ADVERTISEMENT

കഴുത്തില്‍ ചിത്രശലഭത്തിന്‍റെ ആകൃതിയിലായി കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് ഉത്പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ നിരവധി  ശാരീരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്ഡിന്‍റെ ഉത്പാദനം കൂടുന്നതും കുറയുന്നതും പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. തൈറോയ്ഡ് അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന ഹൈപ്പര്‍തൈറോയ്ഡിസത്തിന്‍റെ ഭാഗമായി ഭാരനഷ്ടം, ഉത്കണ്ഠ, അമിതവിയര്‍പ്പ്, വര്‍ധിച്ച ഹൃദയമിടിപ്പ്, പേശികള്‍ക്ക് ദൗര്‍ബല്യം, ചൂട് സഹിക്കാനാവാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. തൈറോയ്ഡ് ഉത്പാദനം കുറയുന്നതിന് ഹൈപോതൈറോയ്ഡിസം എന്നു വിളിക്കുന്നു. ഇത് മൂലം അമിതമായ ക്ഷീണം, ഭാരവര്‍ധന, വിഷാദരോഗം, വരണ്ട ചര്‍മം, തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ, ശബ്ദമാറ്റം, ആര്‍ത്തവപ്രശ്നങ്ങള്‍ എന്നിവയുണ്ടാകാം. 

 

അയഡിന്‍ അഭാവം മൂലം ഹൈപോതൈറോയ്ഡിസം ബാധിക്കുന്ന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. അയഡിന്‍ ചേര്‍ന്ന ഉപ്പില്‍ നിന്നാണ് ശരീരത്തിന് ആവശ്യമായ അയഡിന്‍ ലഭിക്കുക. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ചില നല്ല ശീലങ്ങള്‍ വിശദീകരിക്കുകയാണ് എച്ച്ടി ലൈഫ്സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ന്യൂഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ എന്‍ഡോക്രൈനോളജി സീനിയര്‍ കണ്‍സൽറ്റന്‍റ് ഡോ. റിച്ച ചതുര്‍വേദി. 

 

1. സന്തുലിത ഭക്ഷണക്രമം

പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍, ലീന്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ചേര്‍ന്ന സന്തുലിതമായ ഭക്ഷണക്രമം തൈറോയ്ഡിന്‍റെ ആരോഗ്യത്തെ സഹായിക്കും. തൈറോയ്ഡ് ഹോര്‍മോണ്‍ റീപ്ലേസ്മെന്‍റ് മരുന്ന് കഴിക്കുന്നവര്‍ രാവിലെ കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. ഹൈപോതൈറോയ്ഡിസത്തിനായി ഉപയോഗിക്കുന്ന തൈറോക്സിന്‍ മരുന്നുമായി കാപ്പി പ്രതിപ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. സോയ ഉത്പന്നങ്ങള്‍ക്കും ഇതേ പ്രശ്നമുള്ളതിനാല്‍ അവയും ചെറിയ തോതില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.  

 

2. അയഡിന്‍ അളവ്

തൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആവശ്യത്തിന് അയഡിന്‍ ചേര്‍ന്ന ഭക്ഷണവും ഉപ്പുമെല്ലാം കഴിക്കേണ്ടതാണ്.  അയഡിന്‍ ചേര്‍ന്ന കടല്‍ മീനുകളും കടല്‍ പായലുകളും ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാം. എന്നാല്‍ ഇത് അധികമാകാതെയും ശ്രദ്ധിക്കേണ്ടതാണ്. ബ്രസീല്‍ നട്സ്, മീന്‍, മുട്ട, പയര്‍ വര്‍ഗങ്ങള്‍ എന്നിവയില്‍ അടിങ്ങിയിരിക്കുന്ന സെലീനിയവും തൈറോയ്ഡിന് നല്ലതാണ്. 

 

3. നിത്യവും വ്യായാമം

നിത്യവും വ്യായാമം ചെയ്യുന്നത് ഭാരം നിയന്ത്രിച്ച് നിര്‍ത്താനും തൈറോയ്ഡ് പ്രവര്‍ത്തനം സുഗമമാക്കാനും സഹായകമാണ്. ഹൈപോതൈറോയ്ഡിസം ചയാപചയ നിരക്കിനെ കുറയ്ക്കുന്നത് പെട്ടെന്ന് ഭാരം കൂടാന്‍ കാരണമായേക്കാം. ഇതിനാല്‍ വ്യായാമത്തിലൂടെ ഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. 

 

4. സമ്മര്‍ദ നിയന്ത്രണം

നിരന്തരമുള്ള സമ്മര്‍ദം തൈറോയ്ഡ് പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്. മെഡിറ്റേഷന്‍, യോഗ, ശ്വസന വ്യായാമം എന്നിവയിലൂടെയെല്ലാം സമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്തണം.

 

5. ആവശ്യത്തിന് ഉറക്കം

രാത്രിയില്‍ ഏഴു മുതല്‍ ഒൻപത് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാണം. ആവശ്യത്തിന് ഉറക്കമില്ലാത്ത അവസ്ഥ തൈറോയ്ഡ് ഹോര്‍മോണ്‍ ബാലന്‍സ് തകര്‍ക്കാം. 

 

6. വിഷവസ്തുക്കളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക

കീടനാശിനികള്‍, രാസവസ്തുക്കള്‍, ഹെവി മെറ്റലുകള്‍ എന്നിങ്ങനെയുള്ള വിഷവസ്തുക്കളുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇവയെല്ലാം തൈറോയ്ഡ് പ്രവര്‍ത്തനത്തെ ബാധിക്കാം. പ്രകൃതിദത്തവും ജൈവവുമായ ഉത്പന്നങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുക. 

 

7. ഇടയ്ക്കിടെ പരിശോധന

ഇടയ്ക്ക് ആരോഗ്യ പരിശോധനകള്‍ നടത്തുമ്പോൾ  തൈറോയ്ഡ് ഫങ്ഷന്‍ ടെസ്റ്റും മറക്കാതെ ചെയ്യുക. തൈറോയ്ഡ് പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് രോഗസങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

 

8. സംസ്കരിച്ച ഭക്ഷണങ്ങള്‍ കുറയ്ക്കുക

സംസ്കരിച്ച ഭക്ഷണങ്ങള്‍, റിഫൈന്‍ ചെയ്ത പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഇവയെല്ലാം ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാക്കി തൈറോയ്ഡ് പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ്. 

 

9. പുകവലിയും മദ്യപാനവും ഒഴിവാക്കുക

പുകവലിയും മദ്യപാനവും തൈറോയ്ഡ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇവ രണ്ടും കർശനമായും ഒഴിവാക്കുക.

 

10. ആവശ്യത്തിന് വെള്ളം കുടിക്കുക

ശരീരത്തിലെ ജലാംശം താഴാതിരിക്കാന്‍ ഇടയ്ക്കിടെ ആവശ്യത്തിന് വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്. നിര്‍ജലീകരണം തൈറോയ്ഡ് പ്രവര്‍ത്തനത്തെയും ബാധിക്കാം. 

Content Summary: Healthy habits, diet plan to keep a check on thyroid problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com