ADVERTISEMENT

ശ്വാസനാളത്തിൽ ഭക്ഷണം കുടുങ്ങുന്നത് പലപ്പോഴും നേരിടേണ്ടിവരുന്ന പ്രശ്നമാണ്. അങ്ങനെ ഭക്ഷണം കുടുങ്ങിയാൽ 30 സെക്കൻഡിനകം അയാളുടെ ബോധം നഷ്ടപ്പെടും; 3–4  മിനിറ്റിനുള്ളിൽ തന്നെ മസ്തിഷ്കത്തിനു ക്ഷതമുണ്ടാകും. 

 

നമ്മുടെ കഴുത്തിലൂടെ 2 പ്രധാനപ്പെട്ട കുഴലുകൾ കടന്നുപോകുന്നുണ്ട്. ഭക്ഷണം ആമാശയം വരെ എത്തിക്കുന്ന അന്നനാളവും, ശ്വസനവായു ശ്വാസകോശത്തിൽ എത്തിക്കുന്ന ശ്വാസനാളവും. അന്നനാളത്തിൽ ഭക്ഷണം കുടുങ്ങിയാൽ വിഴുങ്ങാൻ സാധിക്കാതെ വരുമെങ്കിലും ശ്വാസനാളം തുറന്നിരിക്കുന്നതിനാൽ ശ്വസിക്കാൻ തടസ്സമുണ്ടാകില്ല. ആശുപത്രിയിൽ എത്തിക്കാനുള്ള സാവകാശവും ലഭിക്കും. എന്നാൽ, ശ്വാസനാളത്തിലാണു ഭക്ഷണം കുടുങ്ങുന്നതെങ്കിൽ പിന്നീട് ശ്വാസമെടുക്കാനാകില്ല. ധൃതിയിൽ ഭക്ഷണം കഴിക്കുകയോ ഭക്ഷണം കഴിക്കുന്നതിനിടയിൽ ചിരിക്കുകയോ ചെയ്യുന്നവരിൽ അന്നനാളത്തിലേക്ക് ഇറങ്ങിപ്പോകേണ്ടതിനു പകരം തൊട്ടുമുന്നിൽ സ്ഥിതി ചെയ്യുന്ന ശ്വാസനാളത്തിലേക്കു ഭക്ഷണം കയറി അടയുന്നു. ചുമച്ചാലും പുറത്തു വരാത്ത രീതിയിൽ ഭക്ഷണം അവിടെ അകപ്പെട്ടു പോകുകയും നിമിഷങ്ങൾക്കുള്ളിൽ ശ്വാസംമുട്ടി മരിക്കുകയും ചെയ്യാനിടയുണ്ട്. ഇത്തരം സാഹചര്യത്തിൽ അനുവർത്തിക്കാവുന്ന രക്ഷാമാർഗമാണ്  ഹെംലിക് മെനൂവർ (Heimlich manoeuvre). 

 

അതിങ്ങനെ:

ശ്വാസതടസ്സമനുഭവപ്പെടുന്നയാളെ കഴിയുമെങ്കിൽ എഴുന്നേൽപിച്ചു നിർത്തി കാര്യം പറഞ്ഞു മനസ്സിലാക്കിയ ശേഷം, ആളുടെ പിന്നിൽ നിന്നുകൊണ്ട് നമ്മുടെ രണ്ടു കയ്യും മുന്നോട്ടെടുത്ത്‌ വട്ടം ചുറ്റിപ്പിടിക്കുക. നമ്മുടെ ഒരു കൈ മുഷ്ടി ചുരുട്ടി, തള്ളവിരലിന്റെ ഭാഗം രോഗിയുടെ വയറിൽ പൊക്കിളിനു രണ്ടിഞ്ച് മുകളിലുള്ള ഭാഗത്ത് ചേർത്തുപിടിക്കണം. അതായത് ആളുടെ വാരിയെല്ലിനു താഴെയും നാഭിക്കു മുകളിലായുമാണു നമ്മുടെ കൈ വരേണ്ടത്. ഇനി മറ്റേ കൈകൊണ്ട് ഈ മുഷ്ടിക്കു മുകളിലായി മുറുകെ പിടിക്കുക.

എന്നിട്ട് വാരിയെല്ല് ഞെരുങ്ങാതെ രോഗിയുടെ വയറിലേക്ക്, അതായത് പിന്നിൽ നിൽക്കുന്ന നമ്മുടെ നെഞ്ചിന്റെ ദിശയിൽ, ബലം കൊടുത്തു പൊടുന്നനെ വലിക്കുക. വേണ്ടി വന്നാൽ ആവർത്തിക്കുക. വായു നിറഞ്ഞ കനം കുറഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പിയിൽ പെട്ടെന്ന് അമർത്തിയാൽ കോർക്ക് കൊണ്ടുള്ള അതിന്റെ അടപ്പു തെറിച്ചു പോകുന്നതുപോലെ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം പുറത്തേക്കു തെറിക്കും. കുടുങ്ങിയിരിക്കുന്ന വസ്തു പുറത്തു വരുന്നതു വരെ ഇതു തുടർന്നതിനു ശേഷം വൈദ്യസഹായം തേടുക. ശ്വാസം കിട്ടാതെ ബോധരഹിതനായി നിലത്തു കിടക്കുന്ന ആളാണെങ്കിൽ അരികിൽ മുട്ടുകുത്തി നിന്ന് മേൽപറഞ്ഞ സ്ഥാനത്ത് നമ്മുടെ കൈ കൊണ്ട് അമർത്താവുന്നതാണ്. അടുത്തു മറ്റാരുമില്ലെങ്കിൽ ശ്വാസതടസ്സമനുഭവപ്പെടുന്നയാൾക്കു തന്നെ ഇത്തരം കാര്യങ്ങൾ സ്വയം ചെയ്യേണ്ടി വരും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ കസേരയിലോ മറ്റോ വയറ് അമർത്തിവച്ചു മുന്നോട്ടാഞ്ഞ് മുകളിലേക്കു ബലം കൊടുക്കുക.

 

മുള്ള് കുടുങ്ങിയാൽ

ടിവിയും മൊബൈൽ ഫോണും നോക്കി അശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നവർ ധാരാളം. മീൻ മുള്ളും ഇറച്ചിയിലെ എല്ലും തൊണ്ടയിൽ കുടുങ്ങാൻ ഈ അശ്രദ്ധ പ്രധാന കാരണമാണ്. ‘മീൻമുള്ളു പോകാൻ അൽപം ചോറു വിഴുങ്ങിയാൽ പോരേ?’ എന്നു ചിന്തിക്കുന്നവരുണ്ട്. നിസ്സാര കേസുകളിൽ അതു മതിയാവും. പക്ഷേ, കട്ടിയുള്ളതും കൂർത്തതുമായ മുള്ള് തൊണ്ടയിലോ അന്നനാളത്തിലോ കുടുങ്ങിയാൽ പഴമോ ചോറോ വിഴുങ്ങിയതുകൊണ്ടു പ്രയോജനമില്ല. ഉടൻ തന്നെ തക്ക സൗകര്യങ്ങളുള്ള ആശുപത്രിയിലെത്തിക്കുന്നതാണു നല്ലത്. അന്നനാളത്തിന്റെ തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന മഹാധമനി, ശ്വാസകോശം എന്നിവയ്ക്ക് മുള്ള് ക്ഷതമേൽപിക്കാൻ സാധ്യതയുണ്ട്. കരിമീൻ, തിലാപ്പിയ തുടങ്ങിയ മീനുകളുടെ മുള്ള് സൂചി പോലെയുള്ളതാണ്. മത്തി, ആവോലി തുടങ്ങിയവയുടെ മുള്ളുകൾ താരതമ്യേന മൃദുവാണ്.

Content Summary: What Happens When Food Gets Stuck in Your Esophagus?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com