ADVERTISEMENT

ആരോഗ്യവും സൗഖ്യവും ലഭിക്കാൻ എല്ലാ ദിവസവും ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. ഫിറ്റ്നസ് നിലനിർത്തുന്നതിനോടൊപ്പം നമ്മുടെ പ്രധാന അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനും നല്ല ഉറക്കം ആവശ്യമാണ്. മിക്ക അസുഖങ്ങളും ഉറക്കമില്ലായ്മ മൂലം ഉണ്ടാകുന്നതാണെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. ആവശ്യത്തിന് ഉറങ്ങിയിട്ടും ഉറക്കം മതിയാകാത്ത അവസ്ഥ, രാത്രിയിൽ ഇടയ്ക്കിടെ ഉണരുക, കൂർക്കംവലി, ശ്വാസംമുട്ട് തുടങ്ങിയവയെല്ലാം ശരിയായ ഉറക്കം ലഭിക്കാത്തതിന്റെ സൂചനയാണ്. മെച്ചപ്പെട്ട ഉറക്കശീലങ്ങൾ പിന്തുടരുക വഴിയും ഉറക്കപ്രശ്നങ്ങൾ കണ്ടെത്തി ചികിത്സിക്കുക വഴിയും ഉറക്കം മെച്ചപ്പെടുത്താൻ സാധിക്കും. 

 

പ്രായം അനുസരിച്ച് ഒരാൾ എത്രസമയം ഉറങ്ങണം?

ഒരാളുടെ ജീവിതകാലത്ത് പ്രായം അനുസരിച്ച് ഉറക്കസമയം വ്യത്യാസപ്പെടും എന്ന് നാഷനൽ സ്‌ലീപ്പ് ഫൗണ്ടേഷൻ. എല്ലായ്പ്പോഴും ഉറക്കസമയം നിജപ്പെടുത്താൻ സാധിച്ചില്ല എന്നു വരാം. എന്നാലും ചെയ്യാനുള്ള വളരെ പ്രധാനപ്പെട്ട ഒരു കാര്യമായി ഉറക്കത്തെ കരുതണം. കാരണം ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. 

 

ശിശുക്കൾ ദിവസവും 17 മണിക്കൂർ വരെ ഉറങ്ങണം. എന്നാൽ പ്രായമായവർക്ക് 6 മുതൽ 7 മണിക്കൂർ വരെ ഉറക്കം ലഭിച്ചാൽ മതിയാകും. 

 

ഓരോ പ്രായത്തിലും ഉള്ളവർ എത്രസമയം ഉറങ്ങണം എന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും നിർദേശിക്കുന്നു. 

 

∙നവജാത ശിശു (0–3 മാസം വരെ പ്രായം) 14 മുതൽ 17 മണിക്കൂർ വരെ ഉറങ്ങണം. 

 

∙ശിശുക്കൾ (4 മാസം മുതൽ 12 മാസം വരെ പ്രായം)– 12 മുതൽ 16 മണിക്കൂർ വരെ (ചെറുമയക്കങ്ങൾ ഉൾപ്പെടെ).

 

∙കുഞ്ഞുങ്ങൾ (1 മുതൽ 2 വയസ്സു വരെ) 11 മുതൽ 14 മണിക്കൂർ വരെ.

 

∙ചെറിയ കുട്ടികൾ (3 മുതൽ 5 വയസ്സു വരെ പ്രായം) 10 മുതൽ 13 മണിക്കൂർ വരെ

 

∙സ്കൂൾ കുട്ടികൾ (6 മുതൽ 12 വയസ്സു വരെ)–9 മുതൽ 12 മണിക്കൂർ വരെ

 

∙കൗമാരക്കാര്‍ (13–18 വയസ്സുവരെ)– 8 മുതൽ 10 മണിക്കൂർ വരെ

 

∙മുതിർന്ന ആൾക്കാർ (18 മുതൽ 60 വയസ്സുവരെ പ്രായമുള്ളവർ)– ഏഴോ അതിലധികമോ മണിക്കൂറുകൾ

 

∙പ്രായമായവര്‍ (61 –64 വയസുവരെ) 7 മുതൽ 9 മണിക്കൂർ വരെ

 

∙65 വയസ്സിനു മുകളിൽ പ്രായമുള്ളവർ –7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം

 

ഉറക്കസമയം എങ്ങനെ കണക്കുകൂട്ടാം

ഓരോ വ്യക്തിയുടെയും ഉറക്കസമയം ചില കാര്യങ്ങളെ അടിസ്ഥാനമാക്കിയിരിക്കുന്നു. 

∙എപ്പോഴാണ് എഴുന്നേല്‍ക്കുന്നത്.

 

∙അവർ 4–5–90 മിനിറ്റ് സ്‌ലീപ്പ് സൈക്കിൾ പൂർത്തിയാക്കിയോ

 

∙ഉറങ്ങാൻ 15 മിനിറ്റ് നൽകാം

 

ഈ കാര്യങ്ങൾ അനുസരിച്ചിരിക്കും ഒരാളുടെ ഉറക്കസമയം. 

 

ശരിയായി ഉറങ്ങിയില്ലെങ്കിൽ എന്തു സംഭവിക്കും?

ഉറക്കമില്ലായ്മ ആരോഗ്യത്തിന് വളരെയേറെ ദോഷം ചെയ്യും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ മുതൽ നേരത്തെയുള്ള മരണം വരെ സംഭവിക്കാൻ ഉറക്കമില്ലായ്മ കാരണമാകും. 

 

ശാരീരിക പ്രശ്നങ്ങൾ

ഉറക്കമില്ലായ്മ നിരവധി ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും. കടുത്ത തലവേദന, കണ്ണിനുചുറ്റുമുള്ള കറുത്ത വലയം, വിളറിയ ചർമം, പ്രതിരോധശക്തിക്കുറവ്, സമ്മർദം, വിഷാദം, വർധിച്ച വിശപ്പും അതുവഴി അനാരോഗ്യകരമായ ശരീരഭാരം കൂടുകയും ചെയ്യുക, ഗുരുതരമായ ഇൻഫ്ലമേഷൻ തുടങ്ങിയവയ്ക്ക് കാരണമാകും. 

 

മാനസികപ്രശ്നങ്ങൾ

വൈകാരികവും മാനസികവുമായ ആരോഗ്യത്തെയും ഉറക്കമില്ലായ്മ ദോഷകരമായി ബാധിക്കും. എപ്പോഴും മൂഡി ആയിരിക്കുക, വിഷാദം ബാധിക്കുക, അസ്വസ്ഥത, വികാരങ്ങളെ നിയന്ത്രിക്കാൻ പറ്റാതെ വരുക, ഭ്രമാത്മകമായ ചിന്തകൾ, ഉത്കണ്ഠാരോഗങ്ങൾ, ബൈപ്പോളാർ ഡിസോർഡർ എന്നിവയിലേക്ക് ഉറക്കമില്ലായ്മ നയിക്കും. 

 

ബൗദ്ധിക പ്രശ്നങ്ങൾ

ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ തലച്ചോറും ശരിയായി പ്രവർത്തിക്കില്ല. ഇതുമൂലം ഏകാഗ്രത നഷ്ടപ്പെടും. കാര്യങ്ങൾ ഓർത്തെടുക്കാൻ പറ്റാതെ വരും. തീരുമാനങ്ങൾ എടുക്കാൻ പറ്റാതെ വരിക, ശ്രദ്ധയില്ലായ്മ ഇതൊക്കെ ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ സംഭവിക്കുന്നവയാണ്.

Content Summary: Importance of sleep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com