ADVERTISEMENT

വീട്ടിലെ വിശാലമായ സൗകര്യത്തില്‍ നിന്ന് അല്‍പം ഒതുങ്ങിയ ലോകം തിരഞ്ഞെടുത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി.ഭാസ്‌കര്‍. എന്നാല്‍, വായനയുടെയും ചിന്തയുടെയും ചര്‍ച്ചകളുടെയും വലിയ ലോകത്തിന്റെ വാതിലുകളാണ് അദ്ദേഹത്തിനു മുന്നില്‍ തുറന്നിരിക്കുന്നത്. ചെന്നൈ അഡയാറിലെ വീട്ടില്‍നിന്നു പ്രത്യേക പരിചരണകേന്ദ്രത്തിലേക്കാണു മാധ്യമരംഗത്തെ ഈ അതികായന്റെ കൂടുമാറ്റം.

ബന്ധുക്കളെയും അടുപ്പക്കാരെയും ബുദ്ധിമുട്ടിക്കാതെ, സ്വന്തം നിലയില്‍ എഴുത്തും വായനയുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് വയോജന പരിചരണകേന്ദ്രത്തിലേക്കു ബി.ആര്‍.പി.ഭാസ്‌കര്‍ താമസം മാറിയത്. ഏതാനും ഡോക്ടര്‍മാര്‍ ചേര്‍ന്നു രൂപംകൊടുത്ത സ്ഥാപനമാണിത്. പരമ്പരാഗത വയോജന പരിചരണകേന്ദ്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്നത്തെ കാലത്തിന്റെ സ്വാതന്ത്ര്യവും സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന സ്ഥാപനം. ടിവി കാണാം, കംപ്യൂട്ടറില്‍ ജോലിചെയ്യാം, പുസ്തകം രചിക്കാം, ഇന്റര്‍നെറ്റ് ഉപയോഗിക്കാം തുടങ്ങി ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാം. ആരോഗ്യ കാര്യങ്ങള്‍, ഭക്ഷണം എന്നിവയെല്ലാം ശ്രദ്ധിക്കുന്നതിന് സഹായികളുണ്ട്. കാണേണ്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വരാം. വീട്ടില്‍ ഒറ്റപ്പെടല്‍ അനുഭവിക്കാതെ, കൂടെയുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ജീവിക്കുന്നതിന് വയോധികര്‍ക്ക് അവസരം ഒരുക്കുകയാണ് ചെന്നൈയിലെ ഈ പരിചരണ കേന്ദ്രം.

 

ഇത് സ്വയമെടുത്ത തീരുമാനം

ആദ്യം മകളും പിന്നീടു ഭാര്യയും ഈ ലോകത്തോടു വിടപറഞ്ഞു. അഡയാറിലെ വീട്ടില്‍ മരുമകനൊപ്പമായിരുന്നു താമസം. കാഴ്ചയ്ക്കു ചെറിയ പ്രശ്‌നങ്ങളൊഴിച്ചാല്‍ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല. എന്നാല്‍, ഭാവിയില്‍ ആരെയും ബുദ്ധിമുട്ടിക്കാന്‍ ഇടയാകരുത് എന്നതിനാലാണ് ഈ മാറ്റത്തിന് തീരുമാനിച്ചത്. പുതിയ താമസകേന്ദ്രത്തില്‍ സഹായത്തിന് ആളുകളുണ്ട്. മുടങ്ങാതെ വായിച്ചു കേള്‍പ്പിക്കാന്‍ ഒരാളെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. മലയാളം വാരികകളും മാസികകളും പുസ്തകങ്ങളും വായിച്ചുതരും. എഴുത്തും വായനയും വിശ്രമവും വേണ്ടപ്പെട്ടവരുമായുള്ള കൂടിക്കാഴ്ചയും അവരുമായുള്ള ചര്‍ച്ചകളുമായി ഇനിയുള്ള ജീവിതം ഇവിടെ ചെലവഴിക്കാനാണ് തീരുമാനം.

മടങ്ങാമായിരുന്നില്ലേ കേരളത്തിലേക്ക്?

കേരളം ഒരു വയോജനസൗഹൃദ സംസ്ഥാനമല്ലെന്ന് ബി.ആര്‍.പി.ഭാസ്‌കര്‍ പറയുന്നു. നാടിനു പുറത്തു ജീവിക്കുന്ന മലയാളികളില്‍ മിക്കവരെയും പോലെ എന്നും കേരളം തന്നെയായിരുന്നു മനസ്സിലുള്ളത്. എന്നാല്‍ തമിഴ്‌നാടുമായി താരതമ്യം ചെയ്യുമ്പോള്‍ വയോജനങ്ങള്‍ക്ക് ഉചിതമായ സാഹചര്യമല്ല കേരളത്തിലുള്ളത്. 

പ്രായമായവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജനങ്ങളുടെ മനോഭാവത്തിലെ പ്രശ്‌നങ്ങളുമാണ് കേരളത്തില്‍ വയോധികര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍. 

വിവിധ ആവശ്യങ്ങളുമായി സര്‍ക്കാര്‍ ഓഫിസുകളില്‍ എത്തുന്ന പ്രായമായവര്‍ക്ക് പടികള്‍ കയറി മുകളിലെത്തണം. ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ വീട്ടിലെത്തി പരിശോധിക്കാനും ഫലങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കാനുമുള്ള സംവിധാനവും കേരളത്തില്‍ പരിമിതമാണ്. ഇതിനെല്ലാം പുറമേ, പ്രായമായവരെ ചേര്‍ത്തു നിര്‍ത്താനും അവരാഗ്രഹിക്കുന്ന, അര്‍ഹിക്കുന്ന സാന്ത്വനവും പരിചരണവും ശ്രദ്ധയും നല്‍കാനുമുള്ള മനോഭാവം കേരളീയ സമൂഹത്തിനില്ലെന്നും മാനുഷിക മൂല്യങ്ങള്‍ നഷ്ടപ്പെട്ടതായും അദ്ദേഹം  വിലയിരുത്തുന്നു.

 

നയം വേണം, മനോഭാവവും

വയോജനങ്ങള്‍ക്കു മുഖ്യപരിഗണന നല്‍കുന്ന നയം കേരളത്തിനു വേണം. വലുതും ചെറുതുമായ സര്‍ക്കാര്‍ ഓഫിസുകളിലും സ്ഥാപനങ്ങളിലും എളുപ്പത്തില്‍ കയറിച്ചെല്ലാനും കാര്യങ്ങള്‍ പെട്ടെന്നു നടത്താനുമാകണം. ഓഫിസുകളില്‍ അവരുടെ ആവശ്യങ്ങള്‍ക്കു പരിഗണന നല്‍കണം. വാര്‍ധക്യകാലത്തെ ആരോഗ്യ പരിചരണത്തിനും പ്രാധാന്യം നല്‍കണം. വീട്ടിലെത്തിയുള്ള വൈദ്യപരിശോധന നടപ്പാക്കണം. പുറത്തുപോയി ഈ കാര്യങ്ങളെല്ലാം ചെയ്യുന്നതിന് ആരോഗ്യ, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പലരെയും അനുവദിക്കുന്നില്ല.

ഇതിനെല്ലാമൊപ്പം ജനങ്ങളുടെ മനോഭാവത്തില്‍ വലിയ മാറ്റം വരണം. വിദ്യാഭ്യാസത്തില്‍ മുന്‍നിരയിലുള്ള കേരളത്തില്‍ മാനുഷിക മൂല്യങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ചുറ്റിലും നടക്കുന്ന മൂല്യച്യുതികളാണു സമൂഹത്തിലേക്കു പടരുന്നത്. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. 

Content Summary: BRP Bhaskar old age life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com