രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍തന്നെ തലവേദനയോ? ഇവയാകാം കാരണങ്ങള്‍

headache
Photo Credit: Backgroundy/ Shutterstock.com
SHARE

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍തന്നെ വല്ലാത്ത ഒരു തലവേദന. നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഇത്‌ അനുഭവപ്പെട്ടിരിക്കാം. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ആ ദിവസത്തെ ജോലികള്‍ക്കായി നിങ്ങള്‍ സംഭരിച്ച്‌ വച്ചിരിക്കുന്ന ഊര്‍ജവും ചുറുചുറുക്കുമെല്ലാം കളയാന്‍ ഈ തലവേദന ഒന്നു മാത്രം മതിയാകും. മൈഗ്രെയ്‌ന്‍ തലവേദന, ക്ലസ്‌റ്റര്‍ തലവേദന, ഹിപ്‌നിക്‌ തലവേദന, ടെന്‍ഷന്‍ തലവേദന, പരോക്‌സിമല്‍ ഹെമിക്രാനിയ എന്നിങ്ങനെ പലതരം തലവേദനകള്‍ അനുഭവപ്പെടാം. 

ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴുള്ള തലവേദനയ്‌ക്ക്‌ കാരണങ്ങള്‍ പലതാണ്‌. 

1. ഉറക്കമില്ലായ്‌മ
രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നതിന്റെ സൂചനയാകാം രാവിലെയുള്ള തലവേദന. ദീര്‍ഘകാലം ഉറക്കമില്ലായ്‌മ അനുഭവപ്പെടുന്നവരും ഇത്തരം തലവേദനയെ കുറിച്ച്‌ പരാതിപ്പെടാറുണ്ട്‌. 

2. അമിത ഉറക്കം
കൂടുതല്‍ നേരം കിടന്നുറങ്ങുന്നത്‌ ശരീരത്തിന്റെ സ്വാഭാവികമായ ബയോളജിക്കല്‍ ക്ലോക്കിനെ താളം തെറ്റിക്കാം. ഇതും തലവേദനയിലേക്ക്‌ നയിക്കാം.

3. വിഷാദരോഗവും ഉത്‌കണ്‌ഠയും
വിഷാദരോഗവും ഉത്‌കണ്‌ഠയുമെല്ലാം മൈഗ്രെയ്‌ന്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. വിഷാദരോഗം ആവശ്യത്തിന്‌ ഉറക്കം ലഭിക്കുന്ന സാഹചര്യവും ഇല്ലാതാക്കും. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ ചികിത്സ തേടുന്നത്‌ ഉറക്കത്തെ സഹായിക്കുകയും തലവേദനകള്‍ ഇല്ലാതാക്കുകയും ചെയ്യും. 

4. സ്‍ലീപ്‌ അപ്‌നിയ
ഉറക്കത്തിനിടയില്‍ നൈമിഷികമായി ശ്വാസം തടസ്സപ്പെടുന്ന രോഗാവസ്ഥയായ സ്‍ലീപ്‌ അപ്‌നിയയും തലവേദനയുടെ ഒരു കാരണമാകാം. ഉറക്കെയുള്ള കൂര്‍ക്കം വലിയെല്ലാം സ്‌ലീപ്‌ അപ്‌നിയയുടെ ലക്ഷണങ്ങളാണ്‌. സ്‌ലീപ്‌ അപ്‌നിയ ഉറക്കത്തിന്റെ നിലവാരം കുറയ്‌ക്കാനും ഇടയ്‌ക്കിടെ ഉണരാനും കാരണമാകും. ഇവയെല്ലാം രാവിലെ തലവേദനയ്‌ക്ക്‌ ഇടയാക്കും. 

5. പല്ല്‌ കടിക്കല്‍
ചിലര്‍ക്ക്‌ ഉറക്കത്തില്‍ പല്ല്‌ കടിക്കുന്ന ശീലമുണ്ട്‌. ബ്രൂക്‌സിസം, ഗ്രിന്‍ഡിങ്‌ എന്നിങ്ങനെയെല്ലാം ഇതിനെ വിളിക്കുന്നു. ഉറക്കത്തിലെ പല്ല്‌ കടി താടിയെല്ലിലെ ടെംപൊറോമാന്‍ഡിബുലാര്‍ സന്ധിയില്‍ വേദനയുണ്ടാക്കുകയും ഇത്‌ തലവേദനയിലേക്ക്‌ നയിക്കുകയും ചെയ്യുന്നു. 

6. കഴുത്തിലെ പേശികളില്‍ സമ്മര്‍ദം
ശരിയായ പൊസിഷനില്‍ അല്ലാത്ത ഉറക്കം കഴുത്തിലെ പേശികളില്‍ അമിതമായ സമ്മര്‍ദത്തിനിടയാക്കുന്നു. ഈ സമ്മര്‍ദം ഉണരുമ്പോള്‍ തലവേദനയായും മാറാം. 

7. നിര്‍ജലീകരണം
ശരീരത്തില്‍ ആവശ്യത്തിന്‌ ജലാംശം ഇല്ലാത്ത അവസ്ഥയും അസഹനീയമായ തലവേദനയ്‌ക്ക്‌ കാരണമാകാം. രാത്രയില്‍ ആവശ്യത്തിന്‌ വെള്ളം കുടിക്കാതിരുന്നാല്‍ ഉറങ്ങുന്ന സമയത്ത്‌ നിര്‍ജലീകരണം ഉണ്ടാവുകയും തലവേദനയിലേക്ക്‌ നയിക്കുകയും ചെയ്യുന്നു. മദ്യപിച്ച ശേഷം ആവശ്യത്തിന്‌ വെള്ളം കുടിക്കാതിരിക്കുന്നത്‌ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തലവേദനയ്‌ക്ക്‌ കാരണമാകാം. നിര്‍ജലീകരണമാണ്‌ ഇവിടെയും പ്രശ്‌നം. 

8. ആരോഗ്യ പ്രശ്‌നങ്ങള്‍
തിരിച്ചറിയപ്പെടാത്ത  രോഗങ്ങളും ഉറക്കമുണരുമ്പോഴുള്ള തലവേദനയ്‌ക്ക്‌ പിന്നിലുണ്ടാകാം. ഉദാഹരണത്തിന്‌ തലച്ചോറിലെ ട്യൂമര്‍ പോലുള്ള രോഗാവസ്ഥകള്‍ തലവേദനയ്‌ക്ക്‌ കാരണമാകാറുണ്ട്‌. 

നിരന്തരമായി തലവേദന അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഡോക്ടറെ കണ്ട്‌ ആവശ്യമായ പരിശോധനകള്‍ നടത്തി രോഗകാരണം കണ്ടെത്തേണ്ടതും ചികിത്സ തേടേണ്ടതുമാണ്‌. 

Content Summary: Regular headaches in the morning? 8 reasons why this could be happening

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS