ADVERTISEMENT

ഇന്ന് സമൂഹത്തിലെ നല്ലൊരു ശതമാനം പേരെ അലട്ടുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം. ലോകജനസംഖ്യയുടെ 17 ശതമാനവും പ്രമേഹബാധിതരാണെന്ന് കണക്കുകള്‍ പറയുന്നു. 80 ദശലക്ഷം പ്രമേഹ രോഗികളുമായി ഇന്ത്യ ലോകത്തിന്‍റെ പ്രമേഹ തലസ്ഥാനമായി അറിയപ്പെടുന്നു. 2045 ഓടു കൂടി ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം 135 ദശലക്ഷമായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇനി പറയുന്ന ചില ആരോഗ്യകരമായ ശീലങ്ങള്‍ പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. 

1. ഭാരം കുറയ്ക്കാം
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നത് പ്രമേഹ നിയന്ത്രണത്തില്‍ അതിപ്രധാനമാണെന്ന് ഓണ്‍ക്വെസ്റ്റ് ലബോറട്ടറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. സുസ്രുത് പൗനിക്കര്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഏഴ് ശതമാനം ശരീരഭാരം കുറയ്ക്കുന്നത് പ്രമേഹ സാധ്യത 60 ശതമാനം വരെ കുറയ്ക്കാമെന്ന് ഡോ. സുസ്രുത് ചൂണ്ടിക്കാട്ടി. അമിതഭാരം ഇന്‍സുലിന്‍ പ്രതിരോധത്തെ ബാധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ തോതിനെ തകിടം മറിക്കുകയും ചെയ്യും. 

2. ഇടയ്ക്കിടെയുള്ള പരിശോധന
ഇടയ്ക്കിടെയുള്ള പ്രമേഹ പരിശോധന ഈ രോഗത്തെ നേരത്തെ തിരിച്ചറിയാനും ആവശ്യമായ മാറ്റങ്ങള്‍ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വരുത്താനും സഹായിക്കും. അമേരിക്കന്‍ ഡയബറ്റീസ് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നത് 45 വയസ്സിന് മുകളിലുള്ളവര്‍ ഇടയ്ക്കിടെ പ്രമേഹപരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നാണ്. 

3. പുകവലി ഉപേക്ഷിക്കാം
പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല അപകടം ഉണ്ടാക്കുക. പ്രമേഹം ഉള്‍പ്പെടെ പലവിധ ആരോഗ്യസങ്കീര്‍ണതകളും ഇത് കാരണമാകും. പുകവലി ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കും. ടൈപ്പ് 2 പ്രമേഹ സാധ്യത വലിയൊരളവില്‍ കുറയ്ക്കാന്‍ പുകവലി നിര്‍ത്തുന്നത് സഹായിക്കും. 

4. വെള്ളം കുടിക്കാം
മധുരവും പ്രിസര്‍വേറ്റീവുകളും മറ്റ് അനാരോഗ്യകരമായ ചേരുവകളും അടങ്ങിയ പാനീയങ്ങള്‍ക്ക് പകരം ദാഹിക്കുമ്പോൾ വെള്ളം കുടിക്കാനായി തിരഞ്ഞെടുക്കാം. ഇത് ശരീരത്തിലെ  ജലാംശം നിലനിര്‍ത്തുകയും അമിതമായ കാലറി ശരീരത്തിലെത്താതെ തടയുകയും ചെയ്യും. 

5. ഉയര്‍ന്ന ഫൈബര്‍ ഉപയോഗം
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിത്യവും ഉപയോഗിക്കുന്നതും പ്രമേഹ സാധ്യത കുറയ്ക്കും. ഫൈബര്‍ ഭക്ഷണത്തില്‍ നിന്നുമുള്ള പഞ്ചസാരയുടെ ആഗീരണത്തിന്‍റെ വേഗം കുറയ്ക്കും. ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതിരിക്കാന്‍ സഹായിക്കും. വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുമെന്നതിനാല്‍ അമിതമായ തോതില്‍ ഭക്ഷണം കഴിക്കാതിരിക്കാനും ഫൈബര്‍ സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍ എന്നിവയെല്ലാം ഫൈബര്‍ അടങ്ങിയവയാണ്. 

6. റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റിന്‍റെയും പഞ്ചസാരയുടെയും തോത് കുറയ്ക്കാം
പഞ്ചസാരയും റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം ഗ്ലൂക്കോസ്, ഇന്‍സുലിന്‍ തോതുകള്‍ ഉയര്‍ത്തുന്നവയാണ്. ഇതിനാല്‍ മധുരപാനീയങ്ങള്‍, ഡിസേര്‍ട്ടുകള്‍, സംസ്കരിച്ച സ്നാക്സുകള്‍, റിഫൈന്‍ ചെയ്ത ധാന്യങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കേണ്ടതാണ്.

Content Summary: Diabetes prevention tips and healthy habits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com