വറുത്ത ഭക്ഷണം മുതല്‍ മദ്യം വരെ: ഫാറ്റി ലിവര്‍ മോശമാക്കുന്ന ഏഴ് വിഭവങ്ങള്‍

fatty liver
Photo Credit: Shidlovski/ Istockphoto
SHARE

മുപ്പതുകളിലും നാല്‍പ്പതുകളിലും ഉള്ളവര്‍ക്ക് തങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ദുസ്സൂചനകള്‍ നല്‍കുന്ന രോഗമാണ് ഫാറ്റി ലിവര്‍ ഡിസീസ്. കരളില്‍ അമിതമായി കൊഴുപ്പടിയുന്ന ഈ രോഗം പലപ്പോഴും മോശം ജീവിതശൈലിയുടെ ഭാഗമായിട്ടാണ് ഉണ്ടാകുന്നത്. ഇന്ത്യയിലെ മുതിര്‍ന്നവരില്‍ 38.6 ശതമാനത്തിനും ഫാറ്റി ലിവര്‍ ഉണ്ടെന്നും 52.8 ശതമാനത്തിനും ഈ രോഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് എക്‌സിപിരിമെന്റല്‍ ഹെപ്പറ്റോളജിയില്‍ 2022ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

അമിതവണ്ണം, ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധം, അമിത മദ്യപാനം, ചിലതരം മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം ഫാറ്റി ലിവറിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്. ചികിത്സിക്കാതിരുന്നാല്‍ ഫാറ്റി ലിവര്‍ കരള്‍വീക്കം, ഫൈബ്രോസിസ്, കരളിലെ അര്‍ബുദം, കരള്‍ സ്തംഭനം പോലുള്ള രോഗസങ്കീര്‍ണതകളിലേക്ക് നയിക്കാം. ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത ഫാറ്റി ലിവര്‍ വര്‍ധിപ്പിക്കുന്നു. 

ഇനി പയുന്ന ചില ഭക്ഷണങ്ങള്‍ ഫാറ്റി ലിവര്‍ രോഗം മോശമാക്കുന്നതാണ്. 

1. മദ്യം

എളുപ്പം ദഹിക്കാനോ വിഘടിക്കാനോ ബുദ്ധിമുട്ടുള്ള പാനീയമാണ് മദ്യം. കരള്‍ ഉൽപാദിപ്പിക്കുന്ന എന്‍സൈമുകളുടെ ഉൽപാദനവും മദ്യം നിയന്ത്രിക്കും. ഫാറ്റി ലിവര്‍ രോഗം നിയന്ത്രിക്കാനായി കഴിക്കുന്ന മരുന്നുകളെ നിര്‍വീര്യമാക്കാനും മദ്യത്തിന്റെ ഉപയോഗം കാരണമാകും. ഫാറ്റി ലിവര്‍ പോലെ കരളിനെ ബാധിക്കുന്ന പ്രശ്‌നമുള്ളവര്‍ മദ്യപാനം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. 

2. മധുരം

ഏതു തരത്തിലുമുള്ള മധുരത്തിന്റെ അമിതമായ ഉപയോഗം ഫാറ്റി ലിവര്‍ രോഗത്തെ കൂടുതല്‍ മോശമാക്കുന്നു. സോഡ ചേര്‍ന്ന മധുരപാനീയങ്ങള്‍, മധുരം ചേര്‍ത്ത പായ്ക്ക് ചെയ്ത ജ്യൂസുകള്‍, ഷുഗര്‍ കാന്‍ഡികള്‍, കേക്ക്, പേസ്ട്രി എന്നിവയെല്ലാം ഫാറ്റി ലിവര്‍ രോഗികള്‍ പൂര്‍ണമായും വര്‍ജ്ജിക്കണം. 

3. സാച്ചുറേറ്റഡ് കൊഴുപ്പും ട്രാന്‍സ് കൊഴുപ്പും

കൊഴുപ്പുള്ള മാംസം, ഫുള്‍ ഫാറ്റ് ഡയറി ഉൽപന്നങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍, സംസ്‌കരിച്ച സ്‌നാക്‌സ്, ബേയ്ക്ക് ചെയ്ത ഭക്ഷണം എന്നിങ്ങനെ സാച്ചുറേറ്റഡ് കൊഴുപ്പും ട്രാന്‍സ് കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കരളില്‍ നീര്‍ക്കെട്ട് വര്‍ധിപ്പിക്കുകയും കരള്‍ നാശത്തിനു കാരണമാകുകയും ചെയ്യും. 

4. കോണ്‍ സിറപ്പ്

ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പ് ചേര്‍ന്ന ഭക്ഷണ പാനീയങ്ങളും ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ടതാണ്. ചിലതരം സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവയില്‍ ഇത് ചേര്‍ന്നിരിക്കുന്നു. 

5. വറുത്തത്തും പൊരിച്ചതുമായ ഭക്ഷണം

ഫാസ്റ്റ് ഫുഡ്, പായ്ക്ക് ചെയ്ത സ്‌നാക്‌സ്, വറുത്തതും പൊരിച്ചതുമായ മറ്റ്  വിഭവങ്ങള്‍ എന്നിവ കണ്ടാല്‍ ആര്‍ക്കും കഴിക്കാന്‍ തോന്നും. അത്രയ്ക്ക് രുചിയാണ് ഈ വിഭവങ്ങള്‍ക്ക് പൊതുവേ. എന്നാല്‍ ഇവയിലെ അനാരോഗ്യകരമായ കൊഴുപ്പ് കരള്‍ രോഗികള്‍ക്ക് നല്ലതല്ല. അനാവശ്യായ ഭാരവര്‍ധനവിനും കൊളസ്‌ട്രോളിനും ഹൃദ്രോഗത്തിനും അവ കാരണമാകാം. 

6. ഉയര്‍ന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവര്‍ മാത്രമല്ല ഫാറ്റി ലിവര്‍ രോഗികളും ഉയര്‍ന്ന തോതില്‍ സോഡിയം അടങ്ങിയ ഭക്ഷണത്തെ ഭയക്കണം. കരളിലെ നീര്‍ക്കെട്ടിന് ഇവ കാരണമാകാം. ഉപ്പ് ചേര്‍ത്ത സ്‌നാക്‌സുകള്‍, കാനിലടച്ച സൂപ്പ്, സംസ്‌കരിച്ച മാംസം എന്നിവയിലെല്ലാം അമിതമായി ഉപ്പ് ചേര്‍ന്നിരിക്കുന്നതിനാല്‍ ഇവയെല്ലാം ഒഴിവാക്കേണ്ടതാണ്. 

7. റിഫൈന്‍ ചെയ്ത ധാന്യങ്ങള്‍

വൈറ്റ് ബ്രഡ്, വൈറ്റ് റൈസ്, പാസ്ത എന്നിങ്ങനെ റിഫൈന്‍ ചെയ്ത ധാന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് വര്‍ധിപ്പിക്കുകയും കരളില്‍ കൊഴുപ്പടിയാന്‍ കാരണമാകുകയും ചെയ്യും. ക്വിനോവ, മില്ലറ്റുകള്‍, ബ്രൗൺ  റൈസ് പോലുള്ള ഹോള്‍ ഗ്രെയ്‌നുകള്‍ ഇതിനു പകരം കഴിക്കേണ്ടതാണ്. 

Content Summary: Fried Food To Alcohol, 7 Foods To Avoid If You Have Fatty Liver

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA