ADVERTISEMENT

ഭാരം കുറയ്ക്കാന്‍ പല തരം ഡയറ്റുകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. ഓരോന്നിനും അതിന്‍റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും. എന്നാല്‍ ഒരു വിധം എല്ലാ ഡയറ്റുകളിലും ഇടം പിടിക്കുന്ന ഒന്നാണ് ഡ്രൈ ഫ്രൂട്ട്സ് അഥവാ ഉണക്ക പഴങ്ങള്‍. പോഷണങ്ങളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഡ്രൈ ഫ്രൂട്സുകള്‍ ചയാപചയ നിരക്കിനെ വര്‍ധിപ്പിക്കും. അവയില്‍ ധാതുക്കളും എന്‍സൈമുകളും വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ദഹനസംവിധാനത്തെയും മെച്ചപ്പെടുത്തും. 

 

ദീര്‍ഘനേരം വിശക്കാതിരിക്കാനും ഡ്രൈ ഫ്രൂട്ടുകള്‍ സഹായിക്കും. ഇതിലെ ഉയര്‍ന്ന ഫൈബര്‍ തോതാണ് വിശപ്പിനെ അടക്കാന്‍ സഹായിക്കുന്നത്. വലിച്ചുവാരി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ഇതുവഴി സാധിക്കും. വയര്‍ എപ്പോഴും നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നത് ശരീരത്തില്‍ കൊഴുപ്പായി ശേഖരിക്കപ്പെടുന്ന കാലറി കുറയ്ക്കാനും സഹായിക്കും. ഇനി പറയുന്ന അഞ്ച് ഡ്രൈ ഫ്രൂട്സുകള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന് ഫുഡ് ഇന്നവേഷന്‍ ടെക്നോളജിസ്റ്റായ മരിഷ ബൗറൈ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ  പറയുന്നു. 

Photo: Shutterctock/Tanya Sid
Photo: Shutterctock/Tanya Sid

 

1. ഉണക്ക മുന്തിരി

1038303888
Photo Credit: Shutterstock.com

ഉണക്ക മുന്തിരി രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിലനിര്‍ത്തുന്നതിനാല്‍ മധുരത്തോടുള്ള അഭിനിവേശം ഗണ്യമായി കുറയ്ക്കാനാകും. ഉണക്ക മുന്തിരിയില്‍ ഉപ്പിന്‍റെ അംശം കുറവും അയഡിന്‍, ഫൈബര്‍, ഒമേഗ-3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍ എന്നിവ അധികവുമാണ്. വെറുതെ കഴിക്കാതെ വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം കഴിച്ചാല്‍ ഗുണം വര്‍ധിക്കും. 

 

Almonds. Photo: Shutterstock/ Krasula
Almonds. Photo: Shutterstock/ Krasula

2. ഫിഗ്

ഉയര്‍ന്ന തോതില്‍ ഫൈബര്‍ ഉള്ളതിനാല്‍ ഫിഗ് അഥവാ അത്തിപ്പഴം ഭാരനിയന്ത്രണത്തില്‍ സഹായകമാണ്. ഇവ ദഹനത്തെ സഹായിക്കുകയും ചയാപചയ നിരക്ക് വര്‍ധിപ്പിക്കുകയും ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതിലെ ഒമേഗ-3 ഫാറ്റി ആസിഡ് വ്യായാമ സമയത്ത് കൂടുതല്‍ കാലറി കത്തിക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. പൊട്ടാസിയവും ധാരാളമായി അടങ്ങിയ ഫിഗ് രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും സഹായിക്കും. 

Photo: Shutterctock/SMarina
Photo: Shutterctock/SMarina

 

3. ആല്‍മണ്ട്

Image Credits: rootstocks/Istock.com
Image Credits: rootstocks/Istock.com

ഉയര്‍ന്ന കൊളസ്ട്രോള്‍ തോത് ഉള്ളവര്‍ക്ക് വളരെ പ്രയോജനപ്രദമായ ഒന്നാണ് ആല്‍മണ്ട്. കാലറി കുറഞ്ഞതും മോണോ സാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളമുള്ളതുമായ ആല്‍മണ്ട് കൊളസ്ട്രോള്‍ കുറയ്ക്കുകയും ഭാരനിയന്ത്രണത്തില്‍ സഹായിക്കുകയും ചെയ്യും. ആന്‍റി ഓക്സിഡന്‍റുകളും പ്രോട്ടീനും ഇവയില്‍ അടങ്ങിയിരിക്കുന്നു. 

 

4.  ഈന്തപ്പഴം

പ്രധാന ഭക്ഷണങ്ങള്‍ക്കിടയില്‍ കഴിക്കാവുന്ന മികച്ചൊരു സ്നാക്കാണ് ഈന്തപ്പഴം. ഇവയിലെ ഫൈബര്‍ പെട്ടെന്ന് വിശക്കാതിരിക്കാന്‍ സഹായിക്കുന്നതിനാല്‍ ആരോഗ്യകരമല്ലാത്ത സ്നാക്സുകള്‍ ഒഴിവാക്കാം. ഈന്തപ്പഴത്തിലെ വൈറ്റമിന്‍ ബി5 കരുത്തും മെച്ചപ്പെടുത്തുന്നു. കരുത്ത് മെച്ചപ്പെടുന്നത് മികച്ച രീതിയില്‍ വ്യായാമം ചെയ്യാനും ശരീരത്തെ പ്രാപ്തമാക്കുന്നു. മികച്ച വ്യായാമം ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ നല്ല രീതിയില്‍ സഹായിക്കും. 

 

5. വാള്‍നട്ട്

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പും ഒമേഗ-3 ഫാറ്റി ആസിഡും അവശ്യ പോഷണങ്ങളും അടങ്ങിയതാണ് വാള്‍നട്ട്. ഇത് വിശപ്പിനെ അടക്കുകയും വലിച്ചു വാരി കഴിക്കുന്ന പ്രവണത നിയന്ത്രിക്കുകയും ചെയ്യും. ഇതു വഴി ഭാരനിയന്ത്രണത്തിലും വാള്‍നട്ട് സഹായിക്കും. ഇതിലെ ഫൈബറും കുടവയര്‍ കുറയ്ക്കാന്‍ ഫലപ്രദമാണ്.

Content Summary: 5 dry fruits that can help you with weight loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com