ADVERTISEMENT

ആരോരുമില്ലാത്തവരും കിടപ്പുരോഗികളുമായ വയോജനങ്ങൾക്ക് തലചായ്ക്കാൻ ഇടമൊരുങ്ങുന്നു. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് ഒറ്റപ്പെടലിന്റെ ലോകത്ത് കഴിയുന്നവർക്ക് സ്നേഹവും പരിചരണവും സംരക്ഷണവും നൽകുന്നതിനായി ജില്ലകളിൽ സംരക്ഷണ കേന്ദ്രം ഒരുക്കുന്ന ‘വയോസാന്ത്വനം’ പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. പൈലറ്റ് അടിസ്ഥാനത്തിൽ ഒരു ജില്ലയിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. സാമൂഹികനീതി വകുപ്പ് മുഖേന ഈ സാമ്പത്തിക വർഷം പദ്ധതി നടപ്പാക്കാൻ സർക്കാർ അനുമതി നൽകി.

മുതിർന്ന പൗരൻമാർക്ക് മാത്രം
സംരക്ഷിക്കാൻ ആരും ഇല്ലാത്ത, കിടപ്പിലായ 60 വയസ്സു പൂർത്തിയായ മുതിർന്ന പൗരൻമാർക്കു വേണ്ടിയാണ് പദ്ധതി. ഇവർക്ക് ഭക്ഷണം, മരുന്ന്, പരിചരണം എന്നിവ ഉറപ്പാക്കും. സേവനങ്ങൾ പൂർണമായും സൗജന്യമായിരിക്കണമെന്നാണ് സർക്കാർ നിർദേശം. സംരക്ഷണം നൽകാൻ തയാറുള്ള സന്നദ്ധ സംഘടനകൾക്ക് ഇതിനായി സർക്കാർ ഗ്രാന്റ് അനുവദിക്കും. സംരക്ഷണ കേന്ദ്രങ്ങളിലെ സേവനത്തിനും മറ്റും താമസക്കാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഒരു ഫീസും ഈടാക്കരുതെന്നും സാമൂഹികനീതി വകുപ്പ് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.

സൗകര്യങ്ങൾ
കിടപ്പുരോഗികളെ പരിചരിക്കാൻ സർക്കാർ മാർഗനിർദേശപ്രകാരമുള്ള സൗകര്യങ്ങളും സേവനങ്ങളും കേന്ദ്രങ്ങളിൽ ഉണ്ടാകും. മുതിർന്ന പൗരൻമാർക്കായി ഡോർമട്രി സൗകര്യവും പ്രത്യേക ചികിത്സ ആവശ്യമായവരെ പാർപ്പിക്കുന്നതിന് പ്രത്യേക മുറികളും ചികിത്സാസംവിധാനവും ഉണ്ടാകും. കിടപ്പിലായവർക്ക് അനുയോജ്യമായ രീതിയിൽ റേഡിയോ, ടിവി, ലൈബ്രറി സൗകര്യവും ഏർപ്പെടുത്തും. സ്ത്രീകൾക്കും പുരുഷൻമാർക്കും ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേകം താമസസൗകര്യമുണ്ടാകും.

80 ശതമാനം സർക്കാർ ഗ്രാന്റ്
പദ്ധതി നടത്തിപ്പിന് ആവശ്യമായ മനുഷ്യവിഭവ ശേഷിയുടെയും ദൈനംദിന ചെലവുകളുടെയും 80 % തുക സർക്കാർ ഗ്രാന്റായി അനുവദിക്കും. ബാക്കി തുക (20%) സംഘടനകൾ വഹിക്കണം. 

പദ്ധതി മാനദണ്ഡങ്ങൾ പ്രകാരം 25 കിടപ്പുരോഗികളെ സംരക്ഷിക്കാനുള്ള പദ്ധതി ഏറ്റെടുത്തു നടത്താൻ താൽപര്യമുള്ള സന്നദ്ധ സംഘടനകളിൽ നിന്ന് താൽപര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. വിശദാംശങ്ങൾ സാമൂഹികനീതി വകുപ്പിന്റെ വെബ്സൈറ്റിൽ (www.sjd.kerala.gov.in)ലഭ്യമാണ്. എല്ലാ ജില്ലകളിലും അർഹരായ സ്ഥാപനങ്ങൾക്ക് (കുറഞ്ഞത് ഒരു സ്ഥാപനത്തിനെങ്കിലും) പദ്ധതി നടത്തുന്നതിനുള്ള സഹായമാണ് സാമൂഹികനീതി വകുപ്പിൽ നിന്ന് അനുവദിക്കുക.

ഓഫിസർ ശുപാർശ ചെയ്യണം
അനാരോഗ്യം മൂലം തുടർച്ചയായ നഴ്സിങ് കെയർ/മെഡിക്കൽ കെയർ ആവശ്യമാകുന്ന സാഹചര്യത്തിലുള്ള വ്യക്തിക്ക് (മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ) ജില്ലാ സാമൂഹികനീതി ഓഫിസറുടെ ശുപാർശയോടെ സ്ഥാപനത്തിൽ സംരക്ഷണം നൽകാമെന്നാണ് നിബന്ധന. ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തമാകുകയും ചെയ്യുന്നപക്ഷം ഈ വ്യക്തികളെ അനുയോജ്യമായ മറ്റു പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിക്കണം. ജില്ലാ സാമൂഹികനീതി ഓഫിസറുടെ സഹായം ഇതിനായി തേടാം.

age-old-icu-patient-man-songpol-wongchuen-shutterstock-com
Representative Image. Photo Credit : SongpolWongchuen / Shutterstock.com

‘കേരളത്തിൽ പ്രശ്നം രൂക്ഷമെന്ന് റിപ്പോർട്ട്
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വയോജനങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും കേരളത്തിൽ രൂക്ഷമായ പ്രശ്നമാകുകയാണെന്നാണ് സാമൂഹിക നീതി വകുപ്പിന്റെ റിപ്പോർട്ട്. അണുകുടുംബങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെ കാലഘട്ടത്തിൽ മുതിർന്നവരുടെ ശരിയായ സംരക്ഷണത്തിന് കുടുംബങ്ങളിൽ ആളില്ലാത്ത സ്ഥിതിയാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പുരുഷൻമാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളം വീടുവിട്ടിറങ്ങുന്ന ഇന്നത്തെ സാഹചര്യത്തിൽ മുതിർന്ന പൗരന്മാർ പൂർണമായും ഒറ്റപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും സ്വന്തം കാര്യങ്ങൾ സ്വയം നോക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ‘വയോസാന്ത്വനം’ പദ്ധതി നടപ്പാക്കുന്നത്.

അർബുദത്തെ അതിജീവിച്ച കുത്താംപുള്ളിക്കാരുടെ മാലാഖ - വിഡിയോ

English Summary:

Vayosanthwanam Project for bedridden patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com