നടുവേദനയ്ക്കു പിന്നിലുണ്ട് ഈ കാരണങ്ങൾ; വ്യായാമം ചെയ്യും മുൻപ് അറിയാൻ

back pain
Photo Credit: chokja/ Istockphoto
SHARE

നടുവേദന സ്ത്രീകളെ വളരെ സാധാരണമായി അലട്ടുന്ന പ്രശ്നമാണ്. ശരീരത്തിനു മൊത്തത്തിൽ വഴക്കവും ശക്തിയും സ്ഥിരതയും നൽകുന്നത് നട്ടെല്ല് അഥവാ സ്പൈനൽ കോളം ആണ്. 33 ചെറിയ അസ്ഥികൾ ഒന്നിനു മേലെ ഒന്നായി അടുക്കിയുണ്ടാക്കിയിട്ടുള്ള ഘടനയാണിത്. നട്ടെല്ലിന്റെ ഒരറ്റം ശിരസ്സിനെ താങ്ങി നിർത്തുന്നു. മറ്റേ അറ്റം ഇടുപ്പിലേക്കു ചേർന്നിരിക്കുന്നു. നട്ടെല്ലിനു താങ്ങു നൽകുന്നതു വയറിലെ േപശികളാണ്. ഉദരഭാഗത്തെ പേശികൾക്കു ബലക്കുറവുണ്ടായാൽ നട്ടെല്ലു വല്ലാതെ വളഞ്ഞുപോകും. നടുവേദന കൂടുതലാകും. 

90 ശതമാനം നടുവേദനകളുടെയും കാരണം പിൻഭാഗത്തെയോ ഉദരഭാഗത്തെയോ പേശികളുടെ ബലക്കുറവാണ്. വയറിന്റെ പേശികൾ ദൃഢമായാലേ നടുവിനു ബലമുണ്ടാവൂ. നടുവേദനയുമായി വരുന്ന 100 പേരിൽ 97 ശതമാനം പേരിലും മെക്കാനിക്കലായ കാരണങ്ങളാലാകാം നടുവേദന വരുന്നത്. മെക്കാനിക്കലായ നടുവേദനയുടെ പ്രധാന കാരണങ്ങൾ പേശികളുെട ബലക്കുറവ്, തുടയുടെ പിൻഭാഗത്തെ പേശികൾ ചുരുങ്ങിയിരിക്കുക തുടങ്ങിയുള്ളവയാണ്. 

മൂന്നു ശതമാനം പേരിൽ എന്തെങ്കിലും ഗൗരവകരമായ രോഗം കൊണ്ടാകും വേദന വരുന്നത്. അതുകൊണ്ടു നടുവേദന ഉള്ളപ്പോൾ ഡോക്ടറെ കണ്ട് ആവശ്യമെങ്കിൽ എക്സ് റേയും രക്ത പരിശോധനകളും സ്കാനിങ്ങും നടത്തി വേദനയുടെ കൃത്യമായ കാരണം കണ്ടെത്തണം. 

പലരിലും നട്ടെല്ലിന്റെ വളവു പല തരത്തിലായിരിക്കും. ചിലരിൽ മുൻപോട്ടു വളവു കൂടുതലായിരിക്കും. ചിലരിൽ പിന്നോട്ടായിരിക്കും വളവു കൂടുതലുള്ളത്. മറ്റു ചിലരിൽ നട്ടെല്ലിന്റെ വാലറ്റം കൂടുതലായിരിക്കും. അതനുസരിച്ചാണ് എന്തൊക്കെ വ്യായാമം വേണമെന്നു തീരുമാനിക്കുന്നത്. നടുവേദനയ്ക്കു കൃത്യമായ ഒരു വ്യായാമം എന്നു പറയാൻ പറ്റില്ല. കാരണം അനുസരിച്ച് വ്യായാമവും വ്യത്യാസപ്പെടും. 

സ്ത്രീകളിൽ പ്രസവംകഴിഞ്ഞാൽ വയറിന്റെ പേശികൾ ദൃഢമാക്കാനുള്ള വ്യായാമം ചെയ്യണം. ഇല്ലെങ്കിൽ രണ്ടു മൂന്നു പ്രസവം കഴിയുമ്പോഴേക്കും വയറിന്റെ പേശികൾ വല്ലാതെ അയഞ്ഞു തൂങ്ങി നടുവു ദുർബലമാകും. 

കാരണമറിഞ്ഞശേഷം വ്യായാമം

നടുവിനു വേദനയുള്ളവർ ഡോക്ടറെ കണ്ടു നടുവേദനയുടെ കാരണം കണ്ടെത്തി പരിഹരിച്ച ശേഷമേ വ്യായാമം തുടങ്ങാവൂ. നട്ടെല്ലിനു പ്രശ്നമൊന്നുമില്ലാത്തവർക്കു ലഘുവായ സ്ട്രെച്ചിങ് വ്യായാമങ്ങളും പേശികളെ ശക്തമാക്കാനുള്ള വ്യായാമങ്ങളും ചെയ്തു തുടങ്ങാം. ഏതെങ്കിലും വ്യായാമം ചെയ്യുമ്പോൾ നടുവിനു വേദന അനുഭവപ്പെട്ടാൽ അതൊഴിവാക്കി കുറച്ചു കൂടി ലഘുവും സുഖകരവുമായ വ്യായാമങ്ങൾ ചെയ്യുക. 

∙കൂടുതൽ നേരം ഇരിക്കുന്നതു നടുവിനു കൂടുതൽ സമ്മര്‍ദമേൽപിക്കും. അതുകൊണ്ട് ഇരുന്നു ജോലി ചെയ്യുന്നവർ ഓരോ മണിക്കൂർ കഴിയുമ്പോഴും അൽപനേരം എഴുന്നേറ്റു നടക്കുവാൻ ശ്രദ്ധിക്കണം. 

∙ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഭാരമെടുക്കുമ്പോഴും നടുവു വല്ലാതെ വളച്ച് കൂനുകയോ ഞെളിയുകയോ ചെയ്യരുത്. 

Content Summary: Backpain; Causes and treatment

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS