ADVERTISEMENT

കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന രോഗമാണ് ഫാറ്റി ലിവര്‍ ഡിസീസ്. പൊതുവേ അമിതവണ്ണമുള്ളവര്‍ക്കും കുടവയറുള്ളവര്‍ക്കുമൊക്കെയാണ് ഈ രോഗം കണ്ടു വരുന്നത്. അടിവയറ്റില്‍ കൊഴുപ്പടിയുന്നതിനെ തുടര്‍ന്നാകും പലപ്പോഴും കരളിലേക്കും ഇത് വ്യാപിക്കുക. എന്നാല്‍ മെലിഞ്ഞ ശരീരപ്രകൃതമുള്ളവര്‍ക്കും ചിലപ്പോഴൊക്കെ ഫാറ്റി ലിവര്‍ രോഗം നിര്‍ണയിക്കപ്പെടാറുണ്ട്. ഇതിനുള്ള നാലു കാരണങ്ങള്‍ വെളിപ്പെടുത്തുകയാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലിലെ ഡയറക്ടറും ഹെപ്പറ്റോളജി കണ്‍സൽറ്റന്‍റുമായ ഡോ. ആകാശ് ശുക്ല.

 

1. മദ്യപാനം

വലിയ വണ്ണമില്ലാത്തവരിലും ഫാറ്റി ലിവര്‍ രോഗം വരുത്താന്‍ മദ്യപാന ശീലത്തിന് സാധിക്കും. മദ്യത്തിലെ അനാവശ്യ കാലറികള്‍ കൊഴുപ്പായി പരിവര്‍ത്തനം ചെയ്ത് കരളിന് ചുറ്റും അടിഞ്ഞു കൂടാം. 

 

2. മസില്‍ മാസ് ഇല്ലായ്മ

ആവശ്യത്തിന് മസില്‍ മാസ് ഇല്ലാത്തത് മെലിഞ്ഞവരില്‍ ഫാറ്റി ലിവര്‍ സാധ്യത ഉണ്ടാക്കാം. കൈകാലുകളിൽ  കരുത്തുറ്റ കോര്‍ മസിലുകള്‍ ഉള്ളവരില്‍ പേശികള്‍ വലിയ തോതില്‍ കൊഴുപ്പ് കത്തിക്കുന്നതാണ്. വളരെ മെലിഞ്ഞ, മസില്‍ മാസ് തീരെയില്ലാത്തവരില്‍ കൊഴുപ്പ് കരളില്‍ അടിയാന്‍ സാധ്യത വര്‍ധിക്കും. 

 

3. ജനിതക കാരണങ്ങള്‍ 

ജനിതക പരമായ കാരണങ്ങളാല്‍ ചിലരില്‍ സാധാരണ ബോഡി മാസ് ഇന്‍ഡെക്സ് വച്ചും ഫാറ്റി ലിവര്‍ ഉണ്ടാകാം. കുടുംബത്തില്‍ കരള്‍ രോഗ പ്രശ്നങ്ങള്‍ ഉള്ളവര്‍ അമിത വണ്ണമില്ലെങ്കിലും ഫാറ്റി ലിവര്‍ രോഗത്തെ കരുതിയിരിക്കേണ്ടതാണ്. 

 

4. ചയാപചയ തകരാര്‍

ഹെപ്പറ്റൈറ്റിസ് സി പോലുള്ള രോഗങ്ങള്‍, വില്‍സണ്‍സ് ഡിസീസ് പോലുള്ള ചയാപചയ തകരാറുകള്‍ എന്നിവ മൂലം കരളില്‍ കൊഴുപ്പ് അടിയുന്ന സാഹചര്യമുണ്ട്. ഇതിനാല്‍ മെലിഞ്ഞ ശരീര പ്രകൃതമുള്ളവരും ഫാറ്റി ലിവര്‍ ഡിസീസ് ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങളെ കരുതിയിരിക്കേണ്ടതാണ്.

Content Summary: Why slim people are at risk of fatty liver disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com