ADVERTISEMENT

യാത്രയിലെ ഛർദി (Vomiting) പലർക്കും ഒരു പേടിസ്വപ്നമാണ്. മോഷൻ സിക്നസ് (Motion Sickness) എന്നാണ് ഈ അവസ്ഥയെ പറയുക. ഈ പ്രശ്നം കാരണം പലരും ദൂരയാത്രകൾ മാറ്റിവയ്ക്കാറുണ്ട്. നമ്മുടെ മസ്തിഷ്കത്തിൽ – കണ്ണ്, ചെവി, പേശികൾ, സന്ധികൾ എന്നീ അവയവങ്ങളിൽ നിന്നുള്ള സിഗ്നലുകൾ മാറി മാറി വരുമ്പോൾ ഉണ്ടാകുന്ന ഒരു കൺഫ്യൂസ്ഡ് റിയാക്‌ഷൻ (Brain’s Confused Reaction) ആണ് മോഷൻ സിക്നസ്. കാർ, ബസ്, ബോട്ട്, കപ്പൽ, വിമാനം, അമ്യൂസ്മെന്റ് പാർക്കുകളിലെ റൈഡുകൾ എന്നിവയിൽ ഇരിക്കുമ്പോഴെല്ലാം മോഷൻ സിക്നസ് കടന്നുവരാം.

young-woman-feeling-bad-during-a-flight-and-breathing-in-vomit-bag-air-sick-martin-dm-istock-photo-com
Representative Image. Photo Credit : Martin DM / iStock Photo.com

സ്ത്രീകളിലും കുട്ടികളിലും
സാധാരണയായി സ്ത്രീകളിലും കുട്ടികളിലുമാണ് ഈ ബുദ്ധിമുട്ട് കാണാറ്. തുടർച്ചയായ യാത്രയിൽ അസ്വാസ്ഥ്യമായി തുടങ്ങുന്ന ബുദ്ധിമുട്ട്, വയറെരിച്ചിൽ, ഓക്കാനം, ദേഹാസ്വാസ്ഥ്യം, തലകറക്കം, പുളിച്ചു തികട്ടൽ, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഛർദിയായി പരിണമിക്കാം. ഗർഭിണികൾ, 12 വയസ്സുവരെയുള്ള കുട്ടികൾ, പെൺകുട്ടികളിൽ ആർത്തവമുള്ള സമയം, ചെവിയുടെ രോഗങ്ങൾ ഉള്ളവർ, പാർക്കിൻസൺ രോഗികൾ എന്നിവരിൽ യാത്രയിലെ ഛർദി കൂടുതലാണ്.

ലക്ഷണങ്ങൾ ശ്രദ്ധിക്കാം
തുടരെത്തുടരെ ശ്വാസമെടുക്കുന്നതിൽ തുടങ്ങി. തലവേദന വന്ന്, തണുത്തു വിയർത്ത്, ഛർദിയിൽ അവസാനിക്കാറാണു പതിവ്. പക്ഷേ എല്ലാവർക്കും എല്ലാ ലക്ഷണങ്ങളും വരണമെന്നില്ല. ഇത്തരം ബുദ്ധിമുട്ടുള്ളവരിൽ അധികം പരിശോധനകൾ ഡോക്ടർമാർ ആവശ്യപ്പെടാറില്ല. ചെറിയ തോതിൽ മയക്കം വരുത്തുന്ന ആന്റിഹിസ്റ്റമിനുകൾ, സ്കോപോലാമൈൻ സ്കിൻ പാച്ചുകൾ (Scopolamine skin patch) എന്നിവയാണു മരുന്നുകളായി ഡോക്ടർമാർ നിർദേശിക്കാറുള്ളത്. പലർക്കും യാത്രയ്ക്കുശേഷം പ്രശ്നങ്ങൾ കാണപ്പെടില്ല. എങ്കിലും തുടർച്ചയായ ഛർദി, രക്തസമ്മർദം കുറയ്ക്കാനും നിർജലീകരണം ഉണ്ടാക്കാനും കാരണമാകാറുണ്ട്.

യാത്രയിലെ ഛർദി കുറയ്ക്കാൻ ചില കുറുക്കുവഴികൾ പരീക്ഷിക്കാം
∙യാത്രയ്ക്കു മുൻപ് മിതമായ ആഹാരം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. വയർ നിറയെ കഴിക്കാതിരിക്കുക.

∙എണ്ണമയമുള്ള, വറുത്ത ആഹാരങ്ങൾ ഒഴിവാക്കുക. 
∙യാത്രയ്ക്കു മുൻപ് പുകവലി, മദ്യപാനം എന്നിവ പാടില്ല.

∙ഛർദിയുടെ ലക്ഷണങ്ങൾ കണ്ടാൽ മുഖത്തേക്കു വായു ലഭിക്കാൻ എസി വെന്റ് അല്ലെങ്കിൽ വാഹനത്തിന്റെ ഡോറിന്റെ ഗ്ലാസ് താഴ്ത്തി അതിനു സമീപം ഇരിക്കുക.

∙വാഹനമോടുമ്പോൾ ഫോൺ, പുസ്തകം, ലാപ്ടോപ് എന്നിവ ഉപയോഗിക്കാതിരിക്കുക.

∙കാറിന്റെ മുൻസീറ്റിൽ ഇരിക്കുക. അല്ലെങ്കിൽ വാഹനത്തിന്റെ അധികം കുലുക്കം ഇല്ലാത്ത സ്ഥലത്ത് ഇരിക്കാൻ ശ്രദ്ധിക്കുക.

∙ബസ്സിൽ ജനലരികെയുള്ള സീറ്റിൽ ഇരിക്കാം.
∙വാഹനമോടുമ്പോൾ ചാരി, കണ്ണുകളടച്ച് ഇരിക്കുന്നതു ഛർദി തടയും.

∙മുന്നോട്ടു പോകുന്ന വണ്ടിയുടെ അതേ ദിശയിലുള്ള സീറ്റിൽ തന്നെ ഇരിക്കണം. എതിർ ദിശയിലുള്ളതോ വശങ്ങളിലുള്ളതോ ആയ സീറ്റുകളിൽ ഇരിക്കുന്നത് ഒഴിവാക്കുക.

∙പുറത്തേക്കു നോക്കുകയാണെങ്കിൽ ദൂരെ ചക്രവാളത്തിലേക്കോ ആകാശത്തിലേക്കോ നോക്കുക.

∙നുണഞ്ഞിറക്കുന്ന തരത്തിലുള്ള മിഠായികൾ കൂടെ കരുതുക. പുതിനയുടെയും മറ്റും രുചിയുള്ളതു നല്ലത്.

∙ഗന്ധമുള്ള ഔഷധങ്ങൾ – തുളസി, ഗ്രാംപൂ, നാരങ്ങ എന്നിവ മണക്കാൻ ഉപയോഗിക്കാം.

∙സീറ്റിൽ നിവർന്നു തന്നെ ഇരിക്കാൻ ശ്രമിക്കുക.
∙വളവുകളിലും കയറ്റങ്ങളിലും വാഹനത്തിന്റെ വേഗത കുറയ്ക്കാം.

∙അസ്വാസ്ഥ്യം തോന്നിയാൽ വാഹനം വേഗത കുറയ്ക്കുക. നിർത്താനും ആവശ്യപ്പെടാം.

∙തല പുറത്തേക്കിടാതിരിക്കുക.
∙ഇടയ്ക്കു നിർത്തി മുഖം കഴുകി, പുറത്തേക്കിറങ്ങി, കാറ്റുകൊണ്ട് വിശ്രമിച്ചു യാത്ര തുടരുക.

∙യാത്രയ്ക്കിടെ ഛർദിയെക്കുറിച്ചുള്ള സംസാരവും ചർച്ചകളും ഒഴിവാക്കാം.
∙ഹെയർപിൻ വളവുകൾ കയറുമ്പോഴും ഇറങ്ങുമ്പോഴും വാഹനത്തിനുള്ളിൽ കിടക്കാതിരിക്കുക. കഴിവതും ഇരുന്നു തന്നെ യാത്ര ചെയ്യുക.

∙വാഹനത്തിനുള്ളിൽ ഛർദിച്ചാൽ, ആ ഛർദി നീക്കം ചെയ്തു വാഹനം വൃത്തിയാക്കിയതിനുശേഷം യാത്ര തുടരുക. ഛർദിയുടെ ഗന്ധമേൽക്കുന്നതു വീണ്ടും ഛർദിക്കാൻ ഇടയാക്കും.

(വിവരങ്ങൾ : ഡോ. ദീപു ജോർജ്, കൺസൽറ്റന്റ് ഫിസിഷൻ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം)

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? - വിഡിയോ

English Summary:

How to prevent motion sickness before your next trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com