ADVERTISEMENT

ചെലവൊന്നുമില്ലാതെ തുടങ്ങാവുന്നതും ഏത് പ്രായക്കാര്‍ക്കും എളുപ്പം പിന്തുടരാവുന്നതുമായ വ്യായാമമാണ് രാവിലെയുള്ള നടത്തം. ഒരു ദിവസം തുടങ്ങാന്‍ പ്രഭാത നടത്തം പോലെ മികച്ച ഒരു വഴിയില്ലെന്നു തന്നെ പറയാം. മടിയെല്ലാം മാറ്റി വച്ച് പ്രഭാത നടത്തത്തിന് പോകാന്‍ ആര്‍ക്കും പ്രചോദനം നല്‍കുന്ന അഞ്ച് കാരണങ്ങൾ  ഇനി പറയുന്നവയാണ്:

 

1. കാലറി കത്തിക്കാം

അമിതഭാരം കുറയ്ക്കാനും കുടവയര്‍ കുറയ്ക്കാനുമൊക്കെ ശ്രമിക്കുന്നവര്‍ക്ക് ഇതിന് സഹായിക്കുന്ന വ്യായാമമാണ് പ്രഭാത നടത്തം. ഒരു രാത്രിയിലെ ഉറക്കത്തിനും വിശ്രമത്തിനും ശേഷം നമ്മുടെ ചയാപചയ സംവിധാനത്തെ കുലുക്കി ഉണര്‍ത്താന്‍ രാവിലത്തെ നടത്തം സഹായിക്കും. ഇത് കൂടുതല്‍ വേഗത്തില്‍ കാലറി കത്തിക്കാന്‍ ശരീരത്തെ അനുവദിക്കും. മിതമായ വേഗത്തില്‍ അര മണിക്കൂര്‍ നടന്നാല്‍ പോലും 150 കാലറി വരെ കത്തിച്ചു കളയാന്‍ സാധിക്കുന്നതാണ്. 

 

2. മാനസികാരോഗ്യം മെച്ചപ്പെടുത്താം

നല്ല ശുദ്ധവായു ശ്വസിച്ച് ഇളം വെയിലൊക്കെ കൊണ്ട് രാവിലെ നടക്കുന്നത് നമ്മുടെ ശരീരത്തിന് മാത്രമല്ല മനസ്സിനും നല്ലതാണ്. മാനസികാരോഗ്യത്തെ ബാധിക്കുന്ന സമ്മര്‍ദം, ഉത്കണ്ഠ എന്നിവയൊക്കെ ഗണ്യമായി കുറയ്ക്കാന്‍ നടത്തത്തിലൂടെ സാധിക്കും. ശരീരത്തിനു സന്തോഷം നല്‍കുന്ന ഹോര്‍മോണുകള്‍ പ്രഭാത നടത്തത്തിലൂടെ ഉത്തേജിപ്പിക്കപ്പെടുന്നത് നമ്മുടെ മൂഡും മെച്ചപ്പെടുത്തും. പോസിറ്റീവായ ഒരു സമീപനം ജീവിതത്തില്‍ ആവശ്യമായവര്‍ക്ക് നടത്തമുള്‍പ്പെടെയുള്ള വ്യായാമം ചെയ്തു കൊണ്ട് ദിവസം ആരംഭിക്കാം. രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മെച്ചപ്പെട്ട വൈകാരിക ആരോഗ്യമുണ്ടാകുമെന്ന്  2020ല്‍ ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ റിസര്‍ച്ച് ആൻഡ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടും പറയുന്നു. 

 

3. പ്രതിരോധ ശേഷി മെച്ചപ്പെടുത്താം

കാര്യമായ രോഗങ്ങളൊന്നുമില്ലാതെ ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനു സഹായകമായ ഒരു നല്ല ശീലമാണ് പ്രഭാത നടത്തം. കാരണം ശരീരത്തിന്‍റെ പ്രതിരോധശേഷി നല്ല തോതില്‍ മെച്ചപ്പെടുത്താനും ഊര്‍ജവും കരുത്തും ഫ്ളെക്സിബിലിറ്റിയും വര്‍ധിപ്പിക്കാനും നടത്തം സഹായകമാണ്. 

 

4. എല്ലുകള്‍ക്ക് കരുത്ത്

50 വയസ്സ് കഴിയുമ്പോൾ  എല്ലുകള്‍ നശിക്കുന്നതിന്‍റെ നിരക്ക് വര്‍ധിക്കുന്നത് ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. നിത്യവുമുള്ള നടത്തവും പോഷക സമ്പുഷ്ടമായ ഭക്ഷണവും എല്ലുകളെ ശക്തിപ്പെടുത്തുകയും ഈ അവസ്ഥാ വിശേഷം വൈകിപ്പിക്കുകയും ചെയ്യും. ദീര്‍ഘകാലം ആരുടെയും സഹായമില്ലാതെ നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാളെത്തന്നെ രാവിലെ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങുക. 

 

5. ഹൃദയാരോഗ്യം മെച്ചപ്പെടുത്താം

നാം രാവിലെ  കിടക്ക വിട്ട് എഴുന്നേല്‍ക്കുന്നതിന് മുന്‍പുതന്നെ നമ്മുടെ ശരീരം ആ ദിവസത്തിന് വേണ്ടുന്ന തയാറെടുപ്പ് ആരംഭിക്കും. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും ഉയരാനും എന്‍ഡോക്രൈന്‍ ഗ്രന്ഥികള്‍ കൂടുതല്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാനും ആരംഭിക്കും. ഹൃദയമിടിപ്പും രക്തസമ്മര്‍ദവുമെല്ലാം നിയന്ത്രണത്തില്‍ നിര്‍ത്താനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും പ്രഭാത നടത്തം സഹായകമാണ്.

Content Summary: Health benefits of morning walk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com