ADVERTISEMENT

ഏറെ പ്രാധാന്യത്തോടെ കാണേണ്ട കാര്യമാണു കുട്ടികളുടെ ഹൃദയാരോഗ്യം. കുട്ടികൾക്കുണ്ടാകുന്ന ഹൃദയ പ്രശ്നങ്ങൾ അവരുടെ കുടുംബത്തെ കടുത്ത മാനസിക വിഷമത്തിലാക്കും. കുട്ടികളിലെ ഹൃദയ സംബന്ധമായ അസുഖങ്ങൾ നേരത്തേ തിരിച്ചറിയുകയും ചികിത്സിക്കുകയും വേണം. നവജാത ശിശുക്കളുടെ പരിശോധന അതുകൊണ്ടു തന്നെ ഏറെ പ്രധാനപ്പെട്ടതാണ്.

കുട്ടികളിലുണ്ടാകുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങളിൽ ഭൂരിഭാഗവും ജന്മനായുണ്ടാകുന്നതാണ്. ജനിച്ചയുടനെ തന്നെ ഹൃദയത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കുന്നതു വഴി അസുഖം വളരെ നേരത്തേ തിരിച്ചറിയാനാകും. എന്നാൽ ചില കുട്ടികളിൽ ഹൃദയം രോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കാൻ ചിലപ്പോൾ വൈകും. രോഗം എത്രയും വേഗം കണ്ടെത്തുന്നുവോ ചികിത്സ അത്രയും പ്രയോജനകരമാകും.

Read Also : വൃക്കരോഗം പാരമ്പര്യമായി വരുമോ? പരിശോധനകൾ വേണോ?

ഹൃദയഭിത്തിയിലെ ദ്വാരങ്ങൾ ഉൾപ്പെടെയുള്ളവ ചിലപ്പോൾ ലക്ഷണങ്ങളുണ്ടാകുമ്പോഴാണു മനസ്സിലാക്കാൻ കഴിയുക. കുട്ടി വളരുന്നതിനനുസരിച്ചു ചില ദ്വാരങ്ങൾ തനിയെ അടയാനുള്ള സാധ്യതയുണ്ട്. ചില ദ്വാരങ്ങൾ അങ്ങനെ അടയണമെന്നില്ല. അതിനാൽ ദ്വാരമുണ്ടെന്നു കണ്ടെത്തിയാൽ പീഡിയാട്രിക് കാർഡിയോളജിസ്റ്റിനെ കൺസൽറ്റ് ചെയ്തു ചികിത്സ ആവശ്യമാണോയെന്നു വിലയിരുത്തണം. 

കുട്ടികൾക്കു ജന്മനാ ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടാകാൻ പല കാരണങ്ങളുണ്ട്. ഡൗൺ സിൻഡ്രോം പോലെ ജനിതക വൈകല്യങ്ങളുള്ള കുട്ടികളിൽ 50% പേർക്കും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം കുട്ടികളെ ഇടയ്ക്കിടെ പരിശോധനയ്ക്കു വിധേയരാക്കി ഹൃദയത്തിന്റെ ആരോഗ്യം  നിരീക്ഷിക്കണം.

Is it common for a baby to have a hole in their heart?
Representative Image. Photo Credit : Fizkes / iStockPhoto.com

ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ള കുട്ടികളിൽ പതിവായുള്ള ഡോക്ടറുടെ പരിശോധന ഒരിക്കലും ഒഴിവാക്കരുത്. മരുന്നുകൾ മുടങ്ങാതെ കഴിക്കണം. ഹൃദയത്തിൽ ദ്വാരം പോലുള്ള പ്രശ്നങ്ങൾക്കു ശസ്ത്രക്രിയ നടത്തിയാൽ അവർക്കു സാധാരണ ജീവിതം നയിക്കാൻ കഴിയും. ചിലർക്ക് വീണ്ടും ശസ്ത്രക്രിയകൾ ആവശ്യമായി വന്നേക്കാം.

എന്നാൽ ഒട്ടേറെ ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമായ ഇക്കാലത്ത് എല്ലായ്പോഴും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ ആവശ്യമില്ല. ശസ്ത്രക്രിയ നടത്തിയാലും കുട്ടികളെ സാധാരണ പോലെ ജീവിക്കാൻ അനുവദിക്കണം. ‌കുട്ടികളെ മാനസികമായി തളർത്തുന്ന കാര്യങ്ങൾ കുടുംബാംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടാകരുത്. കുട്ടികളിൽ ജന്മനായുണ്ടാകുന്ന ഹൃദയവൈകല്യങ്ങൾ മുൻകൂട്ടിയുള്ള പ്രതിരോധത്തിലൂടെ തടയാൻ കഴിയണമെന്നില്ല. രക്ത ബന്ധത്തിലുള്ള വിവാഹത്തിൽ ജനിക്കുന്ന കുട്ടികൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. ഗർഭകാലത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ ചില മരുന്നുകളുടെയും മറ്റും ഉപയോഗം ഒഴിവാക്കേണ്ടതുണ്ട്.

(വിവരങ്ങൾ: ഡോ. ശ്രീജ പവിത്രൻ, സീനിയർ കൺസൽറ്റന്റ്, പീഡിയാട്രിക് കാർഡിയോളജി, മദ്രാസ് മെഡിക്കൽ മിഷൻ, ചെന്നൈ)

Content Summary : Is it common for a baby to have a hole in their heart?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com