നാല്‍പതുകളിലും അന്‍പതുകളിലുമുള്ള സ്ത്രീകള്‍ക്ക് പൊതുവേ വരുന്ന അസ്വാഭാവികമായ ഹൃദയാഘാതമാണ് സ്പൊണ്ടേനിയസ് കൊറോണറി ആര്‍ട്ടറി ഡിസ്സക്‌ഷന്‍ അഥവാ സ്കാഡ്. രക്തക്കുഴലില്‍ കൊഴുപ്പോ കൊളസ്ട്രോളോ കെട്ടിക്കിടന്നുണ്ടാകുന്ന അതെറോസ്ക്ളീറോസിസ് മൂലമുള്ള ഹൃദയാഘാതത്തില്‍ നിന്ന് വ്യത്യസ്തമാണ് സ്കാഡ് മൂലമുള്ള ഹൃദയാഘാതം. ഇവിടെ രക്തക്കുഴലിന് ഉണ്ടാകുന്ന കീറലോ പൊട്ടലോ ആണ് താളം തെറ്റിയ ഹൃദയമിടിപ്പിലേക്കും പിന്നീട് പെട്ടെന്നുള്ള മരണത്തിലേക്കും നയിക്കുന്നത്.
രക്തധമനികള്‍ക്ക് മൂന്ന് പാളികളാണ് ഉള്ളത്. ഇതില്‍ ഏതെങ്കിലും ഒരു പാളിയില്‍ പൊട്ടലുണ്ടാകുമ്പോൾ രക്തപ്രവാഹം മെല്ലെയാകുകയോ രക്തം ഈ പൊട്ടലിനിടയിലൂടെ ഒഴുകി പാളികള്‍ക്കിടയില്‍ കട്ടപിടിക്കുകയോ ചെയ്യുന്നു. ഇതൊരു മുഴ പോലെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തി ഹൃദയാഘാതത്തിന് കാരണമാകുന്നു.
അപൂര്‍വമായി വരുന്ന ഈ ഹൃദയാഘാതം പക്ഷേ ജീവന്‍ തന്നെ എടുക്കാവുന്നതാണ്. ഇതിന്‍റെ ലക്ഷണങ്ങള്‍ സാധാരണ ഹൃദയാഘാതത്തെ പോലെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചേക്കില്ലെന്ന അപകടവുമുണ്ട്. നെഞ്ച് വേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, കാലുകളിലും താടിയിലും വേദന, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, അമിതമായി വിയര്‍ക്കല്‍, അത്യധികമായ ക്ഷീണം, ഓക്കാനം, തലകറക്കം എന്നിവയെല്ലാം സ്കാഡിന്‍റെ ലക്ഷണങ്ങളാണ്. സ്കാഡ് ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും വരാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നു. ഇതിനാല്‍ തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുളള അപകട സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളെ നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രമിക്കേണ്ടതാണ്.
നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ റിസര്‍ച്ചും ലൈകെസ്റ്റര്‍ ബയോമെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്ന് നടത്തിയ ഒരു പഠനം സ്ത്രീകളിലെ സ്കാഡ് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന 16 ജീനുകളെ കണ്ടെത്തിയിരുന്നു. രക്തധമനികളുടെ ഭിത്തിയില്‍ അസാധാരണ കോശ വളര്‍ച്ചയുണ്ടാക്കുന്ന ഫൈബ്രോമാസ്കുലാര്‍ ഡിസ്പ്ലാസിയ എന്ന അവസ്ഥയും സ്കാഡുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഫൈബ്രോമാസ്കുലാര്‍ ഡിസ്പ്ലാസിയ കൂടുതലായി കാണപ്പെടുന്നത്. കണക്ടീവ് കോശസംയുക്തങ്ങളുമായി ബന്ധപ്പെട്ട ജനിതക രോഗങ്ങള്‍, വാസ്കുലര്‍ എലേര്‍സ്-ഡാന്‍ലോസ് സിന്‍ഡ്രോം, മര്‍ഫാന്‍ സിന്‍ഡ്രോം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയും സ്കാഡിന്റെ അപകട സാധ്യത വർധിപ്പിക്കുന്നു.
Content Summary: SCAD: THIS heart attack affects young women mostly