല്‍ വെറും വയറ്റില്‍ കഴിക്കരുതാത്ത ഭക്ഷണങ്ങളുടെ പട്ടികയില്‍പ്പെടുന്നതാണ് ചായയും കാപ്പിയുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ചായയും കാപ്പിയും വയറില്‍ അസ്വസ്ഥതയുണ്ടാക്കുകയും വയറിലെ ആസിഡ് തോത് ഉയര്‍ത്തി ഗ്യാസ്ട്രിറ്റിസ് ലക്ഷണങ്ങളെ രൂക്ഷമാക്കുകയും ചെയ്യും. ചായയും കാപ്പിയും മാത്രമല്ല വെറും വയറ്റില്‍ ഒഴിവാക്കേണ്ട വേറെയും ചില ഭക്ഷണവിഭവങ്ങളുണ്ട്.
1. പഴം
പ്രഭാതഭക്ഷണത്തിന് ശേഷം ഒരു പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കാം. പക്ഷേ, വെറും വയറ്റില്‍ പഴം മാത്രം കഴിക്കുന്നത് ശരീരത്തിലെ മഗ്നീഷ്യത്തിന്‍റെയും പൊട്ടാസ്യത്തിന്‍റെയും സന്തുലനം തകരാറിലാക്കാം. ഇതിനാല്‍ വെറും വയറ്റില്‍ പഴം കഴിക്കരുത്.
2.ആപ്പിള്‍
വെറും വയറ്റില്‍ ആപ്പിള്‍ കഴിക്കുന്നത് ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കാമെന്നും മലബന്ധത്തിന് കാരണമാകാമെന്നും ഡയറ്റീഷന്മാര്‍ പറയുന്നു.
3.തക്കാളി
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ടാനിക് ആസിഡ് വെറും വയറ്റില്‍ കഴിക്കുമ്പോൾ വയറിലെ ആസിഡ് തോത് ഉയര്‍ത്തി ആസിഡ് റിഫ്ലക്സ് പ്രശ്നങ്ങളെ രൂക്ഷമാക്കും.
4.യോഗര്‍ട്ട്
യോഗര്‍ട്ടിലെ ലാക്ടിക് ആസിഡ് ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുണങ്ങളെ നിര്‍വീര്യമാക്കാന്‍ വെറും വയറ്റിലെ ഉയര്‍ന്ന അസിഡിക് തോത് കാരണമാകും.
5. സിട്രസ് പഴങ്ങള്‍
മുന്തിരി, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങള്‍ അവയുടെ അസിഡിക് സ്വഭാവം കൊണ്ട് അന്നനാളിയില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകാം.
6. ഉരുളക്കിഴങ്ങ് ചിപ്സ്
സോഡിയം തോത് കൂടുതലുള്ള ഉരുളക്കിഴങ്ങ് ചിപ്സ് പോലുള്ള വിഭവങ്ങളും പ്രഭാതഭക്ഷണത്തിന് നല്ലതല്ല. രക്തസമ്മര്‍ദം ഉയരാനും ഹൃദ്രോഗ പ്രശ്നങ്ങള്‍ ഉണ്ടാകാനും ഇവ കാരണമാകാം.
7. കാര്‍ബണ്‍ ചേര്‍ന്ന മധുരപാനീയങ്ങള്‍
കാര്‍ബണ്‍ ചേര്‍ന്ന മധുരപാനീയങ്ങള്‍ വയറിലേക്കുള്ള രക്തമൊഴുക്കിനെ കുറയ്ക്കും. ഇത് ദഹനപ്രശ്നങ്ങള്‍ക്കും മലബന്ധത്തിനും കാരണമാകാം.
8. സാലഡ് വെള്ളരി
വെറും വയറ്റില്‍ കഴിച്ചാല്‍ ഗ്യാസ്, വയര്‍വേദന തുടങ്ങിയ പലവിധ പ്രശ്നങ്ങള്‍ക്ക് സാലഡ് വെള്ളരി കാരണമാകും.
9. എരിവുള്ള ഭക്ഷണം
അമിതമായി എരിവും സ്പൈസും ചേര്‍ന്ന ഭക്ഷണം വെറും വയറ്റില്‍ കഴിക്കുന്നത് വേദന്യ്ക്കും ദഹനക്കേടിനും അസിഡിറ്റിക്കുമൊക്കെ കാരണമാകാം.
10. പച്ചക്കറികള്‍ പച്ചക്കയ്ക്ക്
പച്ചക്കറികളില്‍ ഫൈബര്‍ തോത് അധികമാണ്. അത് പാകം ചെയ്യാതെ പച്ചയ്ക്ക് വെറും വയറ്റില്‍ കഴിക്കുന്നത് വയറു വേദനയ്ക്ക് കാരണമാകും.
11. മധുരം
അമിതമായി പഞ്ചസാര ചേര്‍ന്ന ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ ഇത് ശരീരത്തിലെ ഇന്‍സുലിന്‍ തോത് ഉയര്‍ത്തും. പാന്‍ക്രിയാസ് ഉണര്‍ന്ന ഉടനെ ഇതിനെ സമ്മര്‍ദത്തിലാക്കാന്‍ ഇത് കാരണമാകും. ഇത് പ്രമേഹത്തിലേക്ക് നയിക്കാം.
12. കാബേജ്, കെയ്ല്‍
ഉയര്‍ന്ന തോതില്‍ ഫൈബര്‍ അടങ്ങിയ കാബേജ്, കെയ്ല്‍ പോലുള്ള പച്ചക്കറികള്‍ രാവിലെ കഴിക്കുന്നത് ദഹനസംവിധാനത്തിന് അത്ര നല്ലതല്ല. ഇത് ഗ്യാസിനും വയര്‍വേദനയ്ക്കുമൊക്കെ കാരണമാകാം.
13. വൈന്‍
വൈന്‍ മാത്രമല്ല ഏതൊരു മദ്യവും രാവിലെ കഴിക്കുന്നത് ആശാസ്യമല്ല. പ്രഭാതസമയത്ത് ശരീരത്തിലെ ജലാംശം കുറവായിരിക്കും. ശരീരത്തില്‍ കൂടുതല്‍ നിര്‍ജലീകരണത്തിന് മദ്യം കാരണമാകും.
14. പെയര്‍
പെയര്‍ പഴങ്ങളിലെ ഫൈബര്‍ വയറിന്‍റെ മ്യൂകസ് ലൈനിങ്ങിന് നാശം വരുത്തും. ഇതിനാല്‍ വെറും വയറ്റില്‍ ഇവ കഴിക്കരുത്. ഉച്ചഭക്ഷണത്തിന് ശേഷം പെയര്‍ പഴങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം.
15. പീനട്ട് ബട്ടര്‍
അമിതമായി പഞ്ചസാര ചേര്‍ന്നതിനാല്‍ വെറും വയറ്റില്‍ കഴിക്കാന്‍ കൊള്ളാത്ത വിഭവമാണ് പീനട്ട് ബട്ടര്‍.
Content Summary: Not eat these foods on empty stomach