ADVERTISEMENT

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ കുറച്ച് കൂടി തീവ്രമായ രൂപമാണ് നോണ്‍ ആല്‍ക്കഹോളിക് സ്റ്റിയോഹെപ്പറ്റൈറ്റിസ് അഥവാ നാഷ്. കൊഴുപ്പ് കരളില്‍ അടിഞ്ഞു കൂടി നീര്‍ക്കെട്ടും കരള്‍ കോശങ്ങളില്‍ വ്രണങ്ങളും ഉണ്ടാകുന്ന ഈ അവസ്ഥ ലോകത്തെ രണ്ട് ശതമാനം മുതിര്‍ന്നവര്‍ അനുഭവിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കരള്‍ വീക്കത്തിലേക്കും ഹൃദ്രോഗ സാധ്യതകളിലേക്കും മരണത്തിലേക്കുമൊക്കെ നയിക്കാവുന്ന രോഗാവസ്ഥയാണ് നാഷ്. നിലവില്‍ ഇതിന് മരുന്നുകളൊന്നും ലഭ്യമല്ല. അമിതമായ കൊഴുപ്പാണ് ഈ പ്രശ്നങ്ങളിലേക്ക് നയിക്കുക എന്നതിനാല്‍ അവ കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് രോഗികള്‍ക്ക് നല്‍കാറുള്ളത്. 

 

സൂപ്പുകളും ഷേക്കുകളും ന്യൂട്രീഷന്‍ ബാറുകളുമൊക്കെ ഉപയോഗിച്ച് കൈവരിക്കുന്ന ത്വരിത ഗതിയിലുള്ള ഭാരം കുറയ്ക്കലിന് നാഷിന്‍റെ കാഠിന്യം കുറയ്ക്കാനാകുമെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയില്‍ നടത്തിയ പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുവേ അമിതവണ്ണത്തിനും ടൈപ്പ് 2 പ്രമേഹത്തിനും നിര്‍ദ്ദേശിക്കപ്പെടുന്ന ഭക്ഷണക്രമമാണ് സൂപ്പ് ആന്‍ഡ് ഷേക്ക്സ് ഡയറ്റ്. 

 

നാഷ് രോഗമുള്ള 16 പേരെയാണ് ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. ഇവരില്‍ അഞ്ച് പേര്‍ സ്ത്രീകളും 11 പേര്‍ പുരുഷന്മാരുമായിരുന്നു. ഇവര്‍ക്ക് 12 ആഴ്ചത്തേക്ക് അവരുടെ സാധാരണ ഭക്ഷണത്തിന് പകരം സൂപ്പുകളും ഷേക്കുകളും ന്യൂട്രിഷൻ ബാറുകളും  അടങ്ങുന്ന ഭക്ഷണം നല്‍കി. 880 കാലറിയും അവശ്യ വൈറ്റമിനുകളും ധാതുക്കളും ഇവര്‍ക്ക് ഇതിലൂടെ പ്രതിദിനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. ആദ്യത്തെ 12 ആഴ്ച കഴിഞ്ഞ് അടുത്ത 12 ആഴ്ചകളില്‍ ഇവര്‍ക്ക് പതിയെ പതിയെ സാധാരണ ഭക്ഷണം നല്‍കി തുടങ്ങി. 

 

പഠനത്തിന്‍റെ തുടക്കത്തില്‍ ഇവരുടെ ഭാരവും രക്തസമ്മര്‍ദവും അളക്കുകയും രക്തപരിശോധന നടത്തുകയും കരളിന്‍റെ ആരോഗ്യം വിലയിരുത്താന്‍ രണ്ട് സ്കാനുകള്‍ക്ക് ഇവരെ വിധേയരാക്കുകയും ചെയ്തിരുന്നു. ഇവരുടെ കരളിലെ നീര്‍ക്കെട്ടിന്‍റെയും വ്രണങ്ങളുടെയും നിലയും അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിന്‍റെ അളവും ഇതിലൂടെ വിലയിരുത്തി. ഈ പരിശോധനകള്‍ 12 ആഴ്ചകള്‍ക്കും 24 ആഴ്ചകള്‍ക്കും ശേഷം ആവര്‍ത്തിച്ചു. 16ല്‍ 14 പേര്‍ ഗവേഷണ കാലാവധി പൂര്‍ത്തിയാക്കി. ഇവരുടെ ശരീരഭാരം ശരാശരി 15 ശതമാനത്തോളം കുറഞ്ഞതായും ഗവേഷകര്‍ നിരീക്ഷിച്ചു. 

 

ഈ ത്വരിത ഗതിയിലുള്ള ഭാരം കുറയ്ക്കല്‍ ഇവര്‍ക്ക് സുരക്ഷിതമായിരുന്നെന്നും ഗവേഷകര്‍ പറയുന്നു. അവയുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്കയുള്ളതിനാല്‍ മുന്‍പ് ഇത്തരം ഭക്ഷണക്രമം നാഷ് രോഗികള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നില്ല. പൊതുവേ പറയപ്പെട്ടിരുന്ന ഒരു പാര്‍ശ്വഫലം മലബന്ധമായിരുന്നു. എന്നാല്‍ ഇത് താത്ക്കാലികവും മിതമായ തോതില്‍ ഉള്ളതുമാണെന്ന് ഗവേഷണത്തില്‍ തെളിഞ്ഞു. രോഗികളുടെ സ്കാനുകളില്‍ നിന്ന് ഗവേഷണകാലയളവിന് ശേഷം ഇവരുടെ കരളിന്‍റെ അവസ്ഥ മെച്ചപ്പെട്ടിരിക്കുന്നതായും കണ്ടെത്തി. നീര്‍ക്കെട്ടിന്‍റെയും വ്രണങ്ങളുടെയും അടയാളങ്ങളില്‍ ഗണ്യമായ കുറവ് കണ്ടെത്തി. രോഗികളുടെ സിസ്റ്റോളിക് രക്ത സമ്മര്‍ദവും ഹിമോഗ്ലോബിന്‍ എ1സി തോതും മെച്ചപ്പെട്ടതായും ഗവേഷകര്‍ പറഞ്ഞു. ഇതിനാല്‍ ഈ ഭക്ഷണക്രമം ഹൃദ്രോഗസാധ്യതയും കുറയ്ക്കുന്നതാണെന്ന് കരുതപ്പെടുന്നു. ഓക്സ്ഫഡ് സര്‍വകലാശാലയിലെ സീനിയര്‍ ഗവേഷകന്‍ ഡിമിത്രിയോസ് കൗടൗകിഡിസ് പഠനത്തിന് നേതൃത്വം നല്‍കി.  

Content Summary: Rapid Weight Loss Can Reverse a Severe Form of Liver Disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com