ADVERTISEMENT

എല്ലുകളിലും എല്ലുകളുടെ ചുറ്റുമുള്ള മൃദുകോശങ്ങളിലും ആരംഭിക്കുന്ന തരം അപൂര്‍വ അര്‍ബുദങ്ങളെ സാര്‍കോമ എന്ന് വിളിക്കുന്നു. ഇന്ത്യയില്‍ ഈ അര്‍ബുദം കൂടുതലും കുട്ടികളിലും കൗമാരക്കാരിലുമാണ് കണ്ടു വരുന്നത്. 50 ലധികം വിവിധ തരം സാര്‍കോമകള്‍ ഉണ്ടെങ്കിലും എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോസാര്‍ക്കോമയും ചുറ്റുമുള്ള മൃദു കോശങ്ങളെ ബാധിക്കുന്ന സോഫ്ട് ടിഷ്യൂ സാര്‍കോമയുമാണ് ഏറ്റവും പൊതുവായി കാണപ്പെടുന്നത്. കുട്ടികളിലെ അര്‍ബുദങ്ങളില്‍ മൂന്ന് ശതമാനം വരുന്ന ഒന്നാണ് ഓസ്റ്റിയോസാര്‍ക്കോമ.

കാലുകളിലെയും കൈകളിലെയും നീളമുള്ള എല്ലുകളിലാണ് പലപ്പോഴും അര്‍ബുദം ആദ്യം ബാധിക്കപ്പെടാറുള്ളതെന്ന് ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കല്‍ ഓങ്കോളജി ആന്‍ഡ് ഹെമറ്റോ ഓങ്കോളജി സീനിയര്‍ ഡയറക്ടര്‍ ഡോ. അങ്കുര്‍ ഭാല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ ചില കേസുകളില്‍ ഏത് എല്ലുകളില്‍ നിന്നും അര്‍ബുദം ആരംഭിക്കാം. അപൂര്‍വം കേസുകളിലാണ് എല്ലുകളുടെ ചുറ്റുമുള്ള മൃദുകോശങ്ങളില്‍ അര്‍ബുദം ആരംഭിച്ച് പിന്നീട് എല്ലുകളിലേക്ക് പടരുന്നത്. എല്ലുകളിലെ അര്‍ബുദം തിരിച്ചറിയാതെ പോകുന്നത് അവ ശ്വാസകോശം, തലച്ചോര്‍ പോലുള്ള മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടയാക്കുന്നു. 

ഇനി പറയുന്നവയാണ് എല്ലുകളിലെ അര്‍ബുദവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍. 

1. മുഴ
കാലിലും കൈയിലോ കാണപ്പെടുന്ന വളര്‍ന്നു കൊണ്ടിരിക്കുന്ന മുഴയാണ് അര്‍ബുദത്തിന്‍റെ ഒരു ലക്ഷണം. ചിലപ്പോള്‍ ഈ മുഴകള്‍ വേദനയുണ്ടാക്കുന്നവയാകാം. 

2. എല്ലുകളിലെ വേദനയും ബലക്കുറവും
അര്‍ബുദം ആരംഭിക്കുന്ന സ്ഥലത്തെ എല്ലിന് വേദനയും നീര്‍ക്കെട്ടുമാണ് മറ്റൊരു ലക്ഷണം. ആദ്യമൊക്കെ ഇത് വന്നും പോയും ഇറിക്കും. പിന്നീട് വേദന സ്ഥിരമാകുകയും അതിന്‍റെ തീവ്രത വര്‍ധിക്കുകയും ചെയ്യും. ചിലപ്പോള്‍ ചലനത്തിനനുസരിച്ച് വേദന രൂക്ഷമാകാം. സമീപ കോശങ്ങളിലും നീര്‍ക്കെട്ട് ഇതിന്‍റെ ഭാഗമായി വരാം. രാത്രിയില്‍ ഉറങ്ങുമ്പോൾ  പോലും ഈ വേദന തുടര്‍ന്നെന്ന് വരാം. കുട്ടികളില്‍ ഈ അര്‍ബുദം പലപ്പോഴും കാല്‍മുട്ടുകള്‍ക്ക് ചുറ്റുമാണ് വരാറുള്ളത്. എല്ലുകള്‍ക്ക് ബലക്കുറവും അര്‍ബുദലക്ഷണാണ്.  

3. സന്ധിവേദന
സന്ധികളിലും അതിന്‍റെ സമീപത്തും വരുന്ന വേദനയും നീര്‍ക്കെട്ടും അര്‍ബുദലക്ഷണമാണ്. നടക്കുമ്പോൾ  മുടന്ത്, പരിമിതമായ ചലനം, കാലുയര്‍ത്തി വയ്ക്കുമ്പോൾ വര്‍ധിക്കുന്ന വേദന എന്നിവയെല്ലാം മറ്റ് ലക്ഷണങ്ങളാണ്. 

4. അകാരണമായ ഭാരനഷ്ടം, ക്ഷീണം
പ്രത്യേകിച്ച് വ്യായാമമോ ഭക്ഷണനിയന്ത്രണമോ ഒന്നും കൂടാതെ തന്നെ ഭാരനഷ്ടവും ക്ഷീണവും അനുഭവപ്പെടുന്നതും അര്‍ബുദലക്ഷണമാണ്. ഈ ലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഡോക്ടറെ ഉടനെ കണ്ട് പരിശോധനകള്‍ നടത്തേണ്ടതാണ്. 

പനി, വിളര്‍ച്ച എന്നിവയും എല്ലുകളിലെ അര്‍ബുദവുമായി ബന്ധപ്പെട്ട മറ്റു ലക്ഷണങ്ങളാണെന്ന് ഡോ. അങ്കുര്‍ കൂട്ടിച്ചേര്‍ത്തു. രക്തപരിശോധന, എക്സ്റേ, സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍, പിഇടി സ്കാന്‍, റേഡിയോന്യൂക്ലൈഡ്, ബാധിക്കപ്പെട്ട ഭാഗത്തിന്‍റെ ബയോപ്സി എന്നിവയിലൂടെയാണ് അര്‍ബുദനിര്‍ണയം നടത്താറുള്ളത്.

Content Summary: Warning signs of Bone Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com