പ്രണയകാലത്തെ സ്വകാര്യ ദൃശ്യങ്ങൾ മുതൽ ഭർത്താവിന് അയയ്ക്കുന്ന നഗ്നചിത്രങ്ങൾ വരെ; ചതിക്കുഴിയിൽ വീഴും മുൻപ് അറിയാൻ

Mail This Article
മുൻ സുഹൃത്തിന്റെ ഭീഷണിയെത്തുടർന്നു ജീവനൊടുക്കിയ കോട്ടയം സ്വദേശിനി ആതിരയാണു സംസ്ഥാനത്തു സൈബർ സാഡിസത്തിന്റെ അവസാന ഇര. കണക്കെടുത്താൽ കേരള പൊലീസിന്റെ സൈബർ വിഭാഗത്തിനു ലഭിക്കുന്ന 90% പരാതികളും സൈബർ ലോകത്തെ ഏതെങ്കിലും തരത്തിലുള്ള ചൂഷണവുമായി ബന്ധപ്പെട്ടാണ്. പരാതികളിലേറെയും സാമ്പത്തിക തട്ടിപ്പിന്റെ ഇരകളുടേതാണെങ്കിലും മുൻ പങ്കാളികളുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സൈബർ ലോകത്തു പ്രചരിപ്പിച്ച് അപമാനിക്കുക, മോശം ആരോപണങ്ങളുന്നയിക്കുക തുടങ്ങിയ പരാതികൾ തൊട്ടുപിന്നിൽ തന്നെയുണ്ട്. നമ്മുടെ പൊലീസ് സേന മികച്ചതാണെങ്കിലും സൈബർ കേസുകളുടെ കാര്യത്തിൽ ഉദാസീന മനോഭാവമുണ്ടെന്നു പറഞ്ഞതു മുഖ്യമന്ത്രി പിണറായി വിജയനാണ്. സൈബർ വിഭാഗവും സൈബർ സ്റ്റേഷനുകളും സൈബർ ഡോമുമൊക്കെ പൊലീസിനുണ്ടെങ്കിലും വ്യക്തികളുടെ പരാതികളിൽ നടപടി വൈകുന്നു, സൈബർ ആക്രമണങ്ങളുടെ ഇരകൾക്കു നീതി ലഭിക്കാൻ വൈകുന്നു തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രി ഇതു പറഞ്ഞത്.
സൈബർ ലോകത്തെ പ്രണയം

വീണ്ടുവിചാരമില്ലാതെ ചെയ്യുന്ന കാര്യങ്ങൾ മൂലം ചൂഷണത്തിനിരയാകുന്ന പെൺകുട്ടികളുടെ എണ്ണം കൂടുകയാണെന്നാണു സൈബർ വിഭാഗം പറയുന്നത്. പ്രണയ കാലത്തു സ്വകാര്യ ദൃശ്യങ്ങൾ അയച്ചുകൊടുത്തു പങ്കാളിയെ സന്തോഷിപ്പിക്കുന്നവരെ, പിരിഞ്ഞു കഴിഞ്ഞാൽ ഭീഷണിയും ചൂഷണവുമായി സമ്മർദത്തിലാഴ്ത്തുകയും ആത്മഹത്യയിലേക്കു തള്ളിവിടുകയും ചെയ്യുന്നതു പതിവായിട്ടുണ്ട്. പ്രതിമാസം ഇത്തരം ഒട്ടേറെ കേസുകൾ പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നുണ്ട്. മിക്ക സംഭവങ്ങളിലും കേസെടുത്തു എന്നറിയുമ്പോൾ ഭീഷണി മുഴക്കുന്നവർ മാപ്പു പറഞ്ഞു പിന്മാറുകയോ ഒത്തുതീർപ്പിനു തയാറാവുകയോ ചെയ്യുകയാണു പതിവ്.
എന്തു വന്നാലും മുൻപങ്കാളിയെ തകർത്തേ അടങ്ങൂ എന്നു ചിന്തിക്കുന്ന ഒരു വിഭാഗമുണ്ട്. പങ്കാളിയുടെ സ്വകാര്യ ചിത്രങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്താൽ അതു നീക്കാനുള്ള അപേക്ഷ ഉടൻ നൽകി തുടർനടപടി പൊലീസ് സ്വീകരിക്കാറുണ്ട്. പലപ്പോഴും ഒന്നോ രണ്ടോ ആഴ്ചകൾക്കു ശേഷമേ ചിത്രങ്ങൾ പൂർണമായും നീക്കാൻ കഴിയാറുള്ളൂ. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കു മുന്നിൽ എത്തുന്ന ഇത്തരം അപേക്ഷകളുടെ എണ്ണം ഭീമമായതാണു കാലതാമസത്തിനു കാരണം.

പരാതിയുമായി എത്തുന്നവർക്കു പോലും ഉപദേശമോ മാർഗനിർദേശമോ ഇഷ്ടമല്ലെന്നു പൊലീസ് പറയുന്നു. പരാതിയുമായി എത്തിയ യുവതിയോടു സമൂഹമാധ്യമങ്ങളിൽ എക്സ്പോസിങ് ആയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാതിരുന്നുകൂടേ എന്നു ചോദിച്ചപ്പോൾ, ‘എന്റെ വാളിൽ എനിക്കിഷ്ടമുള്ളതു ചെയ്യും, മറ്റാരും അതിൽ ഇടപെടേണ്ട’ എന്നു പറഞ്ഞ അനുഭവമുണ്ടെന്നും കൊച്ചി സൈബർ പൊലീസിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു.

നിങ്ങൾ നിരന്തര നിരീക്ഷണത്തിലാണ്
സൈബർ ലോകത്ത് നിങ്ങൾ എപ്പോഴും നിരീക്ഷണത്തിലാണ്. അതിനു സെലിബ്രിറ്റി സ്റ്റാറ്റസ് വേണമെന്നില്ല. ഫേക്ക് ഐഡികളിലൂടെയാണു വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിങ്ങൾ നിരീക്ഷിക്കപ്പെടുന്നന്നത്.
നമ്മുടെ സമൂഹ മാധ്യമ ഇടപെടലുകൾ എത്രത്തോളം ശക്തമാണോ അത്രത്തോളം വ്യാജ ഐഡികളിൽ നിന്നു നമ്മുടെ സൗഹൃദം തേടി അപേക്ഷകൾ ലഭിക്കും. നമ്മുടെ സൗഹൃദ ലിസ്റ്റിൽ കയറിപ്പറ്റിയ ശേഷം ഇവർ പേരും വിവരങ്ങളും മാറ്റുന്നതിനാൽ കണ്ടെത്തുക എളുപ്പമല്ല. തികച്ചും അപരിചിതരായ നാം ഒരിക്കലും ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചിട്ടില്ല എന്നുറപ്പുള്ളവരെ പിന്നീടു നമ്മുടെ ഫ്രണ്ട്സ് ലിസ്റ്റിൽ കണ്ടെത്താനാകും. പുതിയ പോസ്റ്റുകൾ ഇവർ ഇടാത്തതിനാൽ നോട്ടിഫിക്കേഷൻ അലർട്ടുകളും ഉണ്ടാകില്ല. നമ്മൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ, പോകുന്ന സ്ഥലങ്ങൾ ഇവയൊക്കെ ഇവരുടെ നിരീക്ഷണത്തിലായിരിക്കും. ഈ വിവരങ്ങളും ചിത്രങ്ങളുമൊക്കെ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണെന്നു പൊലീസ് സൈബർ വിഭാഗം മുന്നറിയിപ്പു നൽകുന്നു. ടൂർ പോയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവരുടെ വീടുകളിൽ മോഷണം നടക്കുന്നതൊക്കെ ഇത്തരം നിരീക്ഷണത്തിന്റെ ഫലമാണെന്നാണു പൊലീസ് പറയുന്നത്. ‘സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട’ എന്നതാണ് ഇതിനു പ്രതിവിധിയായി പൊലീസിനു നിർദേശിക്കാനുള്ളൂ; ആർക്കും ഇഷ്ടമാകില്ലെങ്കിലും!

സ്വകാര്യ ചിത്രങ്ങൾ അയയ്ക്കരുത്; ഭർത്താവിനു പോലും
സ്ത്രീകൾ അവരുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തിയ ദൃശ്യങ്ങളോ നഗ്നചിത്രങ്ങളോ സ്വന്തം ഭർത്താവ് ആവശ്യപ്പെട്ടാൽ പോലും സമൂഹമാധ്യമങ്ങളിലൂടെ അയച്ചു നൽകാൻ പാടില്ലെന്നു മനഃശാസ്ത്ര വിദഗ്ധൻ ഡോ.സി.ജെ.ജോൺ പറയുന്നു. പ്രണയം തെളിയിക്കാൻ ഇത്തരം ചിത്രങ്ങൾ അയയ്ക്കണം എന്നാവശ്യപ്പെടുന്നവരുടേതു യഥാർഥ സ്നേഹമല്ലെന്നു മനസ്സിലാക്കി ഒഴിവാക്കുന്നതാണു ബുദ്ധിയെന്നും അദ്ദേഹം പറയുന്നു.
സമൂഹമാധ്യമ ഉപയോക്താക്കൾക്കായി അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന മറ്റു നിർദേശങ്ങൾ ഇങ്ങനെ.
∙ സൈബർ സ്വകാര്യതയിൽ ചെയ്യുന്ന കാര്യങ്ങൾ മറ്റാരിലേക്കും എത്തില്ല എന്നതു മിഥ്യാധാരണയാണ്.
∙ ഫെയ്സ്ബുക്, വാട്സാപ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവയ്ക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഡിലീറ്റ് ചെയ്താൽ പോലും വീണ്ടെടുക്കാൻ കഴിയുമെന്നും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നുമുള്ള ബോധ്യം ഉണ്ടാകണം.
∙ കൗമാരകാലത്തെ സഹജമായ പ്രണയവികാരങ്ങൾക്ക് അടിപ്പെട്ടു സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അയച്ചു നൽകാനുള്ള പ്രേരണയ്ക്കു കടിഞ്ഞാണിടുക.
∙ സ്ത്രീകളുടെ മാന്യതയെയും അന്തസ്സിനെയും ധ്വംസിക്കുന്ന പ്രവർത്തനങ്ങൾ സൈബർ ലോകത്തും പാടില്ലെന്ന നിഷ്ഠ വേണം
∙ സ്വകാര്യ ചിത്രങ്ങൾ കാട്ടി ഭീഷണി ഉയർത്തുത്തുകയാണെങ്കിൽ ഭീഷണി സന്ദേശങ്ങൾ ഉൾപ്പെടെ സൂക്ഷിക്കുകയും ഇതു പൊലീസിനു കൈമാറുകയും വേണം.
∙ സൈബർ ലോകത്തു കുട്ടികൾ പാലിക്കേണ്ട മര്യാദകൾ പരിശീലിപ്പിക്കേണ്ട ബാധ്യത സമൂഹത്തിനും കുടുംബങ്ങൾക്കുമുണ്ട്.
ദുരുപയോഗവും ചൂഷണവും ഒഴിവാക്കാൻ
സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും മറ്റും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ പൊലീസ് നിർദേശിക്കുന്നത് ഇവയാണ്.
∙ അപരിചിതരുടെ ഫ്രണ്ട്സ് റിക്വസ്റ്റുകൾ സ്വീകരിക്കരുത്.
∙ നമ്മുടെ പോസ്റ്റുകളും ചിത്രങ്ങളുമൊക്കെ സുഹൃത് ലിസ്റ്റിലുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തുക (ഫ്രണ്ട്സ് ഒൺലി മോഡ്).
∙ പ്രൊഫൈൽ ചിത്രങ്ങൾ ലോക്ക് ചെയ്യുക.
∙ ഹൈ റസലൂഷൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാതിരിക്കുക(ഭംഗി അൽപം കുറഞ്ഞാലും സാരമില്ല, പിന്നീട് മോർഫിങ് പോലെയുള്ള തലവേദനകൾ ഒഴിവാക്കാൻ ഇതുപകരിക്കും).
∙ ചിത്രങ്ങൾ കഴിവതും ലോങ് ഷോട്ട് ആയിരിക്കാൻ ശ്രദ്ധിക്കുക.
∙ ക്ലോസ് അപ്, ഹാഫ് സൈസ് ചിത്രങ്ങൾ കഴിവതും ഒഴിവാക്കുക.
∙ ചിത്രങ്ങളോ വ്യക്തി വിവരങ്ങളോ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന വിവരം കിട്ടിയാൽ ഉടൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുക.
Content Summary: Cyber attack: Take care of these things