ADVERTISEMENT

മിത്തുകളും മുത്തുകളും നമുക്കു ചുറ്റും എല്ലായിടത്തുമുണ്ട്. വർക്കൗട്ടിന്റെയും ഡയറ്റിന്റെയും ലോകത്തെത്തുമ്പോൾ മിത്തുകൾ ശബ്ദത്തിൽ ഒരിച്ചിരി ഗൗരവം ഒക്കെ ചേർത്ത്, ഒറ്റനോട്ടത്തിൽ ശാസ്ത്രീയമാണെന്ന് തോന്നുന്ന രൂപത്തിലാണ് അവതരിപ്പിക്കപ്പെടാറ്. ഇക്കണ്ട കാലം കൊണ്ട് ഒരുപാടൊരുപാട് പേരുടെ ജീവിതം ദുരിതമാക്കാനും നിറം കെടുത്താനും അവരെ അൺഹെൽത്തിയാക്കാനുമൊക്കെ ഈ കള്ളക്കഥകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നത് സങ്കടകരമായ യാഥാർത്ഥ്യമാണ്. നമ്മുടെ സമൂഹത്തിൽ കാലങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട് വരുന്ന അത്തരം പത്തൊമ്പത് ഡയറ്റ് മിത്തുകളെ തൊലിയുരിച്ച് തനിനിറം കാണിക്കുകയാണിവിടെ.

Myth 01 : സൂര്യാസ്തമയത്തിനു ശേഷം ഭക്ഷണം കഴിച്ചാൽ അമിതമായി വണ്ണം വയ്ക്കും.

 

Fact : ഏത് സമയത്ത് ഭക്ഷണം കഴിക്കുന്നു എന്നതിനേക്കാൾ, ശരീരത്തിന് ആവശ്യമുള്ളതിലും കൂടുതൽ ഭക്ഷണം അകത്ത് ചെല്ലുന്നു എന്നതാണ് അമിതമായി ശരീരഭാരം കൂടുന്നതിനുള്ള ഒരു കാരണം. ഈ ഈ കഴിക്കുന്നത് രാവിലെയായാലും ഉച്ചക്കായാലും അസ്തമയത്തിനു ശേഷമായാലും ഒരുപോലെ തന്നെയാണ്.

 

 

Myth 02 : വെളുത്ത പഞ്ചസാര വിഷമാണ്, പകരം നാച്വറലായി കിട്ടുന്ന തേൻ, ശർക്കര ഒക്കെ ഹെൽത്തിയാണ്.

 

Fact : ശരീരത്തിന് ഷുഗർ ഏത് രൂപത്തിൽ കിട്ടിയാലും ഷുഗർ തന്നെയാണ്. ശർക്കരയിലും തേനിലും ഒക്കെ അല്പം വൈറ്റമിനുകളൂം മിനറലുകളും കൂടിയുണ്ടെന്നേയുള്ളൂ. അകത്തേക്ക് ചെന്നാൽ ശരീരത്തോട് ചെയ്യുന്ന ദ്രോഹങ്ങളിൽ പഞ്ചാരയും ശർക്കരയും തേനും ഒക്കെ ഒരുപോലെ തന്നെയാണ്.  

 

 

Myth 03 : വെയ്റ്റ് ലോസ് ആഗ്രഹിക്കുന്നവർ വെജിറ്റേരിയൻ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

 

Fact : വെജിറ്റേരിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് അത് കഴിക്കാം, എന്നുവച്ച് അതിന് പ്രത്യേക അധിക ഗുണങ്ങളൊന്നും ഇല്ല. എന്ന് മാത്രമല്ല, ചില പോഷകങ്ങൾ കിട്ടാൽ അല്പം ബുദ്ധിമുട്ടുമാണ്. ശരീരത്തിനെ സംബന്ധിച്ചിടത്തോളം ഹെൽത്തി ആവാനും അമിതഭാരം കുറയാനും ആവശ്യമായ എല്ലാ പോഷകങ്ങളും കിട്ടണം, അതിപ്പോ വെജിറ്റേരിയൻ ഭക്ഷണം കഴിച്ചിട്ടാണെങ്കിൽ അങ്ങനെ, മത്സ്യവും മാംസവും കഴിച്ചിട്ടാണെങ്കിൽ അങ്ങനെ.

 

Myth 04 : ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് ശരീരത്തിലെ ഫാറ്റ് കൂടുന്നത്.

 

 

Fact : ഫാറ്റ് മാത്രമല്ല, കാർബും പ്രോട്ടിനും ഒക്കെ അമിതമായി കഴിച്ചാൽ ഫാറ്റ് കുടും. ശരീരത്തിലെ ഒരുപാട് പ്രധാന പ്രവർത്തനങ്ങൾ നടക്കാൻ അത്യാവശ്യമായ ഒന്നാണ് ഫാറ്റ്.  ഒട്ടും ഫാറ്റ് കഴിക്കാതിരുന്നാലാണ് പ്രശ്നം. ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചത് കൊണ്ട് മാത്രം ശരീരത്തിലെ ഫാറ്റ് കൂടില്ല. ഫാറ്റ് അടങ്ങിയ നല്ല ഭക്ഷണപദാർത്ഥങ്ങൾ ആവശ്യമായ അളവിൽ കഴിക്കണം.

 

 

 

 

 

Myth 05 : മസിലുകൾ ഹെൽത്തി ആയിരിക്കണമെങ്കിൽ നിർബന്ധമായും മാംസം കഴിക്കണം.

 

 

 

Fact : തെറ്റാണ്. മസിലുകൾ ഹെൽത്തി ആയിരിക്കണമെങ്കിൽ അതിനാവശ്യമായ പോഷകങ്ങൾ കിട്ടണം എന്നേയുള്ളൂ, അത് പാലും ധാന്യങ്ങളും പയറുവർഗ്ഗങ്ങളും പോലെയുള്ള വെജിറ്റേരിയൻ ഭക്ഷണം വേണ്ട അളവിൽ കഴിച്ചാലും കിട്ടും.

 

 

 

 

 

Myth 06 : തണുത്ത വെള്ളം കുടിച്ചാൽ പെട്ടെന്ന് ഫാറ്റ് ബേൺ ആവും. ധാരാളം വെള്ളം കുടിച്ചാൽ പെട്ടെന്ന് വെയ്റ്റ് കുറയും.

 

 

 

Fact : തണുത്ത വെള്ളം കുടിച്ചാൽ ശരീരത്തിന് ഒരല്പം കൂടുതൽ എനർജ്ജി ചിലവാക്കേണ്ടി വരും എന്നത് സത്യമാണ്. എന്നും വച്ച് അത് വെയ്റ്റ് കുറയാൻ കത്തിച്ച് കളയേണ്ട ഊർജ്ജത്തിന്റെ അടുത്ത് പോലും വരുന്നില്ല. ആവശ്യത്തിലധികം വെള്ളം കുടിക്കുന്നതും ശരീരഭാരം കുറയുന്നതും തമ്മിൽ ബന്ധമൊന്നുമില്ല.

 

 

 

 

 

Myth 07 : ചിക്കൻ ഗ്രിൽ ചെയ്ത് കഴിച്ചാൽ മതി, വളരെ ഹെൽത്തിയാണ്.

 

 

 

Fact : ചിക്കൻ ഗ്രിൽ ചെയ്തിട്ടാണോ അതോ കറി വച്ചിട്ടാണോ കഴിക്കുന്നത് എന്നതല്ല, മറിച്ച് പാചക സമയത്ത് അതിൽ ആഡ് ചെയ്യുന്ന എണ്ണയും മറ്റ് ചേരുവകളും, പാചക ശേഷം കൂടെ കഴിക്കുന്ന മയണൈസ് സോസ് പോലെയുള്ളവയും ആണ് ചിക്കനെ ഹെൽത്തിയും അൺഹെൽത്തിയും ആക്കുന്നത്. ഗ്രിൽ ചെയ്തു എന്നത് കൊണ്ട് മാത്രം ചിക്കൻ ഹെൽത്തി ആവില്ല.

 

 

 

 

 

Myth 08 : ചില പ്രത്യേക ഭക്ഷണവസ്തുക്കൾക്ക് വേഗത്തിൽ ഫാറ്റ് കത്തിച്ച് കളയാനുള്ള കഴിവുണ്ട്.

 

 

 

Fact : ഇത് കാലാകാലങ്ങളായുള്ള ഒരു മിത്ത് മാത്രമാണ്. ഒരോ സീസൺ അനുസരിച്ച് ഗ്രീൻ ടീ, ക്വിനോവ, ചിയ സീഡ് എന്നിങ്ങനെ പുതിയ പുതിയ സാധനങ്ങൾ സൂപ്പർഫുഡ് എന്നും പറഞ്ഞ് പ്രചാരം ലഭിക്കാറുണ്ട്. ഇതിനൊന്നും ഒരു നോട്ടബിൾ ആയ അളവിൽ ഫാറ്റ് കത്തിച്ച് കളയാൻ യാതൊരു വിധ പ്രത്യേക കഴിവും ഇല്ല.  

 

 

 

 

 

Myth 09 : പഴങ്ങളിൽ ധാരാളം ഷുഗർ ഉള്ളത് കൊണ്ട് അത് അൺഹെൽത്തിയാണ്.

 

 

 

Fact : പഴങ്ങളിൽ നാച്വറലായി ഷുഗർ അടങ്ങിയിട്ടുണ്ട്. ഒപ്പം വളരെ ഹെൽത്തിയായ ഫൈബറും വൈറ്റമിനുകളും മിനറലുകളൂം ആന്റിഓക്സിഡൻ്റുകളുമൊക്കെയുണ്ട്. ആവശ്യമായ അളവിൽ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

 

 

 

 

 

Myth 10 : പ്രോട്ടീൻ പൗഡർ ബോഡി ബിൽഡേഴ്സിന് മാത്രം ആവശ്യമുള്ള ഒന്നാണ്.

 

 

 

Fact : പ്രോട്ടീൻ പൗഡർ എന്നത് പാലും ധാന്യങ്ങളും പയറുവർഗ്ഗങ്ങളും പോലെ സാധാരണ ഭക്ഷണ സാധനങ്ങളിൽ നിന്ന് പ്രോട്ടീൻ വേർതിരിച്ചെടുത്തതാണ്. ആർക്കൊക്കെ അവരുടെ സാധാരണ ഭക്ഷണത്തിൽ നിന്നും ആവശ്യമായ പ്രോട്ടീൻ കിട്ടാതെ വരുന്നോ അവർക്കെല്ലാം പ്രോട്ടീൻ പൗഡർ നിർദ്ദേശിക്കാറുണ്ട്. ബോഡി ബിൽഡേഴ്സിന് ആവശ്യത്തിന് പ്രോട്ടീൻ കിട്ടാൻ എന്നത് പോലെ തന്നെ, ഗർഭിണികൾക്കും പ്രായമായവർക്കും സർജ്ജറി കഴിഞ്ഞ് റെസ്റ്റെടുക്കുന്നവർക്കുമൊക്കെ ആവശ്യം പോലെ ഡോക്ടർമാർ ഇത് നിർദ്ദേശിക്കാറുണ്ട്. അല്ലാതെ പ്രോട്ടീൻ പൗഡർ എന്നത് ബോഡി ബിൽഡേഴ്സിനുള്ള ഒരു പ്രത്യേക മരുന്നല്ല.

 

 

 

 

 

Myth 11 : ഫാറ്റ് കുറയണമെങ്കിൽ ഇടക്കിടെ വയറിളക്കിയും ഓരോന്ന് കഴിച്ചുമൊക്കെ ശരീരത്തെ detox ചെയ്യണം.

 

 

 

Fact : നമ്മുടെ ശരീരത്തിലെ വേണ്ടാത്ത സാധനങ്ങളെ ഒക്കെ കൃത്യമായി പുറത്തേക്ക് കളയാൻ കിഡ്നിയും ലിവറുമൊക്കെ നല്ല കട്ടക്ക് പണിയെടുക്കുന്നുണ്ട്. സോ, ഹെൽത്തി ആയി ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക തുടങ്ങിയവ ചെയ്ത് ഈ അവയവങ്ങളെ ഒക്കെ ഹെൽത്തിയായി സൂക്ഷിച്ചാൽ അത് തന്നെ ഈ സോ കോൾഡ് 'detox’ ചെയ്തോളും.  

 

 

 

Myth 12 : ബ്രോയിലർ ചിക്കനിൽ പെട്ടെന്ന് തൂക്കം കൂടാൻ കുത്തി വയ്ക്കുന്ന അപകടകരമായ ഹോർമോണുകൾ അടങ്ങിയിട്ടുണ്ട്.

 

Fact : വളരെ കാലങ്ങളായി ഇടക്കിടെ പൊങ്ങിവരുന്നൊരു മിത്താണിത്. ബ്രോയിലർ കോഴികൾ പെട്ടെന്ന് തൂക്കം വയ്കുന്നത് അതിന്റെ ജനിതകഘടന കാരണമാണ്. വളർച്ചാ ഹോർമോണുകൾ എന്നത് ചിക്കനേക്കാൾ എത്രയോ ഇരട്ടി വിലയേറിയ ഒന്നാണ്. അതെടുത്ത് കുത്തിവച്ച് ഇപ്പോൾ ലഭിക്കുന്ന വിലയിൽ ചിക്കൻ വിൽക്കാനാവില്ല.

 

 

 

Myth 13 : ശരീരഭാരം കുറയ്‌ക്കാൻ കലോറി ഇൻ - കലോറി ഔട്ട് മാത്രം ശ്രദ്ധിച്ചാൽ മതി.

 

 

 

Fact : അങ്ങനെ വളരെ സിമ്പിൾ ആയി പ്രവർത്തിക്കുന്നൊരു സംവിധാനമല്ല നമ്മുടെ ശരീരം. കലോറിക്കൊപ്പം വ്യായാമവും വിശ്രമവും പോലെയുള്ളവ നമ്മൾ ശ്രദ്ധിക്കണം എന്ന് മാത്രമല്ല, ഇതിനു പുറമേ നമ്മുടെ ജനിതകഘടന, നിലവിലെ അസുഖങ്ങൾ എന്നിങ്ങനെ ഒരുപാട് ഘടകങ്ങൾ കൂടി അനുസരിച്ചാണ് ഹെൽത്തിയായി ശരീരഭാരം കുറയുന്നത്.

 

 

 

 

 

Myth 14 : വെജിറ്റേരിയൻ ഭക്ഷണം മാത്രം കഴിക്കുന്നവർക്ക് ആവശ്യത്തിന് പ്രോട്ടീൻ കിട്ടില്ല.

 

Fact : ഭൂരിപക്ഷം വെജിറ്റേരിയൻ ഭക്ഷണങ്ങളിൽ മത്സ്യവും മാംസ്യത്തിലും പോലെ  പ്രോട്ടീൻ ലഭ്യത ഇല്ല എന്നത് ശരിയാണ്. പക്ഷേ പ്രോട്ടീൻ സമ്പുഷ്ടമായ ഇഷ്ടം പോലെ വെജ് ഭക്ഷണങ്ങളുണ്ട്. ധാന്യങ്ങളും പയറു വർഗ്ഗങ്ങളും കടലയും സോയാബീനും ഒക്കെ ഇതിനുദാഹരണമാണ്. പാല് കുടിക്കുന്നവരാണെങ്കിൽ ഏറ്റവും നല്ല പ്രോട്ടീൻ സോഴ്സുകളിലൊന്ന് ഇതാണ്. ഇത് കൃത്യമായ അളവിലും അനുപാതത്തിലും കഴിച്ചാൽ വെജിറ്റേരിയൻസിനും ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കും.

 

 

 

Myth 15 : ഓർഗാനിക് രീതിയിൽ ഉണ്ടാക്കിയ ഭക്ഷണത്തിൽ കൂടുതൽ പോഷകങ്ങളുണ്ട്

 

 

 

Fact : ഓർഗാനിക് രീതിയിൽ കൃഷി ചെയ്യുമ്പോൾ അവിടെ ഉപയോഗിക്കുന്ന വളങ്ങളിലും കീടനാശിനികളിലുമൊക്കെയാണ് വ്യത്യാസമുള്ളത്. ഉല്പാദിപ്പിക്കപ്പെട്ട പച്ചക്കറികളിലും പഴങ്ങളിലുമൊക്കെ അടങ്ങിയ പോഷകഗുണങ്ങളിൽ എടുത്ത് പറയത്തക്ക വ്യത്യാസങ്ങളൊന്നുമില്ല.

 

 

 

 

 

Myth 16 : കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ അപകടമാണ്.

 

 

 

Fact : ശരീരത്തിന്റെ പ്രധാന എനർജ്ജി സോഴ്സാണ് കാർബോഹൈഡ്രേറ്റ്. തലച്ചോറടക്കമുള്ള പ്രധാന അവയവങ്ങളൊക്കെ പ്രവർത്തിക്കണമെങ്കിലും ദഹനവ്യവസ്ഥക്ക് ആവശ്യമായ ഫൈബർ ലഭിക്കണമെങ്കിലുമൊക്കെ കാർബോഹൈഡ്രേറ്റ് വേണം. സോ, വേണ്ട അളവിൽ കാർബ് ശരീരത്തിന് വേണം. അതിൽ കൂടുതലായാലാണ് അമിതവണ്ണവും മറ്റ് അസുഖങ്ങളുമൊക്കെ ഉണ്ടാവുന്നത്. അതിപ്പോ പ്രോട്ടീൻ ആണെങ്കിലും ഫാറ്റ് ആണെങ്കിലും അമിതമായാൽ ഇത് തന്നെയാണ് അവസ്ഥ.

 

 

 

Myth 17 : ഫാറ്റ് കുറയണമെങ്കിൽ ഗ്ലൂട്ടൻ ഫ്രീ ആയ ഭക്ഷണം കഴിക്കണം.

 

 

 

Fact : ഗ്ലൂട്ടൻ എന്നത് ഗോതമ്പ് പോലെ ചില ധാന്യങ്ങളിൽ അടങ്ങിയിട്ടുള്ള ഇലാസ്തികതയുള്ള ഒരു പ്രോട്ടീനാണ്. നമ്മൾ കഴിക്കുന്ന ബ്രഡ്ഡിനൊക്കെ ആ ഒരു ച്യൂയി ആയ റ്റെക്സ്ചർ കിട്ടുന്നത് അതിൽ ഗ്ലൂട്ടൻ ഉള്ളത് കൊണ്ടാണ്. ചില പ്രത്യേക അസുഖങ്ങൾ ഉള്ളവർ ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം കഴിക്കരുത് എന്നതൊഴിച്ചാൽ മറ്റുള്ളവർക്ക് ഇത് ബാധകമല്ല. കൂടാതെ ഫാറ്റ് ലോസും ഗ്ലൂട്ടനും തമ്മിൽ ഒരു പ്രത്യേക ബന്ധവും ഇല്ല.  

 

 

 

 

 

Myth 18 : ഫ്രഷായി പറിച്ചെടുത്ത പച്ചക്കറികളും പഴങ്ങളുമൊക്കെ മറ്റുള്ളവയേക്കാൾ വളരെ കൂടുതൽ ഹെൽത്തിയാണ്.

 

Fact : പച്ചക്കറികളും പഴങ്ങളുമൊക്കെ ചെടിയിൽ നിന്നും അപ്പപ്പോ പൊട്ടിച്ചെടുത്തതാണെങ്കിൽ അതിന്റെ മണത്തിലും രുചിയിലുമെല്ലാം ഒരു ഫ്രഷ്നസ് ലഭിക്കും എന്നത് ശരിയാണ്. പക്ഷേ അതിനായി നൽകേണ്ടി വരുന്ന വില വളരെ കൂടുതലാണ്. മിക്കപ്പോഴും പ്രാക്റ്റിക്കലുമല്ല. കൃത്യമായി ശേഖരിച്ച് വച്ചതോ ഫ്രീസറിൽ സൂക്ഷിച്ചതോ ആയ പച്ചക്കറികളിലും പഴങ്ങളിലുമൊക്കെ അടങ്ങിയ പോഷകങ്ങളിൽ വളരെ ചെറിയ മാറ്റങ്ങളേ സംഭവിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ ഇവയും ഫ്രഷ് പോലെ തന്നെ ഹെൽത്തിയാണ്.

 

 

 

Myth 19 : ഇടക്ക് കഴിക്കുന്ന സ്നാക്കുകൾ അമിതവണ്ണത്തിന് കാരണമാവും.

 

 

 

Fact : ഭക്ഷണം ബ്രേക്ഫാസ്റ്റോ ലഞ്ചോ ആയി കഴിച്ചോ അതോ അതിനിടയിലെ സ്നാക്ക് ആയി കഴിച്ചോ എന്നതല്ല, ശരീരത്തിന് ആവശ്യമുള്ളതിലും അധികം കഴിച്ചോ എന്നതാണ് അമിതവണ്ണത്തിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. കൃത്യമായ അളവിൽ, ക്വാളിറ്റി ശ്രദ്ധിച്ച് സ്നാക്കുകൾ കഴിക്കാം.  പ്രധാന ഭക്ഷണത്തിനിടക്ക് വലിയ ഗ്യാപ്പ് ഉണ്ടെങ്കിൽ ഇടയിൽ സ്നാക്ക് കഴിക്കുന്നത് കൊണ്ട് ദോഷമല്ല, ഗുണമാണ് ശരീരത്തിന് ഉണ്ടാവുക.

 

 

 

 

 

 

 

English Summary : Dos and Don'ts in Healthy Diet Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com