അര്‍ബുദം ശരീരത്തില്‍ വളരുന്നതിന്റെ ഒന്‍പത് സൂചനകള്‍ ഇവ
Mail This Article
ശരീരത്തിലെ ചില കോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതിനെയാണ് അര്‍ബുദം എന്ന് വിളിക്കുന്നത്. ഈ അസാധാരണ അര്‍ബുദ കോശങ്ങള്‍ ആരോഗ്യമുള്ള മറ്റ് കോശങ്ങളെയും കൂടി നശിപ്പിക്കുന്നത് അവയവനാശത്തിലേക്കും മരണത്തിലേക്കും നയിക്കുന്നു. ശരീരത്തിന്റെ ഏത് ഭാഗത്തും അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച ആരംഭിക്കാം. ശ്വാസകോശ അര്‍ബുദം, സ്‌തനാര്‍ബുദം, കോളന്‍ അര്‍ബുദം, പ്രോസ്‌റ്റേറ്റ് അര്‍ബുദം തുടങ്ങിയവയാണ് പൊതുവായി കാണപ്പെടുന്ന ചില അര്‍ബുദങ്ങള്‍.
ഇനി പറയുന്ന ചില ലക്ഷണങ്ങള്‍ അര്‍ബുദം നിങ്ങളുടെ ശരീരത്തില്‍ വളരുന്നതിന്റെ സൂചനയാണ്. അര്‍ബുദത്തിന്റെ സ്വഭാവം വച്ച് ഈ ലക്ഷണങ്ങളില്‍ ചില വ്യത്യാസങ്ങളൊക്കെ വന്നേക്കാം.
1. മുഴയും തടിപ്പും
ശരീരത്തില്‍ പ്രത്യക്ഷമാകുന്ന മുഴകളും കോശങ്ങളുടെ തടിപ്പും അര്‍ബുദത്തിന്റെ പൊതുവായ ലക്ഷണങ്ങളാണ്. ശരീരത്തിന്റെ ഏത് ഭാഗത്തും വരാമെങ്കിലും പൊതുവേ സ്‌തനങ്ങളിലും വൃഷണങ്ങളിലും കഴുത്തിലുമൊക്കെയാണ് ഇവ കാണപ്പെടുക. വേദനയോട് കൂടിയതും വേദനയില്ലാത്തതുമായ മുഴകള്‍ അര്‍ബുദം മൂലം ഉണ്ടാകാം.
2. വയറ്റില്‍ നിന്ന് പോകുന്നതിലെ മാറ്റം
വയറ്റില്‍ നിന്ന് പോകുന്നതിലും മൂത്രമൊഴിക്കുന്നതിലും വരുന്ന മാറ്റങ്ങള്‍ കോളന്‍, മലദ്വാരം, പ്രോസ്‌റ്റേറ്റ് എന്നിവിടങ്ങളിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. മലബന്ധം, അതിസാരം, മലത്തിലോ മൂത്രത്തിലോ രക്തം, അടിക്കടി മൂത്രമൊഴിക്കാനോ വയറ്റില്‍ നിന്ന് പോകാനോ ഉള്ള തോന്നല്‍ എന്നിവയും അര്‍ബുദ ലക്ഷണങ്ങളാകാം.
3. അകാരണമായ ഭാരനഷ്ടം
പ്രത്യേകിച്ച് അധ്വാനമോ ഭക്ഷണനിയന്ത്രണമോ ഒന്നും കൂടാതെ തന്നെ കുറഞ്ഞ കാലത്തിനുള്ളില്‍ വലിയ തോതില്‍ ഭാരം കുറയുന്നത് ശരീരത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന മുന്നറിയിപ്പാണ്. അര്‍ബുദകോശങ്ങള്‍ക്ക് വളരാന്‍ നിറയെ ഊര്‍ജം ആവശ്യമാണ്. ഇതിനായി ശരീരത്തിലെ ഊര്‍ജം വലിച്ചെടുക്കുന്നത് ശരീരഭാരം കുറയാന്‍ ഇടയാക്കുന്നു.
4. വിശദീകരിക്കാനാവാത്ത വേദന
വിശദീകരിക്കാനാവത്ത വേദനയും അസ്വസ്ഥതയും നെഞ്ചിലും പുറത്തും അടിവയറ്റിലുമൊക്കെ തോന്നുന്നതും അര്‍ബുദ സൂചനയാകാം. ഈ അസ്വസ്ഥത നിരന്തരമായി അനുഭവപ്പെടുകയോ വന്നും പോയും ഇരിക്കുകയോ തീവ്രമാകുകയോ ചെയ്യാം.
5. നിരന്തരമായ ചുമ
രണ്ടാഴ്‌ചയിലധികം നീണ്ടു നില്‍ക്കുന്ന വിട്ടുമാറാത്ത ചുമയും ശബ്ദത്തിലെ മാറ്റവുമൊക്കെ ശ്വാസകോശ അര്‍ബുദ ലക്ഷണങ്ങളാകാം. ശ്വാസംമുട്ടല്‍, നെഞ്ച് വേദന, കഫത്തില്‍ രക്തം എന്നിവയും അര്‍ബുദ സൂചനകളാണ്.
6. ദഹനക്കേട്, വിഴുങ്ങാന്‍ ബുദ്ധിമുട്ട്
വയറിലോ അന്നനാളിയിലോ വളരുന്ന മുഴ ദഹനക്കേടിനും ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടിനും കാരണമാകാം. നെഞ്ചെരിച്ചില്‍, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് ഈ ഭാഗങ്ങളിലെ അര്‍ബുദത്തിന്റെ മറ്റ് ലക്ഷണങ്ങള്‍.
7. ക്ഷീണം, ദുര്‍ബലത, ശ്വാസംമുട്ടല്‍
നിരന്തരമായ ക്ഷീണം, ദുര്‍ബലത, ശ്വാസംമുട്ടല്‍ എന്നിവയ്‌ക്ക് പിന്നിലും ഒരു പക്ഷേ അര്‍ബുദമായിരിക്കാം. ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന പക്ഷം ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടതാണ്.
8. ഉണങ്ങാത്ത വായ്‌പ്പുണ്ണ്
വായ്‌ക്കുള്ളിലെ ഉണങ്ങാത്ത മുറിവുകള്‍ വായിലെ അര്‍ബുദത്തിന്റെ ലക്ഷണമാണ്. വായില്‍ മുഴ, ചുവപ്പും വെളുത്തതും നിറത്തില്‍ വരകള്‍ എന്നിവയും വായിലെ അര്‍ബുദ ലക്ഷണങ്ങളാണ്.
9. ചര്‍മത്തിലെ മാറ്റങ്ങള്‍
പുതുതായി പ്രത്യക്ഷപ്പെടുന്ന മറുകുകള്‍, നിറത്തിലോ വലുപ്പത്തിലോ രൂപത്തിലോ മാറ്റം വരുന്ന മറുകുകള്‍ എന്നിവയെല്ലാം ചര്‍മ അര്‍ബുദത്തിന്റെ ലക്ഷണമാണ്. ഉണങ്ങാത്ത മുറിവുകള്‍, മറുകുകളില്‍ നിന്നുള്ള രക്തസ്രാവം എന്നിങ്ങനെ ചര്‍മത്തിന് വരുന്ന നേരിയ മാറ്റങ്ങള്‍ പോലും സൂക്ഷ്‌മമായി നിരീക്ഷിക്കേണ്ടതാണ്.
Content Summary: Warning Signs That Indicates Cancer Is Growing Inside Your Body