ADVERTISEMENT

ഭാരനിയന്ത്രണത്തിനുള്ള ശ്രമങ്ങളില്‍ പലപ്പോഴും ആദ്യം രക്തസാക്ഷിയാകാറുള്ള ഒന്നാണ് ദിവസവും നാം കഴിച്ചു വരുന്ന ചോറ്. ചോറ് കഴിക്കുന്നതു കൊണ്ടാണ് ഭാരവും  പ്രമേഹവും  വര്‍ധിക്കുന്നതെന്ന തരത്തിലുള്ള പല റിപ്പോര്‍ട്ടുകളും പുറത്തു വരാറുണ്ട് താനും. എന്നാല്‍ എന്താണ് ഇവയ്ക്ക് പിന്നിലെ സത്യം? ശരിക്കും പലരും കരുതുന്ന അത്ര പ്രശ്നക്കാരനാണോ അരി?

 

100 ഗ്രാം പാകം ചെയ്ത ചോറില്‍ 130 കാലറിയുണ്ടെന്ന് കണക്കാക്കുന്നു. ഇതില്‍ 28 ഗ്രാമോളം കാര്‍ബോഹൈഡ്രേറ്റാണ്. റിഫൈന്‍ ചെയ്ത അരിക്ക് ഗ്ലൈസിമിക് സൂചിക വളരെ ഉയര്‍ന്നതാണെന്നും കാണാം. ഇതിനാല്‍  റിഫൈന്‍ ചെയ്ത അരിയും ടൈപ്പ് 2 പ്രമേഹവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനാലാണ് ചോറ് ഭക്ഷണക്രമത്തില്‍ നിന്നു മാറ്റാനുള്ള ചില നിര്‍ദേശങ്ങള്‍ പല കോണുകളിൽ നിന്നുയരുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും മാറ്റുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

 

ഇതിന്‍റെ ഒന്നാമത്തെ കാരണം അരി നമ്മുടെ ചുറ്റുപാടുകളിൽ  വളരുന്നതും നൂറ്റാണ്ടുകളായി നമ്മുടെ മുഖ്യഭക്ഷണമായിരുന്നു എന്നതുമാണ്. ഇതിനാല്‍ അരി പെട്ടെന്ന് ഭക്ഷണക്രമത്തില്‍ നിന്ന് പിന്‍വലിക്കുന്നത് ശരീരത്തിന് തിരിച്ചടിയുണ്ടാക്കും. അരിയില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് ഒരു സുപ്രഭാതത്തില്‍ ഭക്ഷണത്തില്‍ നിന്ന് മാറ്റുന്നത് മലബന്ധം അടക്കമുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും.  

Read Also: ഫ്ളാക്സ് വിത്തുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ഒന്‍പത് കാരണങ്ങള്‍

ഗ്ലൈസിമിക് സൂചിക ഉയര്‍ന്ന അരിക്ക് പകരം ബ്രൗണ്‍ റൈസ് പോലുള്ളവ ഉപയോഗിക്കാവുന്നതാണ്. അരിയില്‍ ആവശ്യത്തിന് കാര്‍ബോ ഉള്ളതിനാല്‍ ഇവയ്ക്കൊപ്പം കഴിക്കാന്‍ തിരഞ്ഞെടുക്കുന്നത് സ്റ്റാര്‍ച്ച് കുറഞ്ഞ പച്ചക്കറികളും പ്രോട്ടീന്‍ അടങ്ങിയ പരിപ്പുമൊക്കെയാണെങ്കില്‍ നന്നാകും. അരി വേഗം ദഹിക്കുമെന്നതിനാല്‍ പ്രായമായവര്‍ക്ക് കൊടുക്കാവുന്ന മികച്ചൊരു ഭക്ഷമാണ് ചോറ്.

 

 

തിയാമിന്‍, നിയാസിന്‍, സിങ്ക്, ഫോസ്ഫറസ് പോലുള്ള ധാതുക്കള്‍ എന്നിവയുള്ളതിനാല്‍ അരിയെ പൂര്‍ണമായും ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കരുതെന്ന് ഇന്‍റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും പ്രമേഹം പോലുള്ള രോഗങ്ങളുടെയും അവസ്ഥ മനസ്സിലാക്കി ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനനുസരിച്ച് അളവില്‍ മാറ്റം വരുത്താവുന്നതാണ്.

Content Summary: Dos and don'ts of eating rice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com