ADVERTISEMENT

ശ്വാസകോശാർബുദത്തെക്കുറിച്ചും അതുണ്ടാകാനുള്ള കാരണങ്ങളെക്കുറിച്ചും പ്രാരംഭത്തിൽ തന്നെ അസുഖം കണ്ടുപിടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുന്നതിന്റെ ഭാഗമായി ആചരിച്ചു പോരുന്ന പ്രധാന ദിനമാണ് ശ്വാസകോശ കാൻസർ ദിനം. വർഷം തോറും ഓഗസ്റ്റ് 1-ന് ആചരിക്കുന്ന ഈ ദിനം, മാരകമായ ഈ രോഗത്തെ തടയുന്നതിനും ചെറുക്കുന്നതിനുമായി സജീവമായ നടപടികൾ കൈക്കൊള്ളാൻ വ്യക്തികൾക്കും സമൂഹങ്ങൾക്കും ഒരു ഓർമപ്പെടുത്തലായി മാറുന്നു.

ഏറ്റവും സാധാരണമായി കണ്ടുവരുന്ന കാൻസർ
ലോകമെമ്പാടും ഏറ്റവും സാധാരണമായി കണ്ടുവരുന്ന കാൻസറുകളിൽ ഒന്നാണ് ശ്വാസകോശ അർബുദം. ഈ കാൻസർ ഗണ്യമായ മരണങ്ങൾക്ക് കാരണവുമാകുന്നുണ്ട്. ശ്വാസകോശത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ശ്വാസോച്ഛ്വാസം തടസ്സപ്പെടുത്തുകയും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും അങ്ങനെ മറ്റു പ്രധാനപ്പെട്ട അവയവങ്ങൾ പ്രവർത്തനരഹിതമാക്കുകയും ചെയ്യുന്ന മുഴകൾ രൂപപ്പെടുമ്പോഴാണ് ലങ് കാൻസർ മരണങ്ങൾ സംഭവിക്കുന്നത്.

പുകവലി പ്രധാന കാരണം
ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണം പുകവലിയാണ്, ഏകദേശം 85% കേസുകളും ഇത് എടുത്തു കാണിക്കുന്നുണ്ട്. പുകയിലയിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ രാസവസ്തുക്കൾ ശ്വാസകോശത്തിലെ കോശങ്ങളെ നശിപ്പിക്കുന്നു. നേരിട്ടുള്ള പുകവലിയാണ് പ്രധാന അപകട കാരണമെങ്കിലും പുകവലിക്കാത്തവർക്കും പാസ്സീവ് സ്‌മോക്കിങ് ലങ് കാൻസർ ഉണ്ടാകുവാനുള്ള ഒരു പ്രധാന കാരണം ആണ്.  

പ്രതീകാത്മക ചിത്രം, Photo credit: Reuters/Adnan Abidi
പ്രതീകാത്മക ചിത്രം, Photo credit: Reuters/Adnan Abidi

ഇതു കൂടാതെ വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്ന കെമിക്കലുകൾ, റഡോൺ വാതകം, ആസ്ബറ്റോസ് എന്നിവ ശ്വാസകോശത്തിൽ എത്തുന്നതും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില  ജനിതക വ്യതിയാനങ്ങളും ശ്വാസകോശ അർബുദങ്ങൾക്കു കാരണമാകാം.

വിജയകരമായ ചികിത്സയുടെയും അതിജീവന നിരക്കിന്‍റെയും സാധ്യതകൾ മെച്ചപ്പെടുത്തുന്നതിന് അസുഖം പ്രാരംഭത്തിൽ തന്നെ കണ്ടെത്തേണ്ടതുണ്ട്. എന്നിരുന്നാലും, ശ്വാസകോശ അർബുദം ഒരു പ്രത്യേക വളർച്ച എത്തുന്നതുവരെ പലപ്പോഴും കണ്ടെത്തപ്പെടാതെ പോകുന്നു എന്നത് ലങ് കാൻസർ ചികിത്സ പരാജയപ്പെടാൻ കാരണമാകുന്നു. ഇത് ലങ് കാൻസർ ചികിത്സാരംഗം നേരിടുന്ന ഒരു  പ്രധാന വെല്ലുവിളിയാണ്.

പ്രധാന ലക്ഷണങ്ങൾ
വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, ശ്വാസതടസ്സം, രക്തം വരുന്ന ചുമ, ക്ഷീണം, വിശദീകരിക്കാനാകാത്ത ഭാരം കുറയൽ എന്നിവയാണ് ശ്വാസകോശ കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ. പുകവലിക്കുന്നവരിൽ എല്ലാവരും തന്നെ സ്മോക്കേഴ്സ് കഫ് എന്ന പ്രോബ്ലം ഉള്ളവർ ആയിരിക്കും എന്നാൽ സ്മോക്കേഴ്സ് കഫ് പറ്റേൺ ചേഞ്ച്‌ ഉണ്ടാകുന്നത് മാത്രം പോലും ഒരു ലങ് കാൻസർ ലക്ഷണമാണ്. മൂന്ന് ആഴ്ചയിൽ കൂടുതൽ ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും നിലനിൽക്കുകയാണെങ്കിൽ ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. 

പുകവലി ഉപേക്ഷിക്കുക
ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കുന്നതിൽ പ്രതിരോധം ഒരു പ്രധാന പങ്കുവഹിക്കുന്നു. ശ്വാസകോശ അർബുദം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം പുകവലി ഉപേക്ഷിക്കുക എന്നതാണ്. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പുകവലിക്കാരുടെ സാമീപ്യം ഒഴിവാക്കുക എന്നതും. ചുരുക്കിപ്പറഞ്ഞാൽ സമൂഹത്തിൽ നിന്നും പുകയില ഉപയോഗം പൂർണമായും നിരോധിച്ചാൽ ഏതാണ്ട് 50 ശതമാനം കാൻസറുകളും സമൂഹത്തിൽ നിന്നും അപ്രത്യക്ഷമാകും. പാരിസ്ഥിതിക മലിനീകരണം മൂലം ഉണ്ടാകുന്ന വിഷ വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുകയും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുകയും ചെയ്യുന്നത് (ക്രമമായ വ്യായാമവും സമീകൃതാഹാരവും) ശ്വാസകോശ അർബുദം ഉണ്ടാകുവാനുള്ള സാധ്യത കുറയ്ക്കാൻ നമ്മെ സഹായിക്കും.

പ്രതീകാത്മക ചിത്രം (Photo - Istockphoto/Zhang Rong)
പ്രതീകാത്മക ചിത്രം (Photo - Istockphoto/Zhang Rong)

കാൻസർ സ്ക്രീനിങ്
പുകവലിക്കുന്നവരോ  പുകവലിയുടെ ചരിത്രമുള്ളവരോ ആയ വ്യക്തികൾക്ക്, കാൻസറിന്റെ  പ്രാരംഭ ഘട്ടത്തിൽ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടാകുന്നതിനു മുൻപ് കാൻസർ കണ്ടെത്തുന്നതിന് കാൻസർ സ്ക്രീനിങ് നമ്മളെ സഹായിക്കും.

ശ്വാസകോശ കാൻസർ സ്ക്രീനിങ്ങിന്റെ പ്രാധാന്യം
ലോ-ഡോസ് കംപ്യൂട്ടറൈസ്ഡ് ടോമോഗ്രഫി (എൽ ഡി സി ടി) എന്ന സ്കാനിങ് ആണ് ലങ് കാൻസർ സ്ക്രീനിങ്ങിന് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ഇതു വഴി ശ്വാസകോശ അർബുദം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താനാകും.

കാൻസർ സ്ക്രീനിങ് ആർക്കൊക്കെ?
പ്രായം: സാധാരണഗതിയിൽ, 55 നും 80 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്കാണ് ഇതു നടത്തേണ്ടത്. പുകവലി ഉള്ളവർ (നേരിട്ടും പാസ്സീവ് സ്‌മോക്കിങ് ഉള്ളവരും) അല്ലെങ്കിൽ നേരത്തെ പുക വലിച്ചിട്ടുള്ളവർ 50 വയസ്സിൽ തന്നെ സ്ക്രീനിങ് തുടങ്ങേണ്ടതാണ്.

ശ്വാസകോശ കാൻസർ സ്ക്രീനിങ് എങ്ങനെ?
ശ്വാസകോശത്തിന്‍റെ വിശദമായ ചിത്രങ്ങൾ ലഭിക്കുന്നതിന് LDCT എന്ന സ്കാൻ ആണ് പ്രയോജപ്പെടുത്തുക. ഇതിന്റെ മുഴുവൻ പ്രക്രിയയും വേദനയില്ലാത്തതും വേഗത്തിലുള്ളതും ബുദ്ധിമുട്ടില്ലാത്തതുമാണ്. സ്ക്രീനിങ് പ്രക്രിയയിൽ സംശയാസ്പദമായ നോഡ്യൂൾ കണ്ടെത്തിയാൽ, ബയോപ്സി അല്ലെങ്കിൽ  പെറ്റ് (PET) സ്കാൻ പോലുള്ള ഇമേജിങ് പരിശോധനകൾ ആവശ്യമായി വന്നേക്കാം. കാരണം, എല്ലാ നോഡ്യൂളുകളും കാൻസർ അല്ല.

ഈ ലങ് കാൻസർ ദിനത്തിൽ സമൂഹത്തിൽ നിന്നു പുകയില എന്ന സ്ലോ പോയ്സൺ ഒഴിവാക്കാൻ ഈ മെസ്സേജ് ഷെയർ ചെയ്തു കൊണ്ട് ഒരു ചെറിയ സ്റ്റെപ് എടുക്കാം. കൂടാതെ ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ നമ്മുടെ ഈ ചെറിയ ജീവിതം സന്തോഷം നിറഞ്ഞതാക്കാം.

(കോട്ടയം കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ കാൻസർ സർജൻ ആണ് ലേഖകൻ) 

Content Summary: World Lung Cancer Day2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com