കഴിഞ്ഞ 14 വര്‍ഷങ്ങളായി താന്‍ രാത്രി ഭക്ഷണം കഴിക്കാറില്ലെന്ന് വെളിപ്പെടുത്തി സിനിമ, സീരിയല്‍ താരം മനോജ് ബാജ്പെയ്. ശരീരഭാരം നിയന്ത്രിച്ച് സ്ലിമ്മായിരിക്കുന്നതിനായാണ് ഈ നിയന്ത്രണമെന്നും ഒരു അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി. മെലിഞ്ഞ ശരീരപ്രകൃതി നിലനിര്‍ത്തിയ തന്‍റെ മുത്തച്ഛനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ ശീലം ആരംഭിച്ചതെന്നും മനോജ് പറയുന്നു.
ഈ നിയന്ത്രണം ആരംഭിച്ചതോടെ തന്‍റെ ശരീരഭാരം ഗണ്യമായി കുറഞ്ഞെന്നും നിയന്ത്രണത്തിലായെന്നും കേര്‍ളി ടെയ്ല്‍സിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് പറയുന്നു. പുതിയ ശീലം തന്നെ കൂടുതല്‍ ഊര്‍ജ്ജസ്വലനും ആരോഗ്യവാനുമാക്കിയതായും മനോജ് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഷൂട്ടിങ്ങിന്‍റെയും മറ്റും തിരക്കുകള്‍ക്ക് അനുസരിച്ച് ഇതില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്താറുണ്ട്. ചിലപ്പോള്‍ 12 മണിക്കൂറും ചിലപ്പോള്‍ 14 മണിക്കൂറും ഉപവസിക്കുമെന്നും മനോജ് ചൂണ്ടിക്കാട്ടി.
എന്നാല്‍ തുടക്കത്തില്‍ ഈ ശീലം പിന്തുടരാനും വിശപ്പിനെ അടക്കാനും ബുദ്ധിമുട്ടായിരുന്നെന്നും വിശപ്പ് സഹിക്കാനാകാതെ വരുമ്പോൾ ആരോഗ്യകരമായ ബിസ്കറ്റും വെള്ളവും കുടിച്ചിരുന്നതായും മനോജ് പറയുന്നു. എന്നാല്‍ പതിയെ പതിയെ വിശപ്പിനെ നിയന്ത്രിക്കാന്‍ സാധിച്ചു. പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ അപകട സാധ്യത കുറയ്ക്കാന്‍ ഇതിലൂടെ കഴിഞ്ഞതായും മനോജ് അവകാശപ്പെടുന്നു.
എന്നാല്‍ രാത്രി ഭക്ഷണമേ വേണ്ടന്നു വയ്ക്കുന്നത് അത്ര നല്ലതായിരിക്കില്ലെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് ഭാരം കുറയുന്നതിന് പകരം കൂട്ടാനിടയുണ്ട്. വെറും വയറ്റില്‍ ഉറങ്ങാന്‍ കിടക്കുന്നത് ശരീരഭാരം 10 ശതമാനം കൂടാന്‍ കാരണമാകാമെന്നും ചില പഠനങ്ങള്‍ പറയുന്നു. രാത്രി ഭക്ഷണം പൂര്‍ണമായി ഉപേക്ഷിക്കുകയല്ല മറിച്ച് ലഘുവായ തോതില്‍ ഏഴ് മണിക്ക് മുന്‍പ് കഴിക്കുകയാണ് വേണ്ടതെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്നു.
Content Summary: Manoj Bajpayee's health and fitness secret