പല തരം രോഗങ്ങള്‍ക്ക് അടിപ്പെടാവുന്ന നമ്മുടെ ശരീരത്തിലെ വളരെ ലോലമായ അവയവമാണ് ഹൃദയം. ജീവിതശൈലിയുമായി ബന്ധപ്പെട്ട ശീലങ്ങള്‍ ഹൃദയത്തെ ദുര്‍ബലമാക്കിയേക്കാം. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.
1. അമിതഭാരം

ആവശ്യമുള്ളതിലും കൂടുതലുള്ള ശരീരഭാരം ഹൃദയത്തെ അപകടപ്പെടുത്തും, പ്രത്യേകിച്ചും വയറിന് ചുറ്റുമുള്ള കൊഴുപ്പ്. ഇത് ഹൃദയത്തില്‍ സമ്മര്‍ദമേറ്റി പ്രമേഹം പോലുള്ള മറ്റ് സങ്കീര്‍ണതകളിലേക്കും നയിക്കാം. അമിതഭാരമുള്ളവര്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ ശരീരഭാരം കുറയ്ക്കുന്നത് രക്തസമ്മര്‍ദത്തിലും രക്തത്തിലെ പഞ്ചസാരയുടെ തോതിലും വലിയ വ്യത്യാസം ഉണ്ടാക്കുമെന്ന് ഹാര്‍വഡില്‍ നടന്ന പഠനങ്ങള്‍ പറയുന്നു.
2. അലസ ജീവിതശൈലി

വ്യായാമമോ ശാരീരികമായ അധ്വാനമോ ഇല്ലാത്ത അലസമായ ജീവിതശൈലിയും ഹൃദയാരോഗ്യത്തെ ബാധിക്കും. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് മുതിര്‍ന്നവരില്‍ നാലിലൊരാള്‍ക്കും കൗമാരക്കാരിലെ 81 ശതമാനത്തിനും ആവശ്യത്തിന് ശാരീരിക അധ്വാനം ലഭിക്കുന്നില്ല. 2020നും 2030നും ഇടയ്ക്ക് ഹൃദായാഘാതം, രക്തസമ്മര്‍ദം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ ബാധിക്കപ്പെടുന്നവരുടെ എണ്ണം ഗണ്യമായി ഉയരുമെന്നും ഗവേഷണ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. അലസമായ ജീവിതശൈലി രക്തധമനികളില്‍ കൊഴുപ്പടിഞ്ഞ് ഹൃദയത്തിലേക്കും സുപ്രധാന അവയവങ്ങളിലേക്കുമുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുന്നു.
3. കരളിനെ സംരക്ഷിക്കാതിരിക്കല്‍

കരളിനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന ഫാറ്റി ലിവര്‍ രോഗം ഹൃദയസ്തംഭന സാധ്യത പലമടങ്ങ് വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍റെ സെഷനുകളില്‍ അവതരിപ്പിക്കപ്പെട്ട ഗവേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
4. പുകവലി, മദ്യപാനം

പുകവലിയും അമിതമായ മദ്യപാനവും രക്തസമ്മര്‍ദവും രക്തത്തിലെ ട്രൈഗ്ലിസറൈഡ് തോതും വര്‍ധിപ്പിച്ച് പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത കൂട്ടുന്നു.
5. അമിതമായ ഉപ്പിന്‍റെ ഉപയോഗം

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഉപ്പിനേക്കാള്‍ നാം കഴിക്കുന്ന പായ്ക്ക് ചെയ്ത പല സംസ്കരിച്ച ഭക്ഷണങ്ങളിലും ഒളിഞ്ഞിരിക്കുന്ന ഉപ്പിന്‍റെ അംശമാണ് പലപ്പോഴും വില്ലനാകുന്നത്. പ്രതിദിനം അഞ്ച് ഗ്രാമില്‍ അധികം ഉപ്പ് കഴിക്കരുതെന്നാണ് ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ. എന്നാല്‍ ഇതിന്‍റെ ഇരട്ടിയോളം ഉപ്പ് ശരാശരി ജനങ്ങള്‍ അകത്താക്കുന്നുണ്ടെന്നാണ് കണക്ക്. ഉപ്പിന്‍റെ തോതില്‍ ശ്രദ്ധ ചെലുത്താതിരിക്കുന്നത് ഹൃദ്രോഗത്തിലേക്കും രക്താതിസമ്മര്‍ദത്തിലേക്കും നയിക്കും.
Content Summary: Lifestyle habits that steadily increase risk for heart