ADVERTISEMENT

ലോകത്തിന്‍റെ പ്രമേഹ തലസ്ഥാനമായിട്ടാണ് ഇന്ത്യ അറിയപ്പെടുന്നത്. മാറുന്ന ജീവിതശൈലിയുടെയും ഭക്ഷണശീലങ്ങളുടെയുമൊക്കെ ഭാഗമായി ഓരോ വര്‍ഷവും പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കോവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണുമൊക്കെ  ഈ സ്ഥിതി ഇനിയും രൂക്ഷമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. 

പെട്ടെന്നൊരു ദിവസം ആരും പ്രമേഹ രോഗികളാകുന്നില്ല. പ്രമേഹം വരുന്നതിന്‍റെ മുന്നോടിയായി ശരീരം നമുക്ക് പല സൂചനകളും നല്‍കാറുണ്ട്. എന്നാല്‍ പലരും അവ അവഗണിക്കാറാണ് പതിവ്. ഒടുവില്‍ നിയന്ത്രണാതീതമായ തോതിലേക്ക് രക്തത്തിലെ പഞ്ചസാര ഉയര്‍ന്നു കഴിയുമ്പോൾ മാത്രമാണ് ചികിത്സ തേടുക. ശരീരം നല്‍കുന്ന മുന്നറിയിപ്പ് സൂചനകള്‍ നിരീക്ഷിക്കുക വഴി ടൈപ്പ് 2 പ്രമേഹത്തെ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനായി ഇനി പറയുന്ന ലക്ഷണങ്ങളെ കരുതിയിരിക്കണം

1. ചര്‍മത്തിനുണ്ടാകുന്ന മാറ്റങ്ങള്‍

ചര്‍മം വരണ്ടു പോകുന്നതും തൊലിപ്പുറത്ത് തിണര്‍പ്പുകള്‍ പ്രത്യക്ഷമാകുന്നതുമൊക്കെ പ്രമേഹത്തിന്‍റെ പ്രാരംഭ ലക്ഷണമാകാം. ശരീരത്തില്‍ ഇന്‍സുലിന്‍ തോത് കൂടുന്നത് ചര്‍മത്തെ കൂടുതല്‍ കട്ടിയുള്ളതാക്കും. 

2. കാഴ്ച പ്രശ്നങ്ങള്‍

പ്രമേഹം രൂക്ഷമാകുന്ന വേളയില്‍ കണ്ണുകളിലേക്കുള്ള ഞരമ്പുകളെ ബാധിച്ച് പലര്‍ക്കും കാഴ്ച തന്നെ നഷ്ടപ്പെടാറുണ്ട്. എന്നാല്‍ ഈ കാഴ്ച പ്രശ്നം ചിലര്‍ക്ക് പ്രാരംഭ ലക്ഷണമായി വരാം. പൂര്‍ണ്ണമായ കാഴ്ച നഷ്ടമല്ല മറിച്ച് മങ്ങിയ കാഴ്ചയുടെയും മറ്റും രൂപത്തിലാണ് ശരീരം രക്തത്തിലെ ഉയരുന്ന പഞ്ചസാരയുടെ തോതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുക. 

3. വരണ്ട വായ, മോണകളില്‍ രക്തമൊഴുക്ക്

നമ്മുടെ വായുടെ ആരോഗ്യം ശരീരത്തിലെ രക്തത്തിന്‍റെ തോതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എപ്പോഴും വായ വരണ്ടു പോകുന്നതും അടിക്കടി ദാഹം തോന്നുന്നതുമെല്ലാം പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാണ്. വായ്ക്കൊപ്പം ചുണ്ടുകള്‍ ഉണങ്ങുക, ഭക്ഷണം ചവച്ചിറക്കാന്‍ ബുദ്ധിമുട്ട് തോന്നുക, നാക്കില്‍ അടിക്കടി കുരുക്കളും മുറിവുകളും വരുക തുടങ്ങിയവയെല്ലാം പ്രമേഹ പരിശോധനയ്ക്ക് നേരമായെന്ന സൂചന നല്‍കുന്നു. 

4.കൈകാലുകള്‍ക്ക് മരവിപ്പ്

കൈകാലുകളിലെ വിരലുകള്‍ക്ക് മരവിപ്പും തരിപ്പുമൊക്കെ പ്രമേഹത്തിന് മുന്നോടിയായി വരാറുണ്ട്. രക്തത്തിലെ പഞ്ചസാര നാഡീഞരമ്പുകളെ ബാധിച്ച് തുടങ്ങുന്നതിന്‍റെ ലക്ഷമാണ് ഇത്. 

5. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍

അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടുന്നതും രക്തത്തിലെ പഞ്ചസാര ഉയരുന്നതിന്‍റെ ലക്ഷണമാണ്. രാത്രികാലങ്ങളില്‍ പ്രത്യേകിച്ചും ഇത്തരത്തില്‍ നിരന്തരം മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ രക്തപരിശോധന നടത്താന്‍ വൈകരുത്. 

6. ക്ഷീണം

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അത്യധികമായ ക്ഷീണം തോന്നുന്നതും കരുതിയിരിക്കേണ്ട ലക്ഷണമാണ്. ഇത് ചിലപ്പോള്‍ പ്രമേഹം മൂലമുള്ള ഡയബറ്റീസ് ഫാറ്റീഗ് സിന്‍ഡ്രോം മൂലമാകാം. 

7. ദേഷ്യം

ദേഷ്യം, അമിതമായ ഉത്കണ്ഠ തുടങ്ങിയവയെല്ലാം രക്തത്തിലെ പഞ്ചസാരയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലമാകാം. രക്തത്തിലെ പഞ്ചസാര ഉയരുന്നത് മാത്രമല്ല താഴുന്നതും ഇത്തരം ലക്ഷണങ്ങളിലേക്ക് നയിക്കാം. 

8. അപ്രതീക്ഷിതമായി ഭാരം കുറയല്‍

പ്രത്യേകിച്ച് വ്യായാമം ഒന്നും ചെയ്യാതെയും ഭക്ഷണം കുറയ്ക്കാതെയുമൊക്കെ ശരീരത്തിന്‍റെ ഭാരം കുറയാന്‍ തുടങ്ങിയാല്‍ അത് പ്രമേഹം മൂലമായിരിക്കാം. പ്രമേഹം മൂലം ഭാരം കുറയുന്നവര്‍ക്ക് ഇതെ തുടര്‍ന്ന് കണ്ണുകള്‍ക്കും നാഡീവ്യൂഹത്തിനുമൊക്കെ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അപ്രതീക്ഷിതമായും അസ്വാഭാവികമായുമുള്ള ഭാരം കുറയല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി രക്തത്തിലെ പഞ്ചസാര പരിശോധിക്കണം.

Content Summary : Beware of these early warning signs of Type-2 diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com