ADVERTISEMENT

നടി അനുഷ്ക ശർമ തന്റെയും ഭർത്താവും ക്രിക്കറ്ററുമായ വിരാട് കോലിയുടെയും ജീവിതശൈലി സംബന്ധിച്ച ചില െവളിപ്പെടുത്തലുകൾ ഈയിടെ നടത്തിയിരുന്നു. നേരത്തെ അത്താഴം കഴിച്ച് നേരത്തെ ഉറങ്ങുന്ന ശീലം ആണ് ഇവർക്കുള്ളത്. വൈകിട്ട് 6.30 ന് അത്താഴം കഴിച്ച് 9. 30 ന് ഉറങ്ങാൻ കിടക്കും എന്നാണ് അനുഷ്ക പറഞ്ഞത്. 

 

നേരത്തേ അത്താഴം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രാവിലെ ഉണർന്ന് 10 മണിക്കൂറിനുള്ളിൽ എല്ലാ നേരത്തെയും ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമാണ്. 

 

∙നേരത്തെ അത്താഴം കഴിക്കുന്നത് എന്തുകൊണ്ടാണ് ശരീരത്തിന് ഗുണകരമാകുന്നത്?

 

ശരീരത്തിലെ ജൈവഘടികാരവും ഭക്ഷണശീലങ്ങളും തമ്മിലുള്ള ഒരു പൊരുത്തമാണ് ഇതിനു പിന്നിൽ. അർധരാത്രി മുതൽ അതിരാവിലെ വരെ ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനം അങ്ങേയറ്റം ഉച്ചത്തിൽ ആയിരിക്കും. പകൽ ഇത് സാവധാനത്തിലാകുകയും വൈകന്നേരമാകുമ്പോഴേക്കും വളരെ കുറയുകയും ചെയ്യും. അതുകൊണ്ടാണ് പത്തു മണിക്കൂറിനുള്ളിൽ ഭക്ഷണം എല്ലാം കഴിച്ചു കഴിയണമെന്നും കട്ടിയുള്ള ഭക്ഷണം പകൽ കഴിക്കണമെന്നും പറയുന്നത്. കാരണം ശരീരത്തിന് വളരെ മെച്ചപ്പെട്ട രീതിയിൽ ഉപാപചയപ്രവർത്തനം നടത്താനാകും. 

 

വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുന്ന ഹോർമോൺ ആയ ലെപ്റ്റിൻ ശരിയായി പ്രവർത്തിക്കില്ല. അപ്പോഴേക്കും അതിന്റെ അളവ് 16 ശതമാനമായി കുറഞ്ഞിട്ടുണ്ടാകും. ലെപ്റ്റിന്റെ അളവ് ഏറ്റവും കുറഞ്ഞിരിക്കുമ്പോൾ വൈകി കഴിക്കുന്ന സമയത്ത് വിശപ്പ് ഇരട്ടിയാകും. ഇതു മൂലം വറുത്തതും കൊഴുപ്പു കൂടിയതുമായ ഭക്ഷണം കൂടുതൽ കഴിക്കും. കൊഴുപ്പ് കോശങ്ങൾ വളരെ വേഗത്തിൽ വളർന്ന് പെരുകുകയും ചെയ്യും. 

 

ഭക്ഷണം കൃത്യമായ സമയക്രമം അനുസരിച്ച് കഴിക്കണം. ഉണർന്ന് രണ്ടു മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കാം. അതുപോലെ ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് എങ്കിലും അത്താഴം കഴിക്കണം. ശരീരത്തിലെ മറ്റെല്ലാത്തിനെയും പോലെ ഹോർമോണുകൾക്കും പ്രത്യേകിച്ച് ഇൻസുലിന് വിശ്രമം ആവശ്യമാണ്. അത്താഴം നേരത്തെ കഴിച്ച ശേഷം ശരീരം ഉപവസിച്ച്, വിശ്രമിച്ച് ആവശ്യത്തിന് ഉറക്കവും ലഭിച്ചു കഴിയുമ്പോൾ ഇൻസുലിൻ സംവേദനക്ഷമത വർധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ അതിന് നന്നായി പ്രവർത്തിക്കാൻ കഴിയും. 

 

പഠനങ്ങൾ പറയുന്നത്

നാലു മണിക്കൂർ വരെ വൈകി ഭക്ഷണം കഴിക്കുന്നവർ വിശപ്പുളളവരായിരിക്കുമെന്നും കാലറി വളരെ സാവധാനത്തിൽ മാത്രമേ കത്തിത്തീരൂ എന്നും കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടുന്നതായും ബ്രിഘാം ആൻഡ് വിമൻസ് ഹോസ്പിറ്റൽ നടത്തിയ പഠനത്തിൽ കണ്ടു. 

 

അമിതഭാരമുള്ള 16 പേരിലാണ് പഠനം നടത്തിയത്. രണ്ടു ഷെഡ്യൂളുകളിലായി ഒരേ ഭക്ഷണം നൽകി. ഒരു കൂട്ടർക്ക് നേരത്തെ ഭക്ഷണം നൽകിയപ്പോൾ രണ്ടാമത്തെ ഗ്രൂപ്പിന് നാലുമണിക്കൂർ വൈകിയും ഭക്ഷണം നൽകി. വൈകിക്കഴിച്ചവരിൽ 60 ലും കുറവ് കാലറി മാത്രമേ കത്തിയുള്ളൂ. കാലറി കൂടുതൽ ഉള്ളതിനാലും ലെപ്റ്റിന്റെ കുറഞ്ഞ അളവു മൂലവും ഇവർക്ക് വിശന്നു.

 

കലിഫോർണിയ സർവകലാശാലയിലെ സോൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ മറ്റൊരു പഠനത്തിൽ, പത്തു മണിക്കൂറിനുള്ളിൽ എല്ലാ ഭക്ഷണവും കഴിക്കുന്നവർക്ക് ചീത്ത കൊളസ്ട്രോൾ കുറഞ്ഞതായും മാനസികാരോഗ്യം മെച്ചപ്പെട്ടതായും കണ്ടു. രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടുതൽ ഉണ്ടായിരുന്നവരിലും ഇവ കുറഞ്ഞതായും പഠനത്തിൽ കണ്ടു. 

 

നേരത്തെ അത്താഴം കഴിക്കാൻ പറ്റാത്തവർ അറിയാൻ

ജോലിത്തിരക്കുകൾക്കിടയിൽ പലര്‍ക്കും അത്താഴസമയം നേരത്തെ ആക്കാൻ പറ്റാതെ വരാം. ഇങ്ങനെയുള്ളവർ അത്താഴം ലളിതമായി കഴിക്കുക. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുക. ഭക്ഷണശേഷം എന്തെങ്കിലും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. സ്റ്റെപ്പുകൾ കയറുന്നതോ അഞ്ച് മിനിറ്റ് നടത്തമോ ആയാലും മതി. ഇത് നല്ല വ്യത്യാസമുണ്ടാക്കും. 

 

ഒരാളുടെ ഭക്ഷണരീതി, അയാളുടെ ജീവിതശൈലി, തൊഴിലിന്റെ സ്വഭാവം, ഗുരുതര രോഗങ്ങളോ രോഗാവസ്ഥകളോ തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ദിവസവും മൂന്നു നേരം നിറയെ ഭക്ഷണം കഴിക്കാനുള്ള സമയം പോലും കിട്ടാത്തവരുണ്ട്. മാത്രമല്ല കൂടുതൽ ഭക്ഷണം കഴിക്കുന്നത് അലസതയ്ക്കും പ്രൊഡക്ടിവിറ്റി കുറയാനും കാരണമാകുകയും ചെയ്യും. ഇങ്ങനെയുള്ളവർ ചെറിയ അളവില്‍ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.

Content Summary: Anushka Sharma’s 6 pm early dinner routine 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com