ADVERTISEMENT

ഇഷാ ഫൗണ്ടേഷൻ സ്ഥാപകനായ സദ്ഗുരു ജഗ്ഗി വാസുദേവ് ആരോഗ്യ ജീവിതം നയിക്കുന്ന യോഗിയാണ്. തന്റെ പ്രഭാത ഭക്ഷണം എന്താണ് എന്ന് ഒരു ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ സദ്ഗുരു വെളിപ്പെടുത്തി. ഉലുവയും ചെറുപയറും മുളപ്പിച്ചതാണ് അദ്ദേഹത്തിന്റെ പ്രഭാതഭക്ഷണം. മുളപ്പിച്ച പയർവർഗങ്ങളുടെ ഗുണവും സദ്ഗുരു വെളിപ്പെടുത്തുന്നു.

 

‘‘മുളപ്പിച്ച ഉലുവ രക്തത്തെ ശുദ്ധീകരിക്കുന്നു. പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവയുടെ ഉറവിടമാണിത്. മുലയൂട്ടുന്ന അമ്മമാർക്ക് വളരെ നല്ലത്. തലമുടിയുടെയും നഖത്തിന്റെയും വളർച്ചയ്ക്ക് സഹായകം. രക്തസമ്മർദം കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇൻഫ്ലമേഷൻ കുറയ്ക്കുന്നു.’’ – സദ്ഗുരു പറയുന്നു. മുളപ്പിച്ച ഉലുവയോടൊപ്പം മുളപ്പിച്ച ചെറുപയറും താൻ കഴിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

 

മുളപ്പിച്ച ഉലുവയോടൊപ്പം ചെറുപയർ മുളപ്പിച്ചതു കൂടി ചേരുമ്പോൾ അത് ബുദ്ധിവളർച്ചയ്ക്കും ബൗദ്ധികമായ ആരോഗ്യത്തിനും മികച്ചതാകുന്നു. അൻപതു വയസ്സിനു മുകളിൽ പ്രായം ഉളളവർ അത് തീർച്ചയായും കഴിക്കണമെന്നു സദ്ഗുരു പറയുന്നു. 

 

മുളപ്പിച്ച പയറും ഉലുവയും വേഗത്തില്‍ ദഹിക്കും. അങ്ങനെ ദഹനാരോഗ്യവും മെച്ചപ്പെടും. മുളപ്പിച്ച ഉലുവ കൊളസ്ട്രോൾ കൂടുതൽ ഉള്ളവർക്കും പ്രമേഹരോഗികൾക്കും നല്ലതാണ്. ദിവസം ഒന്നു മുതൽ രണ്ടവരെ ടീസ്പൂൺ ഉലുവ മുളപ്പിച്ചത് കഴിക്കാം. കൂടിയ അളവിൽ കഴിച്ചാൽ ദഹനക്കേടിനും നെഞ്ചെരിച്ചിലിനും കാരണമാകും. 

 

മുളപ്പിച്ച ഉലുവയുടെ ഗുണങ്ങൾ

∙മുളപ്പിച്ച ഉലുവയിൽ വൈറ്റമിൻ സി, പ്രോട്ടീൻ, നാരുകൾ, വൈറ്റമിൻ ബി3, പൊട്ടാസ്യം, അയൺ എന്നിവ ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. 

∙പ്രമേഹരോഗികൾക്ക് വളരെ മികച്ച ഭക്ഷണമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. 

 

∙നാരുകൾ ധാരാളം ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ലഘുഭക്ഷണമാണിത്. 

 

∙ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് മികച്ച ഭക്ഷണം. രക്തസമ്മർദം കുറയ്ക്കുന്നു. രക്തത്തിലെ കൊളസ്ട്രോളിന്റെ കൂടിയ അളവിനെ കുറയ്ക്കുന്നു. പൊട്ടാസ്യം ധാരാളമായി അടങ്ങിയതിനാലാണിത്. 

 

∙മുളപ്പിച്ച ഉലുവയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമുണ്ട്. ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കുന്ന ഫൈറ്റോകെമിക്കലുകളും ഇവയിലുണ്ട്. 

 

∙മുലയൂട്ടുന്ന അമ്മമാർക്ക് ഏറ്റവും യോജിച്ച ഒരു പ്രഭാതഭക്ഷണമാണ് മുളപ്പിച്ച ഉലുവ. മുലപ്പാൽ വർധിപ്പിക്കുന്ന സംയുക്തങ്ങൾ മുളപ്പിച്ച ഉലുവയിലുണ്ട്. 

 

ഉലുവ മുളപ്പിക്കുന്ന വിധം

ആദ്യ ദിവസം – നന്നായി കഴുകിയ അരക്കപ്പ് ഉലുവ 24 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. വെള്ളത്തിൽ ഉലുവ മുങ്ങിക്കിടക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

രണ്ടാം ദിവസം – വീണ്ടും നന്നായി കഴുകി വീണ്ടും 24 മണിക്കൂർ കുതിർത്തു വയ്ക്കുക. 

മൂന്നാം ദിവസം – വെള്ളത്തിൽ നന്നായി കഴുകി ഒരു അരിപ്പയിലേക്ക് ഉലുവയിടുക. നനഞ്ഞ തുണികൊണ്ട് മൂടി വയ്ക്കുക.

നാലാം ദിവസം – മൂന്നാം ദിവസത്തെ കാര്യങ്ങൾ ആവർത്തിക്കുക. 

അഞ്ചാം ദിവസം – ഉലുവ മുളച്ചതായി കാണാം. എല്ലാ വിത്തും മുളച്ചില്ല എങ്കിൽ മൂന്നാമത്തെ സ്റ്റെപ്പ് ആവർത്തിക്കുക. 

 

വിത്ത് മുളച്ചു കഴിഞ്ഞാല്‍ കഴുകി ഉണക്കുക. ഇത് 10 ദിവസം വരെ കേടാകാതെ റഫ്രിജറേറ്ററിൽ സൂക്ഷിക്കാവുന്നതാണ്.

Content Summary: Sadhguru’s breakfast for healthful living

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com