ADVERTISEMENT

ഡോക്ടറെ കാണാനെത്തിയ അറുപതുകാരന്റെ പ്രശ്നം മലത്തിൽ രക്തം കാണുന്നു എന്നതായിരുന്നു. മൂലക്കുരു ആണോ എന്നതായിരുന്നു രോഗിയുടെ സംശയം. പ്രകടമായ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. പ്രാഥമിക പരിശോധനയ്ക്കു ശേഷം ഡോക്ടർ കൊളോണോസ്കോപ്പി (വൻകുടലിൽ ക്യാമറ കടത്തിയുള്ള പരിശോധന) നടത്താൻ നിർദേശിച്ചു. 

പരിശോധനയിൽ അദ്ദേഹത്തിന് വൻകുടലിൽ കാൻസർ (കോളൻ കാൻസർ) ആണെന്നു കണ്ടെത്തി. കാൻസറിന്റെ അവസാന ഘട്ടമായിരുന്നു. ചികിത്സ ഉടൻ തുടങ്ങി. പരിശോധന നേരത്തേ നടത്തിയിരുന്നെങ്കിൽ ചികിത്സയിൽ ഇത്രയും ബുദ്ധിമുട്ട് നേരിടേണ്ടിവരില്ലായിരുന്നു. മറ്റു കാരണങ്ങൾ കൊണ്ടും മലത്തിൽ രക്തം കാണാം. എന്നാൽ മലത്തിൽ രക്തം കണ്ടാൽ കുടൽ കാൻസർ അല്ലെന്ന് പരിശോധനകളിലൂടെ ഉറപ്പാക്കേണ്ടതുണ്ട്. 

 

കുടൽ കാൻസർ: ലക്ഷണങ്ങൾ

ആദ്യ ഘട്ടത്തിൽ കുടൽ കാൻസറിന് ലക്ഷണമൊന്നുമുണ്ടാകാറില്ല. ഈ സമയത്ത് പരിശോധനയ്ക്കായി രോഗി ആശുപത്രിയിൽ സാധാരണയായി എത്താറുമില്ല. പലപ്പോഴും രോഗം മൂർഛിച്ച ശേഷമായിരിക്കും രോഗലക്ഷണങ്ങൾ കാണുന്നത്. മലബന്ധം, വയറിളക്കം, മലബന്ധവും വയറിളക്കവും മാറിമാറിയുണ്ടാകുക, മലത്തിൽ രക്തം കാണുക, ഭാരം കുറയുക, കലശലായ ക്ഷീണവും ഉന്മേഷക്കുറവും, ശരീരത്തിൽ രക്തക്കുറവ് ഉണ്ടാകുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. 

 

ചികിത്സിച്ചു ഭേദമാക്കാം

കുടൽ കാൻസർ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും. ആദ്യ ഘട്ടങ്ങളിലാണെങ്കിൽ പൂർണമായും ഭേദമാക്കാം. ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറപ്പി തുടങ്ങിയ ചികിത്സാരീതികൾ ഇതിന് ഉപയോഗിക്കാം. 

 

പോളിപ്പ് എന്ന തുടക്കം

കുടൽ കാൻസർ കുടലിൽ ചെറിയ തടിപ്പുകളായാണു തുടങ്ങുന്നത്. ഇതു പതുക്കെ വളർന്ന് വലിയ മുഴയായി, കാൻസറായി മാറുന്നു. കുടലിൽ കാൻസറിനു കാരണമായ ചെറിയ മുഴകളെ പോളിപ്പ് എന്നാണു വിളിക്കുന്നത്. ഈ അവസ്ഥയിൽ കൊളോണോസ്കോപ്പി, പോളിപെക്ടമി എന്നിവയിലൂടെ പോളിപ്പ് നീക്കം ചെയ്യാം. ഇതു മൂലം കുടൽ കാൻസർ വരാതെ തടയാം. കൊളോണോസ്കോപ്പി വഴി കുടലിലെ പോളിപ്പ് നീക്കം ചെയ്യുന്ന ചികിത്സാരീതിയാണ് പോളിപെക്ടമി. ഇത് വളരെ ലളിതമായ ചികിത്സാരീതിയാണ്. ഇതുവഴി വയർ കീറിയുള്ള ശസ്ത്രക്രിയ ഒഴിവാക്കാൻ സാധിക്കും. 

(വിവരങ്ങൾക്കു കടപ്പാട്– 

ഡോ. എം. രമേഷ്

സീനിയർ കൺസൽറ്റന്റ്, ഡിപ്പാർട്മെന്റ് ഓഫ് ഗാസ്ട്രോഎന്ററോളജി 

മാർ സ്ലീവാ മെഡിസിറ്റി, പാലാ.

drrameshnair@gmail.com)

Content Summary: Colon Cancer; Symptoms and Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com