ADVERTISEMENT

ശരീരത്തിലെ ചില ധാതുക്കളും ലവണങ്ങളും കല്ലുകളായി വൃക്കകളില്‍ അടിഞ്ഞുകൂടുന്നത് അത്യധികമായ വേദനയുണ്ടാക്കുന്ന രോഗാവസ്ഥയാണ്.  റീനല്‍ കാല്‍കുലി, നെഫ്രോലിത്തിയാസിസ്, യൂറോലിത്തിയാസിസ് എന്നെല്ലാം ഈ അവസ്ഥയെ വിളിക്കുന്നു. വൃക്കയിലെ ഈ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും. ഇത് വൃക്കകള്‍ വീര്‍ത്ത് മറ്റ് സങ്കീര്‍ണതകളും സൃഷ്ടിക്കുന്നു. 

ആഹാരക്രമം, അമിതഭാരം, ചില രോഗങ്ങള്‍, ചിലതരം മരുന്നുകള്‍ എന്നിങ്ങനെ വൃക്കകളിലെ കല്ലുകള്‍ക്കിടയാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുമ്പോൾ  അവ തിരിച്ചറിയാന്‍ ശരീരം നല്‍കുന്ന സൂചനകള്‍ ഇനി പറയുന്നവയാണ്. 

1. വാരിയെല്ലുകള്‍ക്ക് താഴെ വേദന
വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന അതിശക്തമായതും കുത്തിക്കൊള്ളുന്നത് പോലുള്ളതുമായ വേദന വൃക്കയിലെ കല്ലുകളുടെ ലക്ഷണമാണ്. 

2. അടിവയറ്റില്‍ വേദന
അടിവയറ്റില്‍ തോന്നുന്നതോ അടിവയറ്റിലേക്കും നാഭിപ്രദേശത്തേക്കും പടരുന്നതോ ആയ വേദനയും ഈ രോഗത്തിന്‍റെ സുപ്രധാന ലക്ഷണമാണ്. 

3. മൂത്രമൊഴിക്കുമ്പോൾ  പുകച്ചില്‍
മൂത്രമൊഴിക്കുമ്പോൾ  തോന്നുന്ന പുകച്ചിലും വൃക്കയുടെ പ്രവര്‍ത്തനം അത്ര കാര്യക്ഷമമല്ലെന്ന സൂചന നല്‍കുന്നു. മൂത്രത്തിന്റെ നിറത്തില്‍ പെട്ടെന്നുണ്ടാകുന്ന വ്യത്യാസം, ശരിക്കും മൂത്രം ഒഴിക്കാനാകാത്ത അവസ്ഥ, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നിവയെല്ലാം വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന്റെ ചില ലക്ഷണങ്ങളാണ്. 

4. അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടല്‍ 
24 മണിക്കൂറില്‍ ഒരു വ്യക്തി ആറ് മുതല്‍ എട്ട് തവണ മൂത്രമൊഴിക്കുന്നത് സാധാരണമായി കണക്കാക്കുന്നു. ഇത് പത്തോ പന്ത്രണ്ടോ ആയാലും കുഴപ്പമില്ല. എന്നാല്‍ അതിനും മുകളിലേക്ക് മൂത്രമൊഴിക്കുന്നതിന്‍റെ ആവൃത്തി പോയാല്‍ അത് വൃക്കയുടെ ആരോഗ്യം സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നു. അടിക്കടിയുള്ള മൂത്രമൊഴിക്കലും വൃക്കയിലെ കല്ലുകളുടെ ലക്ഷണമാകാം. 

5. മൂത്രത്തില്‍ രക്തം
മൂത്രത്തില്‍ രക്തം കാണപ്പെടുന്നത് പല രോഗങ്ങളുടെയും ലക്ഷണമായതിനാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിന്നെ ഡോക്ടറെ കാണാന്‍ വൈകരുത്.  മൂത്രത്തില്‍ അമിതമായ പത, രൂക്ഷമായ ഗന്ധം, മനംമറിച്ചില്‍, പനി, കുളിര്‍ എന്നിവയെല്ലാം വൃക്കകളിലെ കല്ലുമായി ബന്ധപ്പെട്ട് റിപ്പോർട്ട്‌  ചെയ്യപ്പെടുന്ന അത്ര സാധാരണമല്ലാത്ത മറ്റ് ചില ലക്ഷണങ്ങളാണ്.

ധാരാളം വെള്ളം കുടിക്കേണ്ടത് വൃക്കകളിലെ കല്ലുകളെ നിയന്ത്രിക്കാന്‍ അത്യാവശ്യമണ്. നാരങ്ങാനീരും ഒലീവ് എണ്ണയും കലര്‍ത്തി കഴിക്കുന്നതും ഭക്ഷണക്രമത്തില്‍ ആപ്പിള്‍ സെഡര്‍ വിനഗര്‍ ചേര്‍ക്കുന്നതും സെലറി ജ്യൂസ് കഴിക്കുന്നതും ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Content Summary: Warning symptoms of Kidney Stone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com