ADVERTISEMENT

ദിവസവും പല്ല്‌ തേക്കാറുണ്ടോ എന്ന്‌ ചോദിച്ചാല്‍ ഉണ്ട്‌. പക്ഷേ, രാത്രിയില്‍ കിടക്കും മുന്‍പ്‌ പല്ല്‌ തേയ്‌ക്കാറുണ്ടോ എന്ന്‌ ചോദിച്ചാല്‍ അത്‌, പിന്നെ, ചിലപ്പോള്‍, മറന്നു പോയില്ലെങ്കില്‍ എന്നെല്ലാം പറഞ്ഞ്‌ തല ചൊറിയും. പറഞ്ഞു വരുന്നത്‌ നമ്മളില്‍ ഒന്നോ രണ്ടോ പേരുടെ മാത്രം കാര്യമല്ല. 55 ശതമാനം ഇന്ത്യക്കാരും രാത്രിയില്‍ പല്ല്‌ തേയ്‌ക്കുന്ന കാര്യത്തില്‍ ഉപേക്ഷ കാട്ടാറുണ്ടെന്ന്‌ ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

പലപ്പോഴും മടിയും അറിവില്ലായ്‌മയുമാണ്‌ ഇന്ത്യക്കാരെ രാത്രിയിലെ പല്ല്‌ തേപ്പില്‍ നിന്ന്‌ പിന്തിപ്പിക്കുന്നതെന്ന്‌ ദന്തരോഗ വിദഗ്‌ധര്‍ പറയുന്നു. പല്ല്‌ കേടാകുന്നത്‌ ഉള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങളിലേക്കും ഈ അശ്രദ്ധ നയിക്കാം. പകല്‍ മുഴുവന്‍ പല്ലില്‍ അടിഞ്ഞു കൂടുന്ന ഭക്ഷണവിഭവങ്ങളും ബാക്ടീരിയയും പുറത്ത്‌ വിടുന്ന ആസിഡ്‌ പല്ലിലെ ഇനാമലിനെ വിഘടിപ്പിച്ച്‌ പല്ലില്‍ പോട്‌ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്ന്‌ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്ത്‌ ഡെന്തിസ്‌ട്രി ജനറല്‍ സെക്രട്ടറി ഡോ. വംശി കൃഷ്‌ണ റെഡ്ഡി ഇന്ത്യ ടുഡേയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 


Representative image. Photo Credit: Aleksej Sarifulin/istockphoto.com
Representative image. Photo Credit: Aleksej Sarifulin/istockphoto.com

രാത്രിയില്‍ ഉറങ്ങുമ്പോള്‍  ഉമിനീരിന്റെ ഉത്‌പാദനം കുറയുന്നത്‌ മൂലം ബാക്ടീരിയ കൂടുതല്‍ വളരുന്നതിനാല്‍ പല്ല്‌ തേയ്‌ക്കാതെ കിടക്കുന്നവര്‍ക്ക്‌ വായ്‌നാറ്റവും ഉണ്ടാകാമെന്ന്‌ ഡോ. റെഡ്ഡി ചൂണ്ടിക്കാട്ടി. പല്ലില്‍ അടിഞ്ഞു കൂടുന്ന അഴുക്ക്‌ മോണരോഗങ്ങളിലേക്കും നയിക്കാം. ഇത്‌ നീര്‍ക്കെട്ട്‌, അണുബാധ, ജിന്‍ജിവിറ്റിസ്‌ പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ദന്തരോഗങ്ങള്‍ മാത്രമല്ല മറ്റ്‌ ശാരീരിക പ്രശ്‌നങ്ങളും രണ്ടു നേരം പല്ല്‌ തേയ്‌ക്കാത്തവര്‍ക്ക്‌ ഉണ്ടാകാം. ജിന്‍ജിവിറ്റിസ്‌ പോലുള്ള പ്രശ്‌നങ്ങള്‍ ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കാമെന്ന്‌ അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നു. പ്രമേഹ രോഗമുള്ളവരും പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര ശ്വേത രക്തകോശങ്ങളെ ദുര്‍ബലപ്പെടുത്തി വായിലെ അണുബാധകള്‍ക്ക്‌ കാരണമാകാം. 

കിടക്കുന്നതിന്‌ മുന്‍പ്‌ പല്ല്‌ തേയ്‌ക്കുന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നതിന്‌ ഡിജിറ്റല്‍ ഓര്‍മ്മപ്പെടുത്തലുകളും അലാമും സെറ്റ്‌ ചെയ്‌ത്‌ വയ്‌ക്കുന്നത്‌ നന്നായിരിക്കും. ഇടയ്‌ക്കിടെ ദന്താരോഗ്യ പരിശോധന നടത്തി പല്ലിന്‌ പോടുകളും മറ്റ്‌ അണുബാധകളും ഇല്ലെന്ന്‌ ഉറപ്പ്‌ വരുത്തേണ്ടതാണ്‌. 

English Summary:

Benefits of Brushing teeth at night

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com