ADVERTISEMENT

വയറിലെ കോശങ്ങളുടെ ഡിഎന്‍എയില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം ഇവയ്‌ക്കുണ്ടാകുന്ന അനിയന്ത്രിതമായ വളര്‍ച്ചയാണ്‌ ഗാസ്‌ട്രിക്‌ കാന്‍സറിലേക്ക്‌ നയിക്കുന്നത്‌. 2020ല്‍ 11 ലക്ഷം പേര്‍ക്ക്‌ ഈ അര്‍ബുദം പുതുതായി ബാധിച്ചതായും 7,70,000 മരണങ്ങള്‍ സംഭവിച്ചതായും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 2040 ഓടു കൂടി 18 ലക്ഷം പേര്‍ക്ക്‌ പ്രതിവര്‍ഷം ഗാസ്‌ട്രിക്‌ അര്‍ബുദം ഉണ്ടാകുമെന്നും 13 ലക്ഷം പേര്‍ ഇതു മൂലം മരണപ്പെടുമെന്നും കരുതപ്പെടുന്നു.

ഇനി പറയുന്ന അഞ്ച്‌ കാര്യങ്ങള്‍ ഗാസ്‌ട്രിക്‌ കാന്‍സറിനുള്ള സാധ്യതകളെ കുറയ്‌ക്കുമെന്ന്‌ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വിഡിയോയില്‍ ഹാര്‍വഡ്‌ സര്‍വകലാശാലയിലെ ഗാസ്‌ട്രോഎന്‍ട്രോളജിസ്‌റ്റ്‌ ഡോ. സേത്തി പറയുന്നു.

 

1. ക്രൂസിഫെറസ്‌ പച്ചക്കറികള്‍ കഴിക്കുക
കാബേജ്‌, കോളിഫ്‌ളവര്‍, ബ്രോക്കളി, ബ്രസല്‍സ്‌ സ്‌പ്രൗട്‌സ്‌, കെയ്‌ല്‍, റാഡിഷ്‌, ടര്‍ണിപ്പ്‌ പോലുള്ള ക്രൂസിഫെറസ്‌ പച്ചക്കറികള്‍ കഴിക്കുന്നത്‌ അര്‍ബുദ സാധ്യത കുറയ്‌ക്കുമെന്ന്‌ ഡോ. സേത്തി ചൂണ്ടിക്കാണിക്കുന്നു. അവയില്‍ സള്‍ഫോറഫേന്‍ പോലുള്ള ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിരിക്കുന്നു. ഇവ അര്‍ബുദത്തിനെതിരെ പോരാടാന്‍ ശേഷിയുള്ളവയാണ്‌.

 

2. വെളുത്തുള്ളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം
ആന്റി കാന്‍സര്‍ ഗുണങ്ങളുള്ള അല്ലിസിന്‍ വെളുത്തുള്ളിയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. വെളുത്തുള്ളിയിലെ സള്‍ഫര്‍ സംയുക്തങ്ങള്‍ ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ് കുറയ്‌ക്കുമെന്നും അര്‍ബുദകോശങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രതികരണത്തെ മെച്ചപ്പെടുത്തുമെന്നും 2023ല്‍ ഫ്രോണ്ടിയേഴ്‌സ്‌ ഇന്‍ ഫാര്‍മക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്‌ പറയുന്നു.

 

3. സിട്രസ്‌ പഴങ്ങള്‍ പതിവാക്കാം
ഓറഞ്ച്‌, മുന്തിരി, നാരങ്ങ തുടങ്ങിയ സിട്രസ്‌ പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത്‌ വയറിലെ അര്‍ബുദത്തിന്റെ വളര്‍ച്ചയെയും വ്യാപനത്തെയും കുറയ്‌ക്കുന്നതാണ്‌.

 

4. സംസ്‌കരിച്ച മാംസത്തിന്റെ ഉപയോഗം പരിമിതപ്പെടുത്താം
സംസ്‌കരിച്ച മാംസവിഭവങ്ങളും ഭക്ഷണങ്ങളും പലപ്പോഴും കേടു കൂടാതെ സൂക്ഷിക്കുന്നത്‌ ഉപ്പ്‌ ചേര്‍ത്തും പുകയടിച്ചുമൊക്കെയാണ്‌. ഇത്‌ വയറിലെയും കുടലിലെയും അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കാം. ബീഫ്‌, മട്ടന്‍, പോര്‍ക്ക്‌ പോലുള്ള റെഡ്‌ മീറ്റുകളെ അര്‍ബുദകാരികളാകുന്ന ഗ്രൂപ്പ്‌ 2എ കാര്‍സിനോജനായി തരംതിരിച്ചിരിക്കുന്നു. ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും അര്‍ബുദ സാധ്യത കുറയ്‌ക്കും.

 

5. എച്ച്‌ പൈലോറി അണുബാധയ്‌ക്ക്‌ ചികിത്സ തേടാം
ഹെലികോബാക്ടര്‍ പൈലോറി(എച്ച്‌. പൈലോറി) എന്ന ബാക്ടീരിയ വയറില്‍ അണുബാധയ്‌ക്ക്‌ കാരണമാകുന്നു. ഈ അണുബാധയുണ്ടായാല്‍ ചികിത്സ ഉറപ്പാക്കണം. കാരണം എച്ച്‌. പൈലോറി അണുബാധ വയറിലെ അര്‍ബുദത്തിലേക്ക്‌ നയിക്കാവുന്ന ഘടകങ്ങളില്‍ ഒന്നാണ്‌. ലോകത്തിലെ മുതിര്‍ന്നവരില്‍ 40 ശതമാനത്തില്‍ അധികത്തിനും ഈ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്‌. വയറില്‍ എരിയുന്ന വേദന, അകാരണമായ ഭാരനഷ്ടം, രക്തം ഛര്‍ദ്ദിക്കല്‍ എന്നിവയെല്ലാം എച്ച്‌. പൈലോറി അണുബാധയുടെ ലക്ഷണങ്ങളാണ്‌.

Content Summary: 5 best things to minimize risk of stomach cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com