ADVERTISEMENT

കൂൺ രുചികരമായ ഭക്ഷണം മാത്രമല്ല. ആരോഗ്യഗുണങ്ങളുടെയും കലവറ ആണ്. ഔഷധഗുണങ്ങളും കൂണിനുണ്ട്. വൈറ്റമിനുകളും ധാതുക്കളും പോഷകങ്ങളും അടങ്ങിയ കൂണിന് പ്രായത്തെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. 

 

എർഗോതിയോ നെയ്ന്‍, ഗ്ലൂട്ടാത്തിയോൺ എന്നീ രണ്ട് ആന്റി ഓക്സിഡന്റുകൾ കൂണിൽ ധാരാളമായുണ്ട്. ആരോഗ്യമേകാനും പ്രായമാകലിനെ തടയാനും ഇവ സഹായിക്കുന്നു. വിവിധ കൂണ്‍ ഇനങ്ങളിൽ ഇവയുടെ അനുപാതം വ്യത്യാസപ്പെട്ടിരിക്കും. റെയ്ഷി, ഷിറ്റാക്കേ, മെയ്റ്റാകെ എന്നീ മൂന്ന് ഇനം കൂണുകൾക്കാണ് ആന്റി ഏജിങ്ങ് ഗുണങ്ങൾ കൂടുതലുള്ളത്. 

 

റെയ്ഷി (തൊപ്പിക്കൂൺ), ചാഗാ എന്നീ കൂണിനങ്ങൾ ആയുസ്സ് വർധിപ്പിക്കാനും ആരോഗ്യമേകാനും സഹായിക്കും. ഏതാണ്ട് രണ്ടായിരം വർഷങ്ങളായി ഔഷധമായി ഉപയോഗിക്കുന്ന കൂൺ ആണ് തൊപ്പിക്കൂൺ. ‘‘അനശ്വരതയുടെ കൂൺ’’ എന്നാണ് ഇത് അറിയപ്പെടുന്നതു തന്നെ. ആരോഗ്യവും ദീർഘായുസ്സുമേകുന്ന ഈ കൂൺ കാലങ്ങളായി ചൈനീസ് പാരമ്പര്യവൈദ്യത്തിൽ ഉപയോഗിച്ചു വരുന്നു. 

 

ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള തൊപ്പിക്കൂൺ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചർമസംരക്ഷണത്തിലും ഈ കൂണുകൾക്ക് പ്രാധാന്യമുണ്ട്. സൗന്ദര്യമേഖലയിലും ഇത് ഉപയോഗിച്ചു വരുന്നു. 

 

ഔഷധഗുണമുള്ള മറ്റൊരു കൂൺ ആയ ഷെയ്റ്റാകെ കൂണിന് ആന്റി ഏജിങ്ങ് ഗുണങ്ങൾ ഉണ്ട്. വൈറ്റമിൻ ബി ധാരാളം അടങ്ങിയ ഇതിൽ കൊളാജൻ ഉൽപാദനത്തിന് ആവശ്യമായ കോപ്പറും അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തെ ചുളിവുകൾ അകറ്റി ചെറുപ്പമുള്ളതാക്കുന്നു. പിഗ്മെന്റേഷൻ തടഞ്ഞ് ചർമത്തിന് പുതുശോഭ നൽകാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി കെമിക്കലുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. 

 

പ്രമേഹം, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ തുടങ്ങിയവ തടയാൻ മെയ്റ്റാക്കെ കൂൺ ഏഷ്യയിൽ ഉപയോഗിച്ചു വരുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ കോശവവളർച്ചയ്ക്കും കോശങ്ങളുടെ കേടുപാടുകൾ അകറ്റാനും സഹായിക്കുന്നു. പ്രായമാകൽ തടഞ്ഞ് ചർമത്തെ ആരോഗ്യമുള്ളതാക്കാൻ സഹായിക്കുന്നു. 

 

ദീർഘായുസ്സിന് കൂൺ

മനുഷ്യരില്‍ ദീർഘായുസ്സ് ഏകാൻ കൂൺ സഹായിക്കുമെന്ന് 2021 ൽ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. യുഎസിലെ 15,000 പേരിൽ 20 വർഷക്കാലം പഠനം നടത്തി ദിവസവും ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നവർക്ക് മരണസാധ്യത 16 ശതമാനം കുറവാണെന്ന് കണ്ടു. കൂണിന്റെ ഉപയോഗം രാജ്യത്തെ മൊത്തത്തിലുള്ള മരണനിരക്കും കുറയ്ക്കുന്നതായി കണ്ടു. എല്ലാത്തരം കൂണിനങ്ങളും ആരോഗ്യവും രോഗപ്രതിരോധശക്തിയും വർധിപ്പിക്കും എന്നാൽ ചിലയിനം കൂണുകൾ ആയ റെയ്ഷി, കോർഡിസെപ്സ്, ചാഗ, ലയൺസ് മെയ്ൻ മഷ്റൂം ഇവ ദീർഘായുസ്സേകും എന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ഇനങ്ങളിൽ എൽ–എർഗോതിയോനെയ്ൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ പ്രായമാകലിനും ആയുസ്സ് വർധിപ്പിക്കാനും ആവശ്യമാണ്. 

 

കൂണിന്റെ ആരോഗ്യഗുണങ്ങൾ

ആയുസ്സ് വർധിപ്പിക്കാനും ആരോഗ്യകരമായ പ്രായമാകലിനും സഹായിക്കുന്നതു കൂടാതെ കൂണിന് മറ്റ് ആരോഗ്യഗുണങ്ങളുമുണ്ട്. 

 

∙രക്തസമ്മർദം കുറയ്ക്കുന്നു– കൂണിൽ സോഡിയം കുറവാണ്. ഇത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. 

 

∙കൊളസ്ട്രോൾ കുറയ്ക്കുന്നു – ഷിറ്റാകെ കൂൺ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. 

 

∙തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു– തലച്ചോറിന്റെ ആരോഗ്യവും ബൗദ്ധിക പ്രവർത്തനങ്ങളും മെച്ചപ്പെടുത്താൻ കൂണിന്റെ ഉപയോഗം സഹായിക്കും. 

 

∙ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു– ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുക വഴി ഉദരാരോഗ്യം മെച്ചപ്പെടുത്താൻ കൂൺ സഹായിക്കും. 

 

∙വൈറ്റമിന്‍ ഡിയുടെ അളവ് നിലനിർത്തുന്നു– ചില കൂണുകൾ സൂര്യപ്രകാശമേൽക്കുമ്പോൾ അവയുടെ വൈറ്റമിൻ ഡിയുടെ അളവ് ഉയരുന്നു. വൈറ്റ് ബട്ടർ മഷ്റൂം, പോർട്ടാ ബെല്ല ക്രെമിനി എന്നീ കൂണിനങ്ങളിൽ വൈറ്റമിൻ ഡി ധാരാളമുണ്ട്. 

 

∙രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു– കൂണിൽ ഉള്ള മാക്രോന്യൂട്രിയന്റുകൾ ആരോഗ്യകരമായ രോഗപ്രതിരോധസംവിധാനം ഏകാൻ സഹായിക്കും.

Content Summary: Include mushrooms for long life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com