ADVERTISEMENT

ചോദ്യം : മുതിർന്ന പൗരന്മാരുടെ കേസുകൾക്ക് കോടതിയിൽ എന്തെങ്കിലും തരത്തിലുള്ള മുൻഗണന ലഭിക്കുമോ? -  ജോർജ് തോമസ്, കോഴിക്കോട്

ഉത്തരം : കേസുകളിൽ തീർപ്പുകൽപിക്കുന്നതിൽ മുതിർന്ന പൗരന്മാർക്കു മുൻഗണന നൽകേണ്ടത് കോടതികളുടെ കടമയാണെന്ന് ഒട്ടേറെ കേസുകളിൽ സുപ്രീം കോടതിയും ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ ജീവിതകാലത്തുതന്നെ വ്യവഹാരത്തിന്റെ ഫലം ആസ്വദിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനാണ് ഈ മുൻഗണന നൽകുന്നതെന്ന് 2020ൽ ആന്ധ്രപ്രദേശ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും വ്യക്തമാക്കിയിട്ടുണ്ട്.

60 വയസ്സോ അതിനു മുകളിലോ പ്രായമുള്ള മുതിർന്ന പൗരന്മാർ ഉൾപ്പെട്ടിട്ടുള്ള കേസുകൾ കണ്ടെത്തി വേഗത്തിൽ തീർപ്പുകൽപിക്കാൻ സുപ്രീം കോടതി രാജ്യത്തെ മുഴുവൻ കോടതികൾക്കും നിർദേശം നൽകിയിട്ടുണ്ട്. 1999 വയോജനങ്ങളുടെ വർഷമായി രാജ്യാന്തര തലത്തിൽ ആചരിക്കാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചതിന്റെ ചുവടുപിടിച്ച് ആ വർഷം തന്നെയാണ് മുതിർന്ന പൗരന്മാരുടെ കേസുകൾക്ക് മുൻഗണന നൽകാൻ നിർദേശിച്ച് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സർക്കുലർ പുറപ്പെടുവിച്ചത്. ഇതുപ്രകാരം 65 വയസ്സിനു മുകളിലുള്ളവർക്കായിരുന്നു മുൻഗണന. ഈ ഉത്തരവ് പരിഷ്‌കരിച്ച് 2014 ജൂൺ 23ന് സുപ്രീം കോടതി നിർദേശം പുറപ്പെടുവിച്ചു. ഇതിൽ പ്രായപരിധി 60 വയസ്സായി പുനർനിർണയിച്ചു. കേരള ഹൈക്കോടതി 2016 ഒക്ടോബർ 5ന് പുറപ്പെടുവിച്ച ഒഫീഷ്യൽ മെമ്മോറാണ്ടം (No: D3-42835/2016(3)) അനുസരിച്ച് സംസ്ഥാനത്തെ മുഴുവൻ കീഴ്‌ക്കോടതികൾക്കും ഈ ഉത്തരവ് ബാധകമാണ്. മുതിർന്ന പൗരന്മാർ ഉൾപ്പെട്ട കേസുകൾ ഏതൊക്കെയെന്നു കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കേണ്ട ചുമതല ഈ നിർദേശപ്രകാരം കോടതികൾക്കാണെങ്കിലും അതു പലപ്പോഴും സാധ്യമാകുന്നില്ല. വ്യവഹാരത്തിൽ കക്ഷികളായ മുതിർന്ന പൗരന്മാർ തന്നെ അതിന് മുൻകയ്യെടുക്കേണ്ടതാണ്.

മുതിർന്ന പൗരന്മാർ ചെയ്യേണ്ടത്:
കേസ് പരിഗണിക്കുന്ന കോടതിയിൽ കേസിന്റെ നമ്പർ, വയസ്സു തെളിയിക്കുന്നതിനുള്ള രേഖ (ആധാർ കാർഡിന്റെ പകർപ്പ്) എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം. മുൻഗണനാടിസ്ഥാനത്തിൽ തന്റെ കേസ് പരിഗണിച്ച് വേഗം തീർപ്പുകൽപിക്കണമെന്ന്് അപേക്ഷയിൽ വ്യക്തമാക്കണം. 
- ഡി.ബി. ബിനു (പ്രസിഡന്റ്, ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ, എറണാകുളം)

(മുതിർന്ന പൗരന്മാർക്ക് നിയമസംബന്ധമായ സംശയങ്ങൾ അയയ്ക്കാം. ഇ-മെയിൽ: nallaprayam@mm.co.in)

English Summary:

Fast tracking of matters related to crime against Senior Citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com