ADVERTISEMENT

ശരീരത്തിന്റെയും മനസ്സിന്റെയും വളർച്ചയ്ക്കും വികാസത്തിനും നല്ല ഭക്ഷണം അത്യാവശ്യമാണ്. പോഷകങ്ങളും ജീവകങ്ങളും ധാതുക്കളും എല്ലാമടങ്ങിയ സമീകൃത ഭക്ഷണത്തിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. എന്നാലും ചിലപ്പോൾ പല പ്രധാനപ്പെട്ട ധാതുക്കളും വൈറ്റമിനുകളും ലഭിച്ചില്ലെന്നു വരാം. ഇവയുടെ അഭാവം ചില സൂചനകളായി ശരീരം പ്രകടിപ്പിക്കും. വൈറ്റമിൻ ഡഫിഷ്യൻസി മൂലമുണ്ടാകുന്ന ചില ലക്ഷണങ്ങളെ അറിയാം.  

∙ സന്ധികൾക്കു വേദന

കഠിനമായ ജോലി ഒന്നും ചെയ്യാതെതന്നെ സന്ധികൾക്ക് വേദന തോന്നാറുണ്ടോ. ഇത് വൈറ്റമിൻ ഡിയുടെ അഭാവം മൂലമാകാം. കാൽസ്യത്തിന്റെ ആഗിരണത്തിന് വൈറ്റമിൻ ഡി അത്യാവശ്യമാണ്. എല്ലുകളുടെ ആരോഗ്യത്തിന് ഇത് പ്രധാനമാണ്. വൈറ്റമിൻ ഡി ധാരാളമടങ്ങിയ സാൽമൺ, മുട്ടയുടെ മഞ്ഞ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൂടാതെ കുറച്ചു സമയം വെയിൽ കൊള്ളണം. സൂര്യപ്രകാശത്തിൽ നിന്നും വൈറ്റമിൻ ഡി ലഭിക്കും. 

∙ നഖം പൊട്ടുക

നഖം പൊട്ടിപ്പോകാറുണ്ടോ, നഖത്തിൽ പാടുകളും വിള്ളലും ഉണ്ടാകാറുണ്ടോ. ബയോട്ടിൻ അഥവാ ജീവകം ബി 7 ന്റെ അഭാവം മൂലമാകാമിത്. വൈറ്റമിൻ ബി 7 ന്റെ അഭാവം മൂലം കടുത്ത ക്ഷീണം, പേശിവേദന ഇവയും ഉണ്ടാകാം. മുട്ടയുടെ മഞ്ഞ, ഇറച്ചി, മാംസ്യം, പാലുൽപന്നങ്ങൾ, നട്സ്, പച്ചച്ചീര, ബ്രോക്കോളി, കോളിഫ്ലവർ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാവും. 

∙ വരണ്ട ചർമവും താരനും

ചർമം വല്ലാതെ ഡ്രൈ ആകുന്നതും, താരനും വൈറ്റമിൻ ഡഫിഷ്യൻസി മൂലമാകാം. തലയിലെ താരനും ചർമത്തിന്റെ വരൾച്ചയും ജീവകം ബി 3, ജീവകം ബി2 ഇവയുടെ അഭാവം മൂലമാകാം. റൈബോഫ്ലേവിൻ, പിരിഡോക്സിൻ മുതലായവ ധാരാളമായടങ്ങിയ ഭക്ഷണങ്ങൾ അതായത് മുഴുധാന്യങ്ങൾ, പൗൾട്രി, ഇറച്ചി, മത്സ്യം, മുട്ട, പാലുൽപന്നങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. 

∙ ചുവപ്പോ വെളുപ്പോ നിറത്തിലുള്ള പാടുകൾ

ചുവപ്പോ വെളുപ്പോ നിറത്തിലുള്ള ചെറിയ മുഴകൾ, പാടുകൾ ഇവ കവിൾ, കൈ, തുടകൾ ഇവിടെയെല്ലാം കാണാം. ഇതിനെ കെരാറ്റോസിസ് പിലാരിസ് എന്നാണ് വിളിക്കുന്നത്. സാധാരണ ഈ പാടുകൾ കുട്ടിക്കാലത്ത് കാണുമെങ്കിലും മുതിരുമ്പോൾ താനേ അപ്രത്യക്ഷമാകും. ചിലപ്പോൾ ഇത് ജനിതക പ്രശ്നമാകാം. എന്നാൽ ചിലപ്പോൾ ജീവകം എ, സി എന്നിവയുടെ അഭാവം മൂലവും ഇങ്ങനെ ഉണ്ടാകാം. പാലുൽപ്പന്നങ്ങൾ, ഇറച്ചി, മുട്ട, മത്സ്യം, കടുംപച്ചനിറത്തിലുള്ള ഇലക്കറികൾ, മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പച്ചക്കറികൾ, പഴങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

∙ കാലിന് പുകച്ചിൽ

കാലിനടിയിൽ പുകച്ചിൽ അനുഭവപ്പെടാം. ഇടയ്ക്കിടെ ഇങ്ങനെ വന്നാൽ വൈദ്യസഹായം തേടണം. വൈറ്റമിൻ ബി12 ന്റെ അഭാവം മൂലമാണിത്. ഹീമോഗ്ലോബിന്റെ ഉൽപ്പാദനത്തിന്  സഹായിക്കുന്ന വൈറ്റമിൻ ആണിത്. സ്ഥിരമായി ഈ വൈറ്റമിൻ ഡഫിഷ്യൻസി വന്നാൽ അത് നാഡീവ്യവസ്ഥയെ തന്നെ തകരാറിലാക്കും. 

Content summary: Common signs of Vitamin deficiency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com