ADVERTISEMENT

അവധിക്കാലത്ത് ഉല്ലാസയാത്രകളും ബന്ധുക്കളെ കാണാനുള്ള യാത്രകളുമൊക്കെ പതിവാണല്ലോ. യാത്രയ്‌ക്കിടയില്‍ ഛര്‍ദ്ദിക്കുകയും  ഓക്കാനിക്കുകയും  തലകറക്കം വരുകയുമൊക്കെ ചെയ്യുന്നവർക്ക് യാത്രാവേളകള്‍ പേടിസ്വപ്‌നങ്ങളാണ്. മോഷന്‍ സിക്‌നസ്‌ (Motion Sickness), കൈനറ്റോസിസ്‌ എന്നെല്ലാമാണ്‌ ഈ രോഗാവസ്ഥയ്‌ക്ക്‌ പേര്‌. കാറിലോ ബോട്ടിലോ വിമാനത്തിലോ ട്രെയിനിലോ ഒക്കെ പോകുമ്പോള്‍ ഇത്‌ സംഭവിക്കാം. ഒരു ജയന്റ്‌ വീലില്‍ കയറിയാല്‍ പോലും ഇത്‌ സംഭവിച്ചെന്ന്‌ വരാം. നിയന്ത്രിക്കാനാവാത്ത ഓക്കാനം, ഛര്‍ദ്ദി, തലകറക്കം, വിയര്‍പ്പ്‌ എന്നിവയെല്ലാമാണ്‌ മോഷന്‍ സിക്ക്‌നസ്‌ ലക്ഷണങ്ങള്‍. യാത്ര തുടങ്ങിയ ഉടനെയോ ഒരു മണിക്കൂറിന്‌ ശേഷമോ ഇതിന്റെ ലക്ഷണങ്ങള്‍ ആരംഭിക്കാം. 

മോഷന്‍ സിക്ക്‌നസ്‌ സംഭവിക്കുന്നത്‌ എന്തുകൊണ്ട്‌?
മൂന്നില്‍ ഒരാളെ എന്ന നിലയില്‍ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്‌ മോഷന്‍ സിക്ക്‌നസ്‌. കണ്ണുകള്‍ തലച്ചോറിന്‌ നല്‍കുന്ന ദൃശ്യങ്ങളുടെ വിവരവും ചെവിയുടെ ആന്തരിക ഭാഗം നല്‍കുന്ന സെന്‍സറി വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേട്‌ തലച്ചോറിന്‌ ഉണ്ടാക്കുന്ന ആശയക്കുഴപ്പമാണ്‌ മോഷന്‍ സിക്ക്‌നസിന്റെ കാരണം. നാം ചലിക്കുകയാണോ അനങ്ങാതിരിക്കുകയാണോ എന്നെല്ലാം തലച്ചോര്‍ അറിയുന്നത്‌ കണ്ണുകളും കൈകാലുകളും ചെവിക്കുള്ളിലെ ബാലന്‍സ്‌ നിലനിര്‍ത്തുന്ന എന്‍ഡോലിംഫ്‌ ദ്രാവകവുമെല്ലാം തലച്ചോറിലേക്ക്‌ അയയ്ക്കുന്ന സന്ദേശങ്ങള്‍ വിലയിരുത്തിയാണ്‌. യാത്രാവേളയില്‍ ഈ സന്ദേശങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേട്‌ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കി മോഷന്‍ സിക്ക്‌നസിലേക്ക്‌ നയിക്കും. ഉത്‌കണ്‌ഠ, സമ്മർദം, ക്ഷീണം എന്നിവയുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ അധികരിക്കും. ലക്ഷണങ്ങളുടെ തീവ്രതയും ദൈര്‍ഘ്യവും വ്യക്തിയെയും യാത്രാമാര്‍ഗത്തെയും അടിസ്ഥാനപ്പെടുത്തി വ്യത്യാസപ്പെടും. സ്‌ത്രീകളിലും സൂക്ഷ്‌മസംവേദനത്വമുള്ള ആന്തരിക ചെവിയുള്ളവരിലും  മോഷന്‍ സിക്ക്‌നസ്‌ പൊതുവായി കാണപ്പെടാം. ചിലരില്‍ പാരമ്പര്യമായും ഇത്‌ കണ്ടെന്ന്‌ വരാം. കുട്ടികളില്‍ രണ്ട്‌ വയസ്സിന്‌ ശേഷമാണ്‌ മോഷന്‍ സിക്ക്‌നസ്‌ വരുന്നത്‌. 

Read Also : നാട്ടിൽ സുഹൃത്തുക്കൾക്ക് റിട്ടയർമെന്റ്; എനിക്ക് ജോലി അന്വേഷണം: അമേരിക്കൻ മലയാളി ടെക്കിയുടെ അനുഭവക്കുറിപ്പ്

മോഷന്‍ സിക്ക്‌നസ് ഒഴിവാക്കാനും ലക്ഷണങ്ങള്‍ ലഘൂകരിക്കാനുമുള്ള ചില മാര്‍ഗങ്ങള്‍ പങ്കുവയ്‌ക്കുകയാണ്‌ ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ എഴുത്തുകാരി കൂടിയായ ഡോ. ഗീത മത്തായി. 

∙ കാറിന്റെയോ ബസിന്റെയോ മുന്‍ സീറ്റില്‍ ഇരുന്ന്‌ ദൂരത്തുള്ള ഒരു നിശ്ചിത സ്ഥാനത്ത്‌ കണ്ണുറപ്പിക്കുക. ഇത്‌ കണ്ണും കാതും തമ്മിലുള്ള സന്ദേശങ്ങളിലെ പൊരുത്തക്കേട്‌ കുറയ്‌ക്കും.

∙ ഫ്‌ളൈറ്റിലും ട്രെയിനിലും ജനലിനു സമീപമുള്ള സീറ്റ്‌ തിരഞ്ഞെടുക്കുക

∙ സാധ്യമായ പക്ഷം കണ്ണടച്ച്‌ കിടക്കുകയോ ഉറങ്ങുകയോ ചെയ്യുക

∙ ആവശ്യത്തിന്‌ വെള്ളം കുടിക്കുക

∙ മദ്യം, കഫീന്‍ ചേര്‍ത്ത പാനീയങ്ങള്‍ എന്നിവ യാത്രാവേളയില്‍ ഒഴിവാക്കുക

∙ ചെറിയ അളവില്‍ ഭക്ഷണം ഇടയ്‌ക്കിടെ കഴിക്കാം

∙ പുകവലി ഒഴിവാക്കുക

∙ ഇടയ്‌ക്കിടെ വണ്ടി നിര്‍ത്തി പുറത്തിറങ്ങുക

∙ പാട്ട്‌ കേള്‍ക്കുക

∙ ഫ്‌ളേവര്‍ ചേര്‍ത്ത ലോസേഞ്ചുകള്‍ നുണയാം. ഇഞ്ചി ചേര്‍ത്ത ലോസേഞ്ചുകള്‍ ഓക്കാനം കുറയ്‌ക്കും

 Motion Sickness During Travel
Representative Image. Photo Credit : Martin DM / iStock Photo.com

 

∙ ആന്റിഹിസ്‌റ്റമിന്‍, ആന്റിമെറ്റിക്‌സ്‌ മരുന്നുകളും മോഷന്‍ സിക്ക്‌നസ് ലഘൂകരിക്കാന്‍ ഉപയോഗിക്കാവുന്നതാണ്‌. പലതും ക്ഷീണം ഉണ്ടാക്കുന്നവയാണ്‌. ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്ന അളവിനും മുകളില്‍ ഇവ കഴിക്കാതിരിക്കുക. യാത്ര തുടങ്ങുന്നതിന്‌ ഒരു മണിക്കൂര്‍ മുന്‍പ്‌ ഇവ കഴിക്കേണ്ടതാണ്‌. 

∙ കൈത്തണ്ടയില്‍ പി-6(നയ്‌ ഗുന്‍) എന്ന പ്രഷര്‍ പോയിന്റ്‌ ഉണ്ട്‌. ഇതിന്റെ ഇരു വശങ്ങളിലും മാറി മാറി മസാജ്‌ ചെയ്‌ത്‌ രണ്ട്‌ മിനിറ്റ് നേരത്തേക്ക്‌ മര്‍ദ്ദം ചെലുത്തുന്നത്‌ ഏത്‌ കാരണം മൂലമുള്ള ഓക്കാനം കുറയ്‌ക്കാനും സഹായകമാണ്‌. 

∙ കൈത്തണ്ടയിലെ ഈ പോയിന്റിന്‌ മര്‍ദ്ദം കൊടുക്കാന്‍ സഹായിക്കുന്ന മോഷന്‍ സിക്ക്‌നസ്‌ ബാന്‍ഡുകളും (സീ ബാന്‍ഡ്‌) ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌. യാത്രയ്‌ക്ക്‌ അര മണിക്കൂര്‍ മുന്‍പ്‌ ഇവ കയ്യില്‍ അണിയണം. യാത്ര തീരും വരെ ഇവ കയ്യില്‍ ധരിക്കാം. രണ്ട്‌ കൈത്തണ്ടയിലും ഓരോന്ന്‌ ധരിക്കാവുന്നതാണ്‌. 

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? - വിഡിയോ

 

Content Summary : How to tackle motion sickness during travel?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com