ഷുഗർ ക്രേവിങ്; പേരിൽ മാത്രം മധുരമുള്ള ഈ സൈലന്റ് കില്ലറെ ഓടിച്ചു വിടുന്നതെങ്ങനെ? അറിയാം
Mail This Article
കാലത്തെണീറ്റ് ചായക്കപ്പ് കയ്യിലെടുത്തിട്ട് ഒരു രണ്ട് സ്പൂൺ പഞ്ചാര കൂടി ഇട്ടെളക്കിയാലേ കുടിക്കാനൊരു സുഖമുള്ളൂ... ബ്രേക്‌ഫാസ്റ്റിന് പുട്ടോ ഉപ്പുമാവോ ആണെങ്കിൽ മുക്കിത്തിന്നാൻ ധാരാളം പഞ്ചാര, അവില് കുഴച്ചതാണെങ്കിൽ തരിതരിയായി ശർക്കര... ബ്രഡ്ഡിൽ നിറയെ സ്റ്റഫ് ചെയ്ത ജാം... അത് നിർബന്ധാ... ഊണു കഴിഞ്ഞ് അതിനൊരു സാറ്റിസ്ഫാക്‌ഷൻ വരണമെങ്കിൽ ഇച്ചിരെ മധുരം കൂടെ കഴിക്കണം. പാർട്ടിക്ക് പോകുമ്പോൾ ഡെസ്സേർട്സ് വിളമ്പുന്ന സെക്‌ഷനിൽ എത്ര തവണ കയറിയിറങ്ങുന്നോ അത്രയും സന്തോഷം. ബർഗറോ സാൻഡ്‌വിച്ചോ പിസയോ ഓർഡർ ചെയ്യുമ്പോൾ കുടിക്കാൻ വെള്ളം പോര, സോഫ്റ്റ് ഡ്രിങ്ക് തന്നെ വേണം. ഇടയ്ക്ക് സന്തോഷം വന്നാൽ എന്തായാലും മധുരം വേണം. ഇനി ടെൻഷനോ സ്ട്രെസോ വന്നാലോ, അപ്പോഴും അറിയാതെ കൈ നീണ്ട് മധുരം വാരിത്തിന്നും. ടിവി കാണുമ്പോഴും രാത്രി ലേറ്റായി ഇരിക്കേണ്ടി വരുമ്പോഴും കയ്യിലൊരു പ്ലേറ്റും പ്ലേറ്റിലൊരു പിടി മധുരവും വേണം...
കേട്ടിട്ട് പലതും നല്ല പരിചയം തോന്നുന്നുണ്ടല്ലെ... കാണും, ഷുഗർ ക്രേവിങ്, ഷുഗർ അഡിക്‌ഷൻ ഒക്കെ നമുക്ക് ചുറ്റും അത്രയ്ക്ക് കോമണാണ്.
കൂട്ടത്തിൽ അമിത വണ്ണം, ഡയബറ്റിസ്, പല്ലിൽ പോട്, ദേഹത്ത് നീര്, ഹൃദയത്തിന് പ്രശ്നം, കരളിന് വീക്കം, ആർത്തവം സമയത്തിന് വരാനൊരു മടി, അവിഞ്ഞ മൂഡ്, വയറിന് കേട്, കൂടിയ ബ്ലഡ് പ്രഷർ, മസിലിനും ഞരമ്പിനും ഡാമേജ്, ഓർമക്കുറവ്, വിവിധ കാൻസറുകൾ എന്നിങ്ങനെ വലിയൊരു ലിസ്റ്റ് അസുഖങ്ങളും ഈ മധുരപ്രിയം നമുക്ക് കൊണ്ടുത്തരുന്നുണ്ട്.
അങ്ങനെ പേരിൽ മാത്രം മധുരമുള്ളൊരു സൈലന്റ് കില്ലറായി നമുക്ക് ചുറ്റും വിലസുന്ന ഈ ഷുഗർ ക്രേവിങ്ങിന്റെ എല്ലാ വശങ്ങളും മാത്രമല്ല, അതിനെ ഓടിച്ച് വിടാനുള്ള ടെക്നിക്കുകളും അറിയാം.
ഷുഗർ ക്രേവിങ്, ഷുഗർ അഡിക്‌ഷൻ എന്നൊക്കെ പറയുമ്പോൾ അത് പഞ്ചസാരയോടുള്ള അമിതമായ ഇഷ്ടം മാത്രമല്ല ട്ടോ... പഞ്ചസാര, ശർക്കര, കൽക്കണ്ടം, തേൻ എന്നിങ്ങനെ നേരിട്ടുള്ള മധുരപദാർഥങ്ങളും, മിഠായി, കേക്ക്, മധുര പലഹാരങ്ങൾ, ചോക്ലേറ്റ്, ഐസ്ക്രീം, സോഫ്റ്റ് ഡ്രിങ്ക്സ്, ജ്യൂസുകൾ, വിവിധ ഫാസ്റ്റ് ഫുഡുകൾ എന്നിങ്ങനെ മധുരം ചേർത്ത ഒരു നീണ്ട ലിസ്റ്റിൽ ഏതിനോടെങ്കിലും അമിതമായ ആക്രാന്തം തോന്നുകയാണെങ്കിൽ അത് ഷുഗർ ക്രേവിങ്സ് ആയി കണക്കാക്കാം. സ്ത്രീകൾക്ക് ഒരു ദിവസം 6 ടീസ്പൂണും, പുരുഷന്മാർക്ക് ഒരു ദിവസം 9 ടീസ്പൂണുമാണ് പരമാവധി ആഡഡ് ഷുഗർ ലിമിറ്റ് എന്നറിയുമ്പോഴാണ് എത്രത്തോളം അധികം പഞ്ചസാരയാണ് ഒരോ ദിവസവും നമ്മുടെ ശരീരത്തിലേക്ക് പോകുന്നത് എന്നതിന്റെ വ്യാപ്തി തിരിച്ചറിയുന്നത്.
എന്തുകൊണ്ടാണ് ഈ ഷുഗർ ക്രേവിങ് എന്നാലോചിച്ചിട്ടുണ്ടോ? ഒന്നല്ല, പല കാരണങ്ങളുണ്ട്.
തലച്ചോറിലെ ഒരു പ്രധാന രാസവസ്തുവാണ് ഡോപമിൻ. നമ്മളെ ഹാപ്പി ആയി നിർത്തുന്നതിൽ ഈ ഡോപമിന് നല്ല റോളുണ്ട്. മധുരം കഴിക്കുമ്പോൾ തലച്ചോറിൽ ഡോപമിൻ റിലീസാവും. ആകെക്കൂടെയൊരു പോസിറ്റിവിറ്റി വരും. ആ ഹാപ്പി ഫീലിങ്ങിൽ വീണ് വീണ്ടും വീണ്ടും മധുരം കഴിക്കും. അങ്ങനെ പോകെപ്പോകെ ഇത് സ്വാഭാവത്തിന്റെ ഒരു ഭാഗമായിത്തീരും. ആകെപ്പാടെ ടെൻഷനടിച്ചിരിക്കുന്ന സമയത്താണെങ്കിൽ ഈ ഡോപമിന് ഒരു താൽക്കാലികാശ്വാസം നൽകാൻ പറ്റിയേക്കും. ഇതിനു പുറമേ ഹൈപോതലാമസിലെ വിശപ്പും സാറ്റിസ്ഫാക്‌ഷനുമായി ബന്ധപ്പെട്ട ഭാഗങ്ങളെ സ്വാധീനിക്കുക കൂടി മധുരം ചെയ്യുന്നുണ്ട്. ലളിതമായി പറഞ്ഞാൽ, ഇതു കൊണ്ടൊക്കെക്കൂടിയാണ് വിശന്നാലും സന്തോഷം വരുമ്പോഴും ടെൻഷൻ വരുമ്പോഴുമൊക്കെ ഒരുപോലെ പലരുടേയും കൈ ആദ്യം മധുരത്തിന്റെ അടുത്തേക്ക് നീങ്ങുന്നത്
അടുത്തത് നമ്മുടെ രക്തത്തിലെ ഷുഗറിന്റെ അളവും ഷുഗർ ക്രേവിങ്സും തമ്മിലുള്ള ബന്ധമാണ്. കേരളീയരൊക്കെ പൊതുവെ ഭക്ഷണത്തിൽ ധാരാളം കാർബോഹൈഡ്രേറ്റ്, മെയിനായി ചോറ് കഴിക്കുന്നവരാണ്. ചോറ് പോലെ സിംപിൾ ഷുഗർ അടങ്ങിയ ഭക്ഷണം ധാരാളം അകത്ത് ചെല്ലുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് ടപ്പേന്ന് കൂടും. ബ്ലഡ് ഗ്ലൂക്കോസ് പെട്ടെന്ന് കൂടിയാൽ അതിനെ കോശങ്ങളിലേക്ക് എത്തിക്കാനുള്ള ഇൻസുലിൻ ശരീരം ധാരാളം റിലീസ് ചെയ്യും. ഇത് പലപ്പോഴും രക്തത്തിലെ ഗ്ലൂക്കോസ് ഒറ്റയടിക്ക് താഴാൻ കാരണമാവും. ആകെ വിയർക്കും, വിറയ്ക്കും. അപ്പോൾ പിന്നെ ശരീരം ഷുഗർ ഇനീം തായോ, തായോ ന്ന് ക്രേവിങ്സ് തുടങ്ങും. ചുരുക്കത്തിൽ ഈ സൈക്കിൾ പിന്നെയും പിന്നെയും ആവർത്തിക്കപ്പെടുന്നു. ഷുഗർ കയറിക്കൊണ്ടേയിരിക്കുന്നു.
ഈ പറഞ്ഞതൊന്നും അല്ലാതെ ഉറക്കമില്ലായ്മയും ശരീരത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കാത്തതും ജനിതകഘടനയും ചുറ്റുമുള്ളവരുടെ ഇൻഫ്ലുവൻസുമെല്ലാം ഷുഗർ ക്രേവിങ്സിനു കാരണമാവാറുണ്ട്.
ഇതിനൊരു പരിഹാരം എന്താണെന്നു നോക്കാം
പലരും ആദ്യം ചെയ്യുന്നത് നാച്വറൽ ഷുഗറിന് പകരം ആർട്ടിഫിഷ്യൽ ഷുഗർ ഉപയോഗിക്കുക എന്നൊരു ക്വിക്ക് സൊലൂഷനാണ്. പല കെമിക്കൽ കോമ്പിനേഷനുകളിൽ ധാരാളം ആർട്ടിഫിഷ്യൽ സ്വീറ്റ്നേഴ്സ് വിപണിയിൽ ലഭ്യമാണ്. ഇവ മോഡറേറ്റ് അളവിൽ ഉപയോഗിച്ചാൽ സേഫ് ആണെന്നും ലോങ്ങ് ടേം ഉപയോഗത്തെപ്പറ്റി കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്നും വിവിധ ചർച്ചകൾ ശാസ്ത്രലോകത്ത് നടക്കുന്നുണ്ട്. ഇതെന്തായാലും ആർട്ടിഫിഷ്യൽ സ്വീറ്റ്നേഴ്സ് ഉപയോഗിക്കുമ്പോൾ നമ്മുടെ മധുരത്തോടുള്ള ആ ഒരു ഇഷ്ടം കുറയാതെ അതുപോലെ തന്നെ നിലനിൽക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഈ സ്വീറ്റ്സ് മിക്കതും ജങ്ക് കാറ്റഗറിയിൽ വരുന്നതു കൊണ്ട് അകത്തേക്ക് ചെല്ലുന്ന ഹെൽത്തി ഫുഡ്ഡിന്റെ അളവ് അത്രയും കുറയുകയും ചെയ്യും. ആർട്ടിഫിഷ്യൽ സ്വീറ്റ്നേഴ്സ് അല്ല, പകരം കൂടുതൽ എഫക്റ്റീവായ മറ്റ് ചില ടെക്നിക്കുൾ നോക്കാം.
1. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക. പലപ്പോഴും വിശന്നിരിക്കുമ്പോൾ രക്തത്തിലെ ഷുഗർ താഴേക്ക് പോവുകയും അത് ഷുഗർ ക്രേവിങ്സിനു കാരണമാവുകയും ചെയ്യും. ഭക്ഷണത്തിനിടയിലെ ഇടവേള ഒരുപാട് വരുകയാണെങ്കിൽ ഇടയിൽ ഒരു സ്നാക്കെങ്കിലും കഴിച്ചാൽ ഈ വിശപ്പും അതുവഴിയുള്ള ഷുഗർ ക്രേവിങ്സും കുറയ്ക്കാൻ സാധിക്കും.
2. കഴിക്കുന്ന ഭക്ഷണം ഹെൽത്തിയാക്കുക. ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നതോടെ തന്നെ ഷുഗർ ക്രേവിങ്സിന്റെ തീവ്രത കുറഞ്ഞ് തുടങ്ങും.
3. ഘട്ടം ഘട്ടമായി ഷുഗറിന്റെ അളവ് കുറയ്‌ക്കുക. പലർക്കും പറ്റുന്ന ഒരബദ്ധമാണ്, ഷുഗർ ക്രേവിങ്സിന്റെ അപകടവും മറ്റും തിരിച്ചറിയുമ്പോൾ പെട്ടെന്നൊരു ദിവസം സ്വിച്ചിട്ടത് പോലെ എല്ലാമങ്ങ് നിർത്തിക്കളയും. അതോടെ കരയിൽ പിടിച്ചിട്ട മീനിന്റെ അവസ്ഥയിലാവും ശരീരം. മദ്യവും പുകവലിയുമൊക്കെ ശീലമായവർ പെട്ടെന്നൊരു ദിവസം അതൊക്കെ നിർത്തുമ്പോഴുണ്ടാവുന്ന വിത്ഡ്രോവൽ സിംപ്റ്റംസിനു സമാനമായ പ്രശ്നങ്ങൾ ഷുഗർ അഡിക്‌ഷനും ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് പതുക്കെ സമയമെടുത്ത് കഴിക്കുന്ന ഷുഗറിന്റെ അളവ് കുറച്ച് കൊണ്ടുവരുക.
4. നന്നായി ഉറങ്ങുക. ജീവിതത്തിലെ സ്ട്രെസ് കുറയ്‌ക്കാനുള്ള സ്റ്റെപ്പുകൾ എടുക്കുക. ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കിൽ അമിതമായ വിശപ്പ് തോന്നിപ്പിക്കുന്ന ഹോർമോണുകളുടെ ഉൽപാദനത്തിന് കാരണമാവും, അതുവഴി ക്രേവിങ്സ് ട്രിഗർ ചെയ്യും. അതുപോലെ, ഏറ്റവുമധികം ആളുകൾക്ക് ഷുഗർ ക്രേവിങ്സ് ഉണ്ടാവുന്നത് അവർക്ക് സ്ട്രെസും ടെൻഷനുമൊക്കെ ഉള്ളപ്പോഴാണ്. അത്തരം സാഹചര്യങ്ങൾ സംഭവിക്കാതെ സൂക്ഷിക്കുന്നതും സ്ട്രെസ് മാനേജ് ചെയ്യാൻ പഠിക്കുന്നതും ഷുഗർ ക്രേവിങ് സംഭവിക്കുന്നത് കുറയ്‌ക്കാൻ സഹായിക്കും.
5. പ്രോട്ടീൻ റിച്ചായ ഭക്ഷണം കഴിക്കുക. ഭക്ഷണത്തിൽ ഹെൽത്തി ആയ ഫാറ്റും ഫൈബറും ആവശ്യത്തിന് ഉൾപ്പെടുത്തുക. മലയാളികളുടെ ഭക്ഷണശീലത്തിൽ പൊതുവെ ചോറും കപ്പയും പോലെ കാർബോഹൈഡ്രേറ്റ് കൂടിയവയാണ് മുന്നിട്ടു നിൽക്കുന്നത്. ഇതിനു പകരം പ്രോട്ടീൻ സമ്പുഷ്ടമായ പയറുവർഗങ്ങളും മുട്ടയും ഇറച്ചിയും പാലുമെല്ലാം ഭക്ഷണത്തിൽ ആവശ്യത്തിന് ഉൾപ്പെടുത്തണം. രക്തത്തിലെ ഷുഗറിന്റെ അളവ് സ്റ്റെഡിയായി നിർത്താനും, ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ കൂടുതൽ സമയത്തേക്ക് ആ ഒരു ഫുൾ ആയ ഫീലിങ് തരാനും പ്രോട്ടീന് കഴിയും. പ്രോട്ടീൻ പോലെ തന്നെ ഒരു ഫുൾ ആയ ഫീലിങ് തരാനും ഷുഗർ ക്രേവിങ്സ് കുറയ്‌ക്കാനും ഈ ഫാറ്റിനും ഫൈബറിനും കഴിയും.
6. ഷുഗറി ഭക്ഷണങ്ങളുടെ കമനീയശേഖരമുള്ള സ്ഥലങ്ങളിൽ നിന്ന് മാറി നടക്കുക. നമ്മളൊക്കെ മനുഷ്യരല്ലേ... കണ്ണിന്റെ മുന്നിൽ കൊതിപ്പിച്ചു കൊണ്ടൊരു മധുരം വന്നു നിന്നാൽ അയ്യോ വേണ്ട എന്ന് പറയാനുള്ള മനശക്തിയൊന്നും എപ്പോഴും ഉണ്ടായി എന്ന് വരില്ല. പകരം അത്തരം സാഹചര്യങ്ങൾ തന്നെ ഒഴിവാക്കുന്നതാണ് ബുദ്ധി. സ്ഥിരമായി അൺഹെൽത്തി ആയ ഇടങ്ങളിലേക്ക് നയിക്കുന്ന കൂട്ടുകെട്ടുകൾ കൂടെയുണ്ടെങ്കിൽ ആദ്യം അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുക. ഒരു രക്ഷയുമില്ലെങ്കിൽ നമ്മൾ തന്നെ ആ വഴിയിൽ നിന്നും മാറി നടക്കുക.
7. സാവധാനം, ശരീരം നൽകുന്ന സിഗ്നലുകൾ ശ്രദ്ധിച്ച് ഭക്ഷണം കഴിക്കുക. നമ്മൾ വളരെ ധൃതിയിൽ വാരി വലിച്ച് തിന്നാൽ ശരീരത്തിന് മതിയായി സ്റ്റോപ് എന്ന് പറയുന്നത് തിരിച്ചറിയില്ല. പകരം ഭക്ഷണത്തിന്റെ സ്വാദും ടെക്ചറുമൊക്കെ ആസ്വദിച്ച് സാവധാനം കഴിച്ചാൽ വയറ് നിറയുമ്പോൾ കൃത്യമായി നിർത്താനും, ശരിക്കും വിശക്കുന്ന സമയം തിരിച്ചറിയാനും സാധിക്കും.
8. ആവശ്യത്തിന് വെള്ളം കുടിക്കുക. വെള്ളത്തിന് പകരം സോഫ്റ്റ്‌ഡ്രിങ്ക്സ് കുടിക്കുന്നത് ഒഴിവാക്കുക. സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കുമ്പോൾ കൂട്ടത്തിൽ അമിതമായ അളവിൽ ഷുഗർ കൂടി അകത്തേക്ക് ചെല്ലുന്നുണ്ട്. ഇവിടെ വെള്ളമോ അത് ലഭ്യമല്ലെങ്കിൽ ആഡഡ് ഷുഗർ ഇല്ലാത്ത ജ്യൂസോ തന്നെ തിരഞ്ഞെടുക്കുക. പലപ്പോഴും ദാഹിക്കുന്നതിനെ വിശപ്പായി തെറ്റിദ്ധരിക്കുകയും അത് ഷുഗർ ക്രേവിങ്സ് ഉണ്ടാക്കുകയും ചെയ്യാറുണ്ട്. കൃത്യമായ ഇടവേളകളിൽ ആവശ്യത്തിന് വെള്ളം കുടിച്ചാൽ ഈ അവസ്ഥ ഒഴിവാക്കാം.
9. ഫ്രിജും സ്നാക്സ് സ്റ്റോറേജും അടിമുടി ക്ലീനാക്കുക. ക്രേവിങ്സ് വരുമ്പോൾ ഓടിച്ചെന്നെടുക്കാൻ മധുരപലഹാരങ്ങളും മറ്റും അവിടെ റെഡിയായി കാത്തിരിക്കുന്നത് കൊണ്ട് കൂടിയാണ് പലപ്പോഴും നമ്മളീ കെണിയിൽ പിന്നെയും പിന്നെയും വീണുകൊണ്ടിരിക്കുന്നത്. ഇത്തരം അൺഹെൽത്തിയായ സാധനങ്ങൾ കൈ എത്തുന്ന ദൂരത്ത് ഇല്ല എന്നുറപ്പ് വരുത്തുക. പകരം മധുരമുള്ളതും എന്നാൽ ഹെൽത്തി ആയതുമായ ഭക്ഷണങ്ങൾ അവിടെ സ്റ്റോക്ക് ചെയ്യാനും ശ്രദ്ധിക്കണം. ആപ്പിളും ഓറഞ്ചും തണ്ണിമത്തനും പോലെയുള്ള ഫ്രൂട്സ്, ഷുഗർ അധികമില്ലാത്ത ഡാർക്ക് ചോക്ലേറ്റ്, ഗ്രീക്ക് യോഗർട്ട്, കപ്പലണ്ടിയോ ബദാമോ പോലെയുള്ള നട്സ്, സ്മൂത്തികൾ, പോപ്കോൺ, ഷുഗർ അധികമില്ലാത്ത കുക്കീസ് ഒക്കെ നമ്മളെ ഇവിടെ സഹായിക്കും.
10. ഭക്ഷണം മുൻകൂട്ടി പ്ലാൻ ചെയ്യുക. മിക്കപ്പോഴും വിശന്നു വലഞ്ഞ് വരുമ്പോൾ എന്തെടുത്ത് കഴിക്കണം എന്നൊരു തയാറെടുപ്പില്ലെങ്കിൽ കയ്യിൽ കിട്ടുന്നത് വലിച്ച് വാരി തിന്നാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ നമ്മളെ നയിക്കുന്നത് മിക്കപ്പോഴും ഷുഗർ ക്രേവിങ് ആയിരിക്കും. പകരം കഴിക്കാനുള്ള ഭക്ഷണം തയാറാക്കി ഒരു ബോക്സിൽ അടച്ച് വച്ചിരുന്നാൽ ഈ സിറ്റുവേഷൻ ഒഴിവാക്കാം.
11. രാത്രി ഭക്ഷണം കഴിഞ്ഞാൽ ഉടനെ പല്ല് തേക്കുക. പൊതുവെ പല്ല് തേച്ചതിനു ശേഷം ഭക്ഷണം എടുത്ത് കഴിക്കാൻ ഒരു ചെറിയ മെന്റൽ ബ്ലോക്ക് മിക്കവർക്കും ഉണ്ടാവാറുണ്ട്. ഷുഗർ ക്രേവിങ് തടയുന്നതിൽ ഈ ബ്ലോക്കിന് വലിയൊരു പങ്ക് തന്നെയുണ്ട്.
12. ത്രീ ബൈറ്റ്സ് ടെക്നിക്ക് ഫോളോ ചെയ്യുക. ഇനി ഇത്ര നേരം പറഞ്ഞ ടെക്നിക്കുകളെ എല്ലാം അതിജീവിച്ച് ഒരു സ്വീറ്റ്സ് നമ്മുടെ കൈകളിൽ എത്തിപ്പെട്ടു എന്ന് കരുതുക. അതെടുത്ത് പതുക്കെ, എന്നു വച്ചാൽ വളരെ വളരെ പതുക്കെ ഒരു കുഞ്ഞ്യേ കടി കടിക്കുക. ആ ബൈറ്റിന്റെ എല്ലാ സ്വാദും സാവധാനം ആസ്വദിച്ച് പതുക്കെ സമയമെടുത്ത് നുണഞ്ഞിറക്കുക. ഇങ്ങനെ മൂന്നേ മൂന്ന് കുഞ്ഞു ബൈറ്റുകൾ കൊണ്ട് തന്നെ മിക്കവർക്കും ആ സമയത്തെ ക്രേവിങ്സിന് സമാധാനം നൽകാൻ സാധിക്കും.
Content Summary: Sugar Cravings; How to prevent this silent killer