ADVERTISEMENT

വയലാർ രാമവർമയുടെ ആശയത്തിൽ പിറന്ന സിനിമാക്കഥ പബ്ലിക് നോട്ടറിയുടെ മുൻപാകെ റജിസ്റ്റർ ചെയ്തു! സിനിമ പുറത്തിറങ്ങിയില്ല. ആ രേഖ ഇപ്പോഴും ദാ, ഇവിടെയുണ്ട്! എഴുത്തുകാരനും കവിയും സംസ്കൃത, ആയുർവേദ പണ്ഡിതനുമായ കോട്ടയം കുറിച്ചിത്താനം ശ്രീധരൻ പരമേശ്വരൻ നമ്പൂതിരിയുടെ (എസ്.പി.നമ്പൂതിരി –89) ഓർമത്തോണിയിൽ നൂറ്റൊന്നാവർത്തിച്ച ക്ഷീരബല പോലെ ഇത്തരം ഒട്ടേറെ സംഭവങ്ങൾ പഴമയുടെ സുഗന്ധംപേറി കിടക്കുന്നുണ്ട്.

വയലാറുമായുള്ള ആത്മബന്ധത്തിൽ രൂപപ്പെട്ടതാണ് സിനിമാക്കഥ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിലുള്ള ദുരന്ത പ്രേമകഥ. വയലാർ പലരോടും കഥ പറഞ്ഞു. പിന്നീട് എസ്പിയുമായി ആശങ്ക പങ്കിട്ടു: ‘നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ നിർമാതാവിനെ കിട്ടില്ല. നമ്മൾ സ്വപ്നം കാണും. ഏതെങ്കിലും ബുദ്ധിശാലി സിനിമയാക്കും. അതു കൊണ്ടു കഥ റജിസ്റ്റർ ചെയ്യണം.’ വയലാറിന്റെ ആഗ്രഹം പോലെ കഥാസംഗ്രഹം റജിസ്റ്റർ ചെയ്തു. വയലാറിനെക്കുറിച്ചുള്ള പുസ്തകത്തിൽ എസ്പി ഇതു രേഖപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോൾ 89 –ാം വയസ്സിൽ എസ്പി പുതിയ ഉദ്യമത്തിലാണ്. അറിയപ്പെടാത്ത ഇത്തരം ഒട്ടേറെ നുറുങ്ങുകൾ പ്രസിദ്ധീകരിക്കുക. ‘മൊഴിമുത്തുകൾ’ എന്ന പേരിൽ ‘മഹദ് വചനങ്ങൾ’ സമാഹരിക്കുക. മഹദ്‌വാക്യങ്ങളുടെ എൻസൈക്ലോപീഡിയ മലയാളത്തിൽ പുറത്തിറക്കുകയാണ് ലക്ഷ്യം. ഇതുവരെ 34,000 മൊഴിമുത്തുകൾ സമാഹരിച്ചു. 12 വർഷത്തെ പ്രയത്നം. എഴുതിത്തീർക്കാൻ 3 വർഷമെടുത്തു. ഇനി 1000 എണ്ണം കൂടി ചേർക്കും. അതിനുശേഷം പ്രസിദ്ധീകരിക്കും. മലയാളം, ഇംഗ്ലിഷ്, സംസ്കൃതം ഭാഷകളിൽ നിന്നുള്ള വൈവിധ്യമാർന്ന മൊഴിമുത്തുകളാണ്.

ബ്രിട്ടിഷ് പര്യടനത്തിനിടയിൽ ഓക്സ്ഫഡ് സർവകലാശാലയിൽ വച്ച് ഡിക്‌ഷനറി ഓഫ് ക്വട്ടേഷൻസ് എന്ന പുസ്തകം കാണാനിടയായി. പക്ഷേ, അതിൽ ഗാന്ധിജിയും ബുദ്ധനും വിവേകാനന്ദനും ടഗോറും ഒന്നും ഇല്ലായിരുന്നു. അന്നാണ് മലയാളത്തിൽ ഡിക്‌ഷനറി വേണമെന്ന് ആഗ്രഹിച്ചതെന്ന് എസ്പി പറയുന്നു. ആയുർവേദ പണ്ഡിതൻ മഠം ശ്രീധരൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജനത്തിന്റെയും മകനാണ്. പരമ്പരാഗത രീതിയിൽ സംസ്കൃതവും ആയുർവേദവും പഠിച്ചു. ദീർഘകാലമായി ശ്രീധരി ആയുർവേദ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ. ഭാര്യ: ശാന്ത. മക്കൾ: ഡോ. മഞ്ജരി, ഡോ.ശൈലി.

എസ്.പി. നമ്പൂതിരിയുടെ  എഴുത്ത് ഇങ്ങനെ

സമാഹരിച്ച ‘മൊഴിമുത്തുകൾ’ ഭൂരിഭാഗവും ‘അനുഷ്ടുപ്പ്’ (അനുഷ്ടുഫം)  വൃത്തത്തിൽ ലളിതമായ മലയാളം ശ്ലോകമാക്കിയെഴുതും.

ഉദാ: മൊഴി:  പണിതുയർത്തപ്പെടുന്ന പണ്ഡിതോചിതമായ ആശയദുർഗങ്ങൾ പഴകിദ്രവിച്ച ഒരു ഒരു കൊട്ടാരം പോലെ തകർന്നടിയുമ്പോൾ ആശ്വാസം ഒരു വാക്ക് മാത്രം. (നെപ്പോളിയൻ)

ശ്ലോകം: ‘പൊലിയുന്നു മഹാദർശം വിശ്വാസം മാത്രമായി തുണ.’

മൊഴി:  ഞാൻ എല്ലാ മതങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. ഞാൻ എത്രത്തോളം ഹിന്ദുവായിരിക്കുന്നുവോ അത്രത്തോളം മുസ്‌ലിമും ക്രിസ്ത്യാനിയും പാഴ്സിയുമാണ്. (ഗാന്ധിജി) 

ശ്ലോകം: ‘മതമെല്ലാം മനുഷ്യത്വ – മതിന്റെയനുയായി ഞാൻ’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com