ഗുപ്തനെ പോലെ ചായ ഊതി ഊതിയാണോ കുടിക്കുന്നേ? എങ്കില്‍ ഈ അര്‍ബുദത്തില്‍ നിന്ന് രക്ഷപ്പെടാം

hot tea
Photo Credit: Deagreez/ Istockphoto
SHARE

ചൂട് ചായ ഊതിയൂതി കുടിക്കാനായിരുന്നു ഗുപ്തന് ഇഷ്ടം. ഹരികൃഷ്ണന്‍സ് സിനിമയിലെ ഈ ഡയലോഗ് ട്രോളന്മാരുടെ ഉപയോഗത്താല്‍ ഇന്ന് സിനിമയോളം തന്നെ പ്രസിദ്ധമാണ്. അന്നനാളിയില്‍ വരുന്ന അര്‍ബുദമായ ഈസോഫാഗസ് കാന്‍സര്‍ വരേണ്ടെങ്കില്‍ ഇനി എല്ലാവരും ഗുപ്തനെ പോലെ ചായ ഊതി ഊതി കുടിക്കുന്നതായിരിക്കും നല്ലതെന്ന് ചില പഠനങ്ങള്‍ പറയുന്നു. ചായ, കാപ്പി പോലെയുള്ള ചില പാനീയങ്ങള്‍ അമിതമായ ചൂടോടെ എടുത്ത് കുടിക്കുന്നത് ഈസോഫാഗസ് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ദ ലാന്‍സെറ്റ് ഓങ്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. 

ചൈന, ഇറാന്‍, തുര്‍ക്കി പോലെ പരമ്പരാഗതമായി 70 ഡിഗ്രി ചൂടിലൊക്കെ ചായ കുടിക്കുന്ന രാജ്യക്കാരുടെ അര്‍ബുദ സാധ്യത പാനീയത്തിന്റെ താപനിലയ്ക്കനുസരിച്ച് ഉയരുന്നതായി പഠന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. 

അന്നനാളിയിലെ അകത്തെ പാളിയായ മ്യൂകോസയില്‍ ചൂട് പാനീയങ്ങള്‍ ഏല്‍പ്പിക്കുന്ന തെര്‍മല്‍, കെമിക്കല്‍ ക്ഷതങ്ങളാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത്. ഈ ക്ഷതങ്ങളില്‍ നിന്ന് കരകയറാന്‍ ഇവിടുത്തെ കോശങ്ങള്‍ പുനരുജ്ജീവിക്കണം. എന്നാല്‍ ഈ ക്ഷതവും സുഖപ്പെടുത്തലും ആവര്‍ത്തിക്കുന്നത് എപ്പിത്തീലിയല്‍ കോശങ്ങളെ സ്ഥിരമായി നശിപ്പിച്ച് അവ അര്‍ബുദ കോശങ്ങളായി മാറാനുള്ള സാധ്യതയുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

എന്നാല്‍ ചൂട് പാനിയങ്ങള്‍ മാത്രമായി അന്നനാളിയിലെ അര്‍ബുദത്തിന് കാരണമാകുമെന്ന് തെളിവുകളില്ലെന്ന് നോയിഡ ശാരദ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ ഡോക്ടര്‍ ശ്രേയ് ശ്രീവാസ്തവ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പുകവലി, മദ്യപാനം, പുകയില, പുകച്ച മാംസം, മോശം പോഷണം, പരിസ്ഥിതി മലിനീകരണം എന്നിങ്ങനെ പല ഘടകങ്ങള്‍ അന്നനാളിയിലെ അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നതായും ഡോ. ശ്രേയ് കൂട്ടിച്ചേര്‍ത്തു. 

എന്നിരുന്നാലും ചൂട് പാനീയങ്ങള്‍ സുരക്ഷിത താപനിലയായ 60-65 ഡിഗ്രിയിലൊക്കെ എത്തിയിട്ട് കുടിക്കുന്നതായിരിക്കും നല്ലതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, കാരണമില്ലാതെയുള്ള ഭാരനഷ്ടം, നെഞ്ചു വേദന, നെഞ്ചിന് പുകച്ചില്‍, ദഹനക്കേട്, നെഞ്ചെരിച്ചില്‍, ചുമ, ശബ്ദമാറ്റം, അന്നനാളിയില്‍ രക്തസ്രാവം എന്നിവയെല്ലാം ഈസോഫാഗല്‍ കാന്‍സറിന്റെ ലക്ഷണങ്ങളാണ്. 

Content Summary: The link between drinking hot beverages and oesophageal cancer

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS