ADVERTISEMENT

സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട ഒരു തകരാറാണ്‌ അറ്റെന്‍ഷന്‍ ഡെഫിസിറ്റ്‌ ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം അഥവാ എഡിഎച്ച്‌ഡി. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകതെ വരുന്ന 'ഇന്‍അറ്റന്‍ഷന്‍', ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്ത്‌ ചാടി ഓരോന്ന്‌ ചെയ്യുന്ന 'ഇംപള്‍സിവിറ്റി', ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന 'ഹൈപ്പര്‍ ആക്ടിവിറ്റി' എന്നിവയാണ്‌ എഡിഎച്ച്‌ഡിയുടെ മുഖമുദ്ര. 

അവസാനമായി പറഞ്ഞ ഹൈപ്പര്‍ ആക്ടിവിറ്റി പല കുട്ടികളിലും ചെറുപ്പത്തില്‍ ഉണ്ടാകാറുണ്ടെങ്കിലും ചിലരില്‍ മുതിര്‍ന്നാലും ഇത്‌ മാറിയെന്നു വരില്ല. എഡിഎച്ച്‌ഡിയെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാനായി മുതിര്‍ന്നവരിലെ ചില എഡിഎച്ച്‌ഡി ലക്ഷണങ്ങളും അവയ്‌ക്ക്‌ പിന്നിലുള്ള കാരണങ്ങളും വിശദീകരിക്കുകയാണ്‌ തെറാപിസ്റ്റായ ഡോ. ലളിത സുഗ്ലാനി തന്റെ ഇന്‍സ്‌റ്റാഗ്രാം പോസ്‌റ്റില്‍. 

1. മറവി
ഫോണ്‍ ഫ്രിഡ്‌ജില്‍ വച്ച്‌ മറക്കുക, ഏതെങ്കിലും മുറിയിലേക്ക്‌ കയറിയ ശേഷം എന്തിനായിരുന്നു അങ്ങോട്ട്‌ പോയതെന്ന്‌ മറക്കുക എന്നിങ്ങനെ ഹ്രസ്വകാല ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥ എഡിഎച്ച്‌ഡി ലക്ഷണമാണ്‌. വിവരങ്ങളെ ശേഖരിച്ച്‌ വയ്‌ക്കാനുള്ള തലച്ചോറിന്റെ ശേഷിക്കുള്ള തകരാറാണ്‌ ഈ ഓര്‍മ്മക്കുറവിന്റെ കാരണം. 

2. സമയക്ലിപ്‌തത ഇല്ലായ്‌മ
എപ്പോഴും വൈകി വരുക, ഒരു ജോലിക്കായി നീക്കി വയ്‌ക്കേണ്ട സമയത്തെ കുറിച്ച്‌ ധാരണയില്ലാതിരിക്കുക, ബില്ലുകളും മറ്റും അടയ്‌ക്കാന്‍ അവസാന നിമിഷം വരെ വൈകിപ്പിക്കുക, 10 മിനിട്ട്‌ കൊണ്ട്‌ തീര്‍ക്കാവുന്ന ജോലിയാണെങ്കില്‍ പോലും അത്‌ തുടങ്ങാന്‍ ബുദ്ധിമുട്ടുക എന്നിവയെല്ലാം എഡിഎച്ച്‌ഡി ലക്ഷണങ്ങളാണ്‌. തലച്ചോറിന്റെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്‌സ്‌ സജീവമല്ലാത്തതിനെ തുടര്‍ന്നോ ഇതിനെ ഉദ്ദീപിപ്പിക്കുന്ന ഡോപ്പമീന്‍ തകരാറുകളെ തുടര്‍ന്നോ ഒക്കെയാണ്‌ ഇത്‌ സംഭവിക്കുന്നത്‌. ഇത്‌ മൂലം ചെയ്‌തു തീര്‍ക്കേണ്ട ജോലിയുടെ അടിയന്തിര സ്വഭാവത്തെ പറ്റി എഡിഎച്ച്‌ഡി രോഗികള്‍ക്കു മനസ്സിലാകില്ല. ഇതിനാല്‍ ജോലികള്‍ ചെയ്യാതെ തള്ളിവച്ച്‌ തള്ളിവച്ച്‌ അവസാന നിമിഷം തിടുക്കപ്പെട്ട്‌ ചെയ്യേണ്ടി വരുന്നു. 

Representative image. Photo Credits: Suzanne Tucker/ Shutterstock.com
Representative image. Photo Credits: Suzanne Tucker/ Shutterstock.com

3. ചിലകാര്യങ്ങളില്‍ അമിതമായ ഊന്നല്‍
മുന്നില്‍ വരുന്ന ചില കാര്യങ്ങളില്‍ അമിതമായ ഊന്നലും ശ്രദ്ധയും നല്‍കുന്നതും എഡിഎച്ച്‌ഡി ലക്ഷണമാണ്‌. ഉദാഹരണത്തിന്‌ ഏതെങ്കിലും ഹോബിക്കായി മണിക്കൂറുകള്‍ ചെലവഴിച്ച്‌ സമയബോധമില്ലാതെ മറ്റ്‌ ഉത്തരവാദിത്തങ്ങള്‍ അവഗണിക്കുന്ന സ്വഭാവം. ചെയ്യുന്ന ആ പ്രവര്‍ത്തിയില്‍ നിന്ന്‌ ശ്രദ്ധ തിരിക്കാന്‍ തന്നെ ബുദ്ധിമുട്ടായെന്ന്‌ വരാം. വീട്‌ പൂട്ടി പുറത്തിറങ്ങിയിട്ടും സംശയം തീരാതെ മൂന്നും നാലും അഞ്ചും തവണയൊക്കെ തിരികെ പോയി വീണ്ടും പരിശോധിക്കുന്നതൊക്കെ എഡിഎച്ച്‌ഡി ലക്ഷണമാണ്‌. ഡോപ്പമിന്‍ പോലുള്ള ന്യൂറോട്രാന്‍സ്‌മിറ്ററുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട തകരാറുകളാണ്‌ ഈ ലക്ഷണങ്ങള്‍ക്ക്‌ പിന്നില്‍. 

4. അലഞ്ഞു നടക്കുന്ന മനസ്സ്‌
പൊട്ടിയ പട്ടം പോലെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മനസ്സാണ്‌ മറ്റൊരു ലക്ഷണം. ചിന്തയില്‍ മുഴുകി പുസ്‌തകത്തിലെ വായിച്ച പേജ്‌ തന്നെ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുക, സംസാരിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ വിഷയത്തില്‍ നിന്ന്‌ തെന്നി മാറി മറ്റെന്തൊക്കെയോ സംസാരിക്കുക, ചിലപ്പോള്‍ മറുവശത്തിരിക്കുന്ന ആളിനെ തന്നെ ശ്രദ്ധിക്കാതെ വെറെ എന്തൊക്കെയോ ചിന്തിച്ച്‌ കൊണ്ട്‌ തെന്നി മാറുക എന്നിവയെല്ലാം എഡിഎച്ച്‌ഡി മൂലം സംഭവിക്കുന്നതാണ്‌. തലച്ചോറിലെ ഡീഫോള്‍ട്ട്‌ മോഡ്‌ നെറ്റ്‌വര്‍ക്കിന്റെ അമിത പ്രവര്‍ത്തനം മൂലമാണ്‌ തലച്ചോര്‍ അറിയാതെ ഈ പകല്‍കിനാവുകളിലേക്ക്‌ വഴുതി പോകുന്നത്‌. 

5. നിരാകരണങ്ങള്‍ അസ്വസ്ഥമാക്കും
എഡിഎച്ച്‌ഡി രോഗികള്‍ക്ക്‌ എന്തെങ്കിലും കാര്യത്തില്‍ നേരിടുന്ന നിരാകരണങ്ങളെ കൈകാര്യം ചെയ്യല്‍ ബുദ്ധിമുട്ടായിരിക്കും. പ്രതികൂലമായ വിധിയാണ്‌ ഉണ്ടാകാന്‍ പോകുകയെന്ന അമിത ചിന്ത, ഉത്‌കണ്‌ഠ, സമ്മര്‍ദ്ദം എന്നിവ ഇവര്‍ക്കുണ്ടാകും. നിരന്തരമായി ഇവര്‍ക്ക്‌ സമാശ്വാസം നല്‍കിക്കൊണ്ടിരിക്കേണ്ടതായി വരും. ന്യൂറോട്രാന്‍സ്‌മിറ്ററുകളിലെ അസന്തുലനമാണ്‌ ഇത്തരം വൈകാരിക പ്രതികരണങ്ങളിലേക്ക്‌ നയിക്കുന്നത്‌. 

Representative Image. Photo Credit: fizkes/ Shutterstock.com
Representative Image. Photo Credit: fizkes/ Shutterstock.com

എഡിഎച്ച്ഡി വരാനുള്ള കാരണങ്ങള്‍ ഇന്നും അജ്ഞാതമാണെങ്കിലും നമ്മുടെ ജനിതകത്തിന് ഇതില്‍ മുഖ്യ പങ്കുണ്ടെന്ന് കരുതപ്പെടുന്നു. ജനിതകപരമായ ഘടകങ്ങള്‍ക്ക് പുറമേ തലച്ചോറിന് വരുന്ന പരുക്കുകള്‍, ഗര്‍ഭാവസ്ഥയിലോ ശൈശവാവസ്ഥയിലോ ലെഡ് വിഷവസ്തുക്കളുമായുള്ള സമ്പര്‍ക്കം പോലുള്ള പാരിസ്ഥിതിക കാരണങ്ങള്‍, മാസം തികയാതെയുള്ള ജനനം, ജനനസമയത്തെ കുറഞ്ഞ ഭാരം എന്നിവയും എഡിഎച്ച്ഡി സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഗര്‍ഭിണിയായിരിക്കേ അമ്മ മദ്യവും പുകയിലയും ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നും പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. പല ഘട്ടങ്ങളിലൂടെയാണ് ഒരാള്‍ക്ക് എഡിഎച്ച്ഡി ഉണ്ടോയെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്. ഇതിന് ഒന്നിലധികം പരിശോധനകളും വേണ്ടി വന്നേക്കാം. ബിഹേവിയര്‍ തെറാപ്പിയും മരുന്നുകളുമെല്ലാം അടങ്ങുന്നതാണ് ഇതിനുള്ള ചികിത്സ. 

കുട്ടികളിലെ കിഡ്നി രോഗലക്ഷണങ്ങൾ: വിഡിയോ

English Summary:

ADHD Reasons and Symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com