കാഴ്ച നഷ്ടത്തിലേക്ക് നയിക്കാം ഈ പത്ത് ഘടകങ്ങള്‍

vision loss
Photo Credit: gawrav/ Istockphoto
SHARE

മനുഷ്യരില്‍ കാഴ്ച നഷ്ടത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതാണ്. ചിലത് ജനിതകപരമാണെങ്കില്‍ ചിലത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ മൂലമാകാം. ചില പ്രശ്‌നങ്ങള്‍ എന്നെന്നേക്കുമായി കാഴ്ച ശക്തിയെ നശിപ്പിക്കുമ്പോള്‍ ചിലത് കൃത്യമായ പരിശോധനകളിലൂടെ നേരത്തെ കണ്ടെത്താവുന്നതും ചികിത്സിക്കാവുന്നതുമാണ്.  നേരത്തെയുള്ള രോഗനിര്‍ണയം കണ്ണിന്റെ കാര്യത്തില്‍ അതിപ്രധാനമാണ്. ഇനി പറയുന്ന പത്ത് ഘടകങ്ങള്‍ കാഴ്ച ശക്തി നഷ്ടമാകാന്‍ ഇടയാക്കാം.

1. പ്രായം

പ്രായത്തോടനുബന്ധിച്ച് വരുന്ന ഒരു നേത്ര രോഗമാണ് ഏജ് റിലേറ്റഡ് മാക്കുലര്‍ ഡീജനറേഷന്‍. തെളിച്ചമുള്ള കാഴ്ചയില്‍ പ്രധാന പങ്ക് വഹിക്കുന്ന മാക്കുല എന്ന കണ്ണിന്റെ ഭാഗത്തിന് സംഭവിക്കുന്ന ശോഷണമാണ് ഇതിനു കാരണം. 

2. തിമിരം

കണ്ണിന്റെ ലെന്‍സിന് വരുന്ന മങ്ങലും മൂടലുമാണ് തിമിരം. പ്രായമാകുമ്പോഴാണ് തിമിരം പൊതുവേ ബാധിക്കുക. മങ്ങിയ കാഴ്ച, വെളിച്ചത്തിന് ചുറ്റും കാണപ്പെടുന്ന വലയങ്ങള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. തിമിരം ശസ്ത്രക്രിയയിലൂടെ പരിഹരിക്കാന്‍ സാധിക്കും.

3. ഗ്ലോക്കോമ

കണ്ണിലെ അസാധാരണമായ ഉയര്‍ന്ന മര്‍ദം കാഴ്ചയെ സഹായിക്കുന്ന ഒപ്റ്റിക് നാഡീവ്യൂഹത്തെ നശിപ്പിക്കുന്നതാണ് ഗ്ലോക്കോമയിലേക്ക് നയിക്കുന്നത്. പലപ്പോഴും ലക്ഷണങ്ങളൊന്നുമില്ലാതെ വന്ന് കാഴ്ചയെ കവര്‍ന്നെടുത്ത് പോകുന്ന നിശ്ശബ്ദ രോഗമാണ് ഗ്ലോക്കോമ. ഇടയ്ക്കിടെയുള്ള പരിശോധനകളിലൂടെ നേരത്തെ ഇതിനുള്ള സാധ്യത തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

4. പ്രമേഹം

പ്രമേഹം അതിര് വിടുമ്പോള്‍ അതിനൊപ്പം വരുന്ന ഒരു രോഗസങ്കീര്‍ണതയാണ് ഡയബറ്റിക് റെറ്റിനോപ്പതി. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര റെറ്റിനയെ ബാധിക്കുന്നത് കാഴ്ചശക്തി നഷ്ടമാകാന്‍ ഇടയാക്കുന്നു. പ്രമേഹം കണ്ണിലേക്ക് പടരാതിരിക്കാന്‍ രോഗികള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

5. ഹ്രസ്വദൃഷ്ടി

മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി ബാധിക്കുന്നവര്‍ക്ക് ദൂരെയുള്ള വസ്തുക്കള്‍ കാണാന്‍ ഒരു മങ്ങല്‍ അനുഭവപ്പെടും. റിഫ്രാക്ടീവ് സര്‍ജറി, ഗ്ലാസുകള്‍, കോണ്‍ടാക്ട് ലെന്‍സ് എന്നിവയിലൂടെ മയോപ്പിയ പരിഹരിക്കാവുന്നതാണ്. 

6. ദൂരദൃഷ്ടി

ഹെപ്പറോപ്പിയ അഥവാ ദൂരദൃഷ്ടി ബാധിച്ചവര്‍ക്ക് അടുത്തുള്ള വസ്തുക്കളാണ് തെളിച്ചത്തോടെ കാണാന്‍ സാധിക്കാത്തത്. ഇതിനും റിഫ്രാക്ടീവ് സര്‍ജറിയും ഗ്ലാസുകളും കോണ്‍ടാക്ട് ലെന്‍സുകളും പ്രതിവിധിയാണ്. 

7. അസ്റ്റിഗ്മാറ്റിസം

ഏത് ദൂരത്തിലും വ്യക്തതയില്ലാത്ത കാഴ്ചയുണ്ടാക്കുന്ന രോഗമാണ് ഇത്. കണ്ണിന്റെ ലെന്‍സിന് ഏതെങ്കിലും ഒരു ബിന്ദുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതിനാല്‍ കാഴ്ച മങ്ങുന്ന അസുഖമാണ് ഇത്. കോര്‍ണിയയുടെയോ ലെന്‍സിന്റെയോ ആകാരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇതിലേക്ക് നയിക്കാം. കണ്ണടകളും കോണ്‍ടാക്ട് ലെന്‍സുകളും പ്രശ്‌നപരിഹാരത്തിന് സഹായിക്കും. 

8. റെറ്റിനല്‍ ഡിറ്റാച്ച്‌മെന്റ്

കണ്ണിന്റെ പിന്‍വശത്തുള്ള കോശപാളിയായ റെറ്റിന അതിന് പിന്നിലുള്ള കോശങ്ങളില്‍ നിന്ന് വിട്ടു പോരുന്നതും കാഴ്ച പോകാന്‍ ഇടയാക്കാം. 

9. മുറിവുകള്‍

കണ്ണിനു മുകളില്‍ ഏല്‍ക്കുന്ന ഇടി, എന്തെങ്കിലും കണ്ണില്‍ തറയ്ക്കല്‍ പോലുള്ള പരുക്കുകളും കാഴ്ച ശക്തി നഷ്ടപ്പെടുത്താം. 

10. അള്‍ട്രാ വയലറ്റ് റേഡിയേഷന്‍

തിമിരം, മാക്കുലാര്‍ ഡീജനറേഷന്‍ പോലുള്ള നേത്ര രോഗങ്ങള്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ കണ്ണില്‍ അടിക്കുന്നത് മൂലം ഉണ്ടാകാം. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പുറത്തിറങ്ങുമ്പോള്‍ സണ്‍ ഗ്ലാസ് ധരിക്കേണ്ടത് അത്യാവശ്യമാണ്.

Content Summary: Common factors that can lead to Vision loss 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA