ADVERTISEMENT

ചോദ്യം: പ്രിയപ്പെട്ട ഡോക്ടർ എനിക്ക് 27 വയസ്സുണ്ട്. ഞാൻ രണ്ടു മാസം ഗർഭിണിയാണ്. സ്കാൻ െചയ്തപ്പോൾ ഗർഭപാത്രത്തിൽ മുഴയുണ്ടെന്ന് കണ്ടു. ഇത് ആശങ്കപ്പെടേണ്ടതാണോ? എന്തൊക്കെയാണ് ഇത്തരം സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്നൊന്നു പറഞ്ഞു തരാമോ?

ഉത്തരം : ഗർഭപാത്രത്തിലെ മുഴ അഥവാ ഫൈബ്രോയ്ഡ് (Fibroids) എന്നത് പൊതുവായി കാണുന്ന ഒരു പ്രശ്നമാണ്. 35 വയസ്സിൽ താഴെയുള്ള അൻപതു ശതമാനം സ്ത്രീകളിൽ ഇതു കണ്ടുവരുന്നുണ്ട്. പല വലുപ്പത്തിൽ കണ്ടു വരുന്ന ഇത്തരം മുഴകൾ പകുതിയിൽ കൂടുതൽ പേരിലും പ്രത്യേകിച്ചു ലക്ഷണങ്ങൾ കാണിക്കാറില്ല. മറ്റെന്തെങ്കിലും സാഹചര്യത്തിൽ സ്കാൻ ചെയ്യുമ്പോഴാണ് ഇതു കണ്ടെത്തുന്നത്. ഗർഭപാത്രത്തിനകത്തും ഭിത്തിയിലും പുറത്തുമായി ഫൈബ്രോയ്ഡ് വളരാറുണ്ട്. ഇതിൽ ഗർഭപാത്രത്തിനകത്തേക്കു വളരുന്ന മുഴകൾ സങ്കീർണത കൂടിയതും ഗർഭപാത്രത്തിനു പുറത്തേക്കു വളരുന്നത് സങ്കീർണത കുറഞ്ഞതുമാണ്. ഗർഭിണികളിൽ ഈസ്ട്രജന്റെ ഉൽപാദനം കൂടുതലയാതുകൊണ്ട് ഗർഭധാരണത്തിന്റെ ആദ്യമാസങ്ങളിൽ മുഴയുടെ വലുപ്പം കൂടാനുള്ള സാധ്യതയുണ്ട്.

Read Also : വയറു വേദന നിസാരമാക്കരുത്; കിഡ്നി സ്റ്റോണിന്റെ ലക്ഷണമാവാം 

ഇത്തരം മുഴയുള്ളവരിൽ ആദ്യമാസങ്ങളിൽ ചെറിയ രക്തസ്രാവത്തിനും ഗർഭം അലസാനുമുള്ള സാധ്യത ഉണ്ട്. ഇതുമൂലമുണ്ടാകുന്ന മറ്റൊരു സങ്കീർണതയാണ് റെഡ് ഡീജനറേഷൻ. ഇതു വയറുവേദനയ്ക്കു കാരണമാകാറുണ്ട്. മാസം തികയാതെയുളള പ്രസവത്തിനും മുൻപേ മറുപിള്ള വിട്ടുപോകാനും സാധ്യതയുണ്ട്. ഗർഭാശയ മുഖത്തിനടുത്താണ് മുഴയെങ്കിൽ പ്രസവത്തിനു തടസ്സമുണ്ടാകുകയും സിസേറിയനിലേക്കു നയിക്കുകയും െചയ്യാം. പ്രസവശേഷം അമിത രക്തസ്രാവത്തിനും അണുബാധയ്ക്കും സാധ്യതയുണ്ട്. പിന്നീട് ഹോർമോണുകളുടെ പ്രവർത്തനം സ്വാഭാവിക രീതിയിൽ എത്തുമ്പോൾ മുഴകൾ ചെറുതാകുകയാണു പതിവ്.

ഗർഭാവസ്ഥയിൽ കണ്ടുപിടിക്കുന്ന മുഴകൾക്കു പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. റെഡ് ഡീജനറേഷൻ ഉണ്ടാകുകയാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം വേദനസംഹാരികൾ കഴിക്കുകയും വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യുക. പ്രസവശേഷം മുഴയുടെ വലുപ്പം കുറയുന്നുണ്ടോ ഇല്ലയോ എന്നു നിരീക്ഷിച്ച് അതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ വേണോ വേണ്ടയോ എന്നു തീരുമാനിക്കാം. ഇതുവരെ ലക്ഷണങ്ങളൊന്നും ഉണ്ടാകാത്തതിനാൽ താങ്കളുടെ മുഴ ഗർഭപാത്രത്തിനു പുറത്തു വളരുന്ന തരമാകാനാണു സാധ്യത. അതിനാൽ, ഈ പറഞ്ഞ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യതകൾ കുറവാണ്. കൃത്യമായ പരിശോധനയും സ്കാനിങ്ങും വഴി മുഴയുടെ വളർച്ച നിരീക്ഷിക്കുക. 

പ്രസാരിത പാദോത്തനാസന ശീലമാക്കുന്നതിലൂടെ പിസിഒഡി മാറുന്നതെങ്ങനെ - വിഡിയോ

 

Content Summary : What happens if you have fibroids while pregnant?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com