ADVERTISEMENT

ശരീരത്തില്‍നിന്ന്‌ മാലിന്യങ്ങള്‍ അരിച്ചു നീക്കം ചെയ്യുന്നതില്‍ മുഖ്യ പങ്ക്‌ വഹിക്കുന്ന അവയവങ്ങളാണ്‌ വൃക്കകള്‍. അവയുടെ പ്രവര്‍ത്തനം തകരാറിലായാൽ ശരീരത്തില്‍ മാലിന്യം കെട്ടിക്കിടന്ന്‌ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. ഇനി പറയുന്ന കാര്യങ്ങള്‍ വൃക്കകളുടെ ആരോഗ്യ സംരക്ഷണത്തില്‍ സഹായിക്കും. 

1. ആവശ്യത്തിന്‌ വെള്ളം കുടിക്കണം
ആവശ്യത്തിന്‌ വെള്ളം കുടിച്ച്‌ ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തുന്നത്‌ ശരീരത്തില്‍നിന്ന്‌ മാലിന്യങ്ങളും വിഷവസ്‌തുക്കളും നീക്കം ചെയ്യാന്‍ വൃക്കകളെ സഹായിക്കും. ദിവസം കുറഞ്ഞത്‌ എട്ട്‌ മുതല്‍ 10 വരെ കപ്പ്‌ വെള്ളം കുടിക്കേണ്ടതാണ്‌. ഇത്‌ ഓരോ സ്ഥലത്തെയും താപനിലയും വ്യക്തിയുടെ പ്രവര്‍ത്തനങ്ങളുടെ തോതും അനുസരിച്ച്‌ വ്യത്യാസപ്പെടാം. ഇതിനൊപ്പം സന്തുലിതമായ ഭക്ഷണക്രമവും വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. 

2. ഉപ്പും പഞ്ചസാരയും പരിമിതപ്പെടുത്താം
ഉയര്‍ന്ന തോതിലുള്ള ഉപ്പിന്റെ ഉപയോഗം രക്തസമ്മർദം ഉയര്‍ത്തും. ഇത്‌ വൃക്കകളുടെ ആരോഗ്യത്തിന്‌ നല്ലതല്ല. സംസ്‌കരിച്ച ഭക്ഷണവിഭവങ്ങള്‍ ഒഴിവാക്കി പ്രകൃതിദത്ത വിഭവങ്ങള്‍ പാകം ചെയ്‌ത്‌ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഉയര്‍ന്ന തോതിലുള്ള പഞ്ചസാര പ്രമേഹത്തിലേക്കും അമിതവണ്ണത്തിലേക്കും നയിക്കാം. ഇതും വൃക്കകളെ ബാധിക്കാം. പഞ്ചസാര അമിതമായി ചേര്‍ന്ന പാനീയങ്ങളും സ്‌നാക്‌സും ഒഴിവാക്കുക. 

3. പ്രോട്ടീന്‍ കഴിക്കുക
ആവശ്യമായ തോതില്‍ പ്രോട്ടീന്‍ കഴിക്കുന്നതും വൃക്കകള്‍ക്ക്‌ നല്ലതാണ്‌. ചിക്കന്‍, മീന്‍ പോലുള്ള ലീന്‍ പ്രോട്ടീനുകളും സസ്യാധിഷ്‌ഠിത പ്രോട്ടീനുകളുമാണ്‌ വൃക്കകള്‍ക്ക്‌ നല്ലത്‌. അമിതമായ തോതിലുള്ള പ്രോട്ടീന്‍ വൃക്കയ്‌ക്ക്‌ സമ്മർദമേറ്റും. 

4. രക്തസമ്മർദം നിയന്ത്രിക്കണം
അമിതരക്തസമ്മർദം വൃക്കകളെ ബാധിച്ച്‌ അവയുടെ പ്രവര്‍ത്തനം തകരാറിലാക്കാം. ഇതിനാല്‍ ഇടയ്‌ക്കിടെ രക്തസമ്മർദം പരിശോധിച്ച്‌ അവ നിയന്ത്രണത്തിലാണെന്ന്‌ ഉറപ്പ്‌ വരുത്തേണ്ടതാണ്‌. 

Representative Image. Photo Credit : Age Barros / iStockPhoto.com
Representative Image. Photo Credit : Age Barros / iStockPhoto.com

5. പുകവലിയും മദ്യപാനവും ഒഴിവാക്കുക
പുകവലി രക്തധമനികള്‍ക്ക്‌ നാശം വരുത്തി വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്‌ക്കും. ഇതിനാല്‍ പുകവലി പൂര്‍ണമായും ഒഴിവാക്കണം. മദ്യപാനവും വൃക്കകള്‍ക്ക്‌ മേല്‍ സമ്മർദം ചെലുത്തുമെന്നതിനാല്‍ ഇവ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക. ഐബുപ്രോഫന്‍, നാപ്രോക്‌സെന്‍ പോലുള്ള വേദനസംഹാരികളുടെ നിരന്തര ഉപയോഗവും വൃക്കകളെ അപകടപ്പെടുത്താം. 

6. പ്രമേഹവും ശരീരഭാരവും നിയന്ത്രിക്കുക
പ്രമേഹമുള്ളവര്‍ മരുന്നുകളിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയും നിരന്തരമായ പരിശോധനകളിലൂടെയും അത്‌ നിയന്ത്രിച്ച്ു നിര്‍ത്താന്‍ ശ്രമിക്കണം. അമിതഭാരവും കുടവയറും പ്രമേഹവും വൃക്കരോഗ സാധ്യത വർധിപ്പിക്കും. സന്തുലിതമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം എന്നിവയെല്ലാം ഇക്കാര്യത്തില്‍ സഹായകമാണ്‌. 

7. ഇടയ്‌ക്കിടെയുള്ള ആരോഗ്യ പരിശോധന
വാര്‍ഷിക ആരോഗ്യ പരിശോധനകള്‍ വൃക്കരോഗമുള്‍പ്പെടെയുള്ളവ നേരത്തേ തിരിച്ചറിഞ്ഞ്‌ പരിഹരിക്കാന്‍ സഹായിക്കും. മൂത്രവും രക്തവും പരിശോധിക്കുന്നതിലൂടെ വൃക്കരോഗങ്ങളെ കുറിച്ച്‌ സൂചന ലഭിക്കുന്നതാണ്‌.

വെള്ളം കുടിയും വൃക്ക രോഗവും – വിഡിയോ

English Summary:

7 ways to keep your kidneys healthy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com