ഇടയ്ക്കിടെ ഷുഗർ കുറയുന്നുണ്ടോ? അറിയാം കാരണങ്ങൾ

Mail This Article
ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, 65 വയസ്സുള്ള എനിക്ക് അഞ്ചു വർഷമായി പ്രമേഹമുണ്ട്. എന്റെ പ്രശ്നം പെട്ടെന്നു രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുന്നു എന്നതാണ്. ഭക്ഷണം നിയന്ത്രിക്കുകയും അരിയാഹാരം കുറയ്ക്കുകയും ചെയ്താൽ രക്തത്തിലെ പഞ്ചസാരയുടെ (Blood Sugar Level) അളവ് ക്രമാതീതമായി താഴുന്നു. രാത്രി ഒരു ഗുളിക മാത്രമാണ് കഴിക്കുന്നത്. എന്നിട്ടും ഇടയ്ക്കിടെ ഷുഗർ കുറഞ്ഞു പോകുന്നു. എന്തുകൊണ്ടാണിത്?
ഉത്തരം: പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നുണ്ടെങ്കിൽ അതിന്റെ കാരണം കഴിക്കുന്ന മരുന്നുകൾ ആകാനാണു സാധ്യത. പ്രമേഹരോഗികൾ കഴിക്കുന്ന ചില മരുന്നുകൾ രക്തത്തിലെ പഞ്ചസാരയുെട അളവ് വല്ലാതെ കുറയാൻ കാരണമാകാറുണ്ട്. ഭക്ഷണത്തിൽ നിയന്ത്രണം വരുത്തുകയോ അതോടൊപ്പം മരുന്നുകൾ കഴിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാൻ സാധ്യതയുണ്ട്. ഭക്ഷണം കഴിക്കാതെ ഗുളികകൾ കഴിക്കുന്നതും അമിതമായി വ്യായാമം ചെയ്യുന്നതുമെല്ലാം രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയ്ക്കാൻ സാധ്യതയുണ്ട്. കരളിനോ വൃക്കയ്ക്കോ കേടുപാടുകൾ ഉള്ളവരിലും ഹോർമോണുകൾ സംബന്ധിച്ച അസുഖങ്ങള്‍ കൊണ്ടും പഞ്ചസാരയുടെ അളവ് കുറയാറുണ്ട്.
ഉടൻ തന്നെ താങ്കൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ഡോക്ടറുമായി ഇക്കാര്യം സംസാരിക്കുകയും മരുന്നുകൾ പരിശോധിച്ച് ഡോക്ടറുടെ അനുമതിയോടെ മാത്രം ഈ മരുന്നുകൾ തുടരുകയും ചെയ്യുക. ചില മരുന്നുകൾക്കൊപ്പം പ്രമേഹത്തിന്റെ മരുന്നുകൾ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കും. അതിനാൽ നിർബന്ധമായും ഇപ്പോൾ കഴിക്കുന്ന എല്ലാ മരുന്നുകളും ഡോക്ടറുമായി സംസാരിച്ചതിനു ശേഷം മാത്രം തുടരുക.
പ്രമേഹചികിത്സ പരാജയപ്പെടുന്നോ - വിഡിയോ
Content Summary : What causes blood sugar to drop frequently? - Dr. P. K. Jabbar Explains