ADVERTISEMENT
old-house-nilambur
പഴയ വീട്

വർഷങ്ങൾ പഴക്കമുള്ള ഒരു ഇരുനില വീട്. ഇന്നത്തെ കാലികമായ മാറ്റങ്ങളെ വച്ചു നോക്കുമ്പോൾ അകത്തളങ്ങളിൽ വെളിച്ചമില്ല. സൗകര്യങ്ങൾ നന്നേ കുറവ്, മുഖപ്പിന്റെ അഭംഗി എന്നിങ്ങനെ നീളുന്ന കാരണങ്ങൾ. വീടു മുഴുവനായും പൊളിച്ചു കഴിഞ്ഞ് മറ്റൊന്നു പണിതെടുക്കാനുള്ള ബജറ്റ് കുറവും. എന്നാൽ ഇന്നത്തെ ജീവിതരീതിക്കനുസരിച്ച് സമകാലിക ഘടകങ്ങൾ ഉൾച്ചേർത്തുകൊണ്ടൊരു ഭവനം വേണംതാനും. ഇതായിരുന്നു വീട്ടുടമസ്ഥൻ സാമുവലിന്റെ ആവശ്യം. ഇങ്ങനെയൊരു ആവശ്യവുമായി സാമുവൽ സമീപിച്ചത് ഗ്രീൻ ആർക്കിടെക്ടിസിലെ ആർക്കിടെക്റ്റ് ഹരീഷിനെയാണ്. 

നാട്ടിൽ വരുമ്പോൾ താമസിക്കാൻ മനസ്സിനിണങ്ങിയ ഒരു വീടാക്കി മാറ്റണം, അടിമുടി പുതിയൊരു മുഖച്ഛായ വീടിനു നൽകണം, ഇതായിരുന്നു സാമുവലിനു വേണ്ടിയിരുന്നത്. പരിമിതമായ ബജറ്റിലൂന്നിവേണം ഇതെല്ലാം പ്രാവർത്തികമാക്കാനും 1,800 സ്ക്വയർഫീറ്റിലാണ് പഴയ വീടുണ്ടായിരുന്നത്. 

renovated-house

കാലത്തിനൊത്ത് 

എലവേഷന് പ്രകടമായ മാറ്റം അനിവാര്യമായിരുന്നു. എന്നാൽ അതിനായി അധിക പണം ചെലവഴിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. പഴയ വീടിനെ കുറഞ്ഞ ബജറ്റിൽ നിന്നുകൊണ്ട് എലവേഷൻ മാറ്റിയെടുക്കുക എന്നുള്ളത് അൽപം റിസ്കായിരുന്നു. എലവേഷനിൽ പ്രാവർത്തികമാക്കിയ ഡിസൈൻ നയം ഫ്രണ്ട് എലവേഷനെ മറച്ചുവയ്ക്കുക എന്ന ആശയമാണ് ഹരീഷ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. 

renovated-nilambur-home-living

ഷോവാൾ നൽകി സ്‌റ്റോൺ ക്ലാഡിങ് കൊടുത്തു ഹൈലൈറ്റ് ചെയ്തു. കൂടാതെ പാരപ്പറ്റുകളും ഏർപ്പെടുത്തി. സ്‌റ്റോൺക്ലാഡിങ്ങിന്റെ തുടർച്ച ഡിസൈൻ എലമെന്റാക്കി മറ്റു ഭാഗങ്ങളിലും നൽകി എലവേഷന്റെ മുഖച്ഛായ മാറ്റിയെടുത്തു. പഴയ പോർച്ചിന്റെ പില്ലറുകൾ മാത്രം നിലനിർത്തിയ റൂഫ് പൊളിച്ചുമാറ്റി പുതിയതാക്കി. പോർച്ചിന്റെ പിൻവശത്ത് പുതിയതായി ഒരു കിടപ്പുമുറി കൂടിയെടുത്തു. മുൻവശത്തായി ഒരു ഫോർമൽ ലിവിങ് സ്പേസിനും ഇടം നൽകി. ലിവിങ്ങിനോടു കൂട്ടിയിണക്കി ചെറിയൊരു സിറ്റൗട്ടുകൂടി ഉൾപ്പെടുത്താനായി. പഴയ വീട്ടിൽ കയറിച്ചെല്ലുമ്പോൾ നിലനിന്നിരുന്ന ടോയ്‌ലറ്റ് ഫോയർ സ്പേസാക്കി മാറ്റി. 

താഴത്തെ നിലയിലുണ്ടായിരുന്ന ബെഡ്റൂമുകളിൽ ഒന്ന് ഡൈനിങ് ഏരിയ ആക്കി. ലിവിങ്ങും ഡൈനിങ്ങും ഏരിയയും എല്ലാം ഉൾച്ചേർന്ന ഒരു ഹാളായിരുന്ന പഴയ വീടിന്. ഈ സ്പേസുകളും ഇതിനോടു ചേർന്നുണ്ടായിരുന്ന ബെഡ്റൂം മാറ്റിയെടുത്തു. ഫാമിലി ലിവിങ് കം ഡൈനിങ് സ്േപസാക്കി. പഴയതിൽനിന്നും വിശാലത തോന്നിപ്പിക്കും വിധം ഉറവിടം സജ്ജീകരിക്കാനായി. പഴയ സ്റ്റെയർകേസ് അതേപടി നിലനിർത്തി അതിന്റെ ഹാൻഡ് റെയ്‌ലിങ്ങിനും സ്റ്റെപ്പുകൾക്കും മാത്രമാണു പുതുഛായ നൽകിയത്.

renovated-house-nilambur-ceiling

ആവശ്യങ്ങൾ ഉൾക്കൊണ്ട് അകത്തളം

renovated-nilambur-home-bed

പഴയ ഭിത്തികളെല്ലാം മാറ്റി ഹൈലൈറ്റ് ചെയ്യാൻ ടെക്സചർ വർക്കുകൾ നൽകി. ഓടു വച്ച സീലിങ്ങായിരുന്നു പഴയ വീടിനുണ്ടായിരുന്നത്. അതിൽ ഒന്നു മാത്രമേ ബാത് അറ്റാച്ച്ഡ് ഉണ്ടായിരുന്നുള്ളൂ. പുതുക്കി ചെയ്തപ്പോൾ രണ്ടു ബെഡ്റൂമുകളും പിൻവശത്തേക്ക് എക്സ്റ്റൻഷൻ ചെയ്തു വലുപ്പം കൂട്ടി. രണ്ടും ബാത് അറ്റാച്ച്ഡ് ആക്കി മാറ്റാനും സാധിച്ചു. കൂടാതെ ലൈബ്രറി സ്പേസിങ്ങിനും മുകൾ നിലയിൽ ഇടം നൽകി. ഒരു ബാൽക്കണിയും കൂട്ടിച്ചേർത്തു.

താഴത്തെ സിറ്റൗട്ട് കൂട്ടിയെടുത്തപ്പോൾ കിട്ടിയ സ്പേയ്സിലാണ് മുകളിലെ ബാൽ‍ക്കണി ഒരുക്കിയിരിക്കുന്നത്. ഫ്ലോറിങ് പാടേ മാറ്റി വില കുറഞ്ഞതരം ടൈലുകളായിരുന്നു പഴയ വീടിനുണ്ടായിരുന്നത്. ഇപ്പോൾ മുഴുവൻ ഗ്രാനൈറ്റാണ് പാകിയിരിക്കുന്നത്. 

renovated-house-nilambur-kitchen

സൗകര്യത്തിനു മുൻതൂക്കം

ധാരാളം സ്റ്റോറേജ് സൗകര്യങ്ങളോടെ പഴയ അടുക്കളയ്ക്കു മോടി കൂട്ടുകയും വർക്കിങ് കിച്ചൻ കൂട്ടിയെടുക്കുകയും ചെയ്തപ്പോൾ കിച്ചനും കാലികഭംഗി കൈവന്നു. ചെറിയൊരു അടുക്കളയായിരുന്നു പഴയ വീടിനുണ്ടായിരുന്നത്. അതിനാൽ കിച്ചന് വലുപ്പം കൂട്ടാനായി പിൻവശത്തേക്കു കൂട്ടിയെടുത്തു. പഴയ സ്റ്റോർറൂം അതേപടി നിലനിർത്തി ഇന്റീരിയറിൽ മാറ്റം വരുത്തി. 

ക്ലൈന്റിന്റെ ആവശ്യങ്ങളും താൽപര്യങ്ങളും പൂർത്തീകരിക്കാനുള്ള ശ്രമമാണ് ഇവിടെ ഓരോ സ്പേസിലും ആർക്കിടെക്ട് പ്രാവർത്തികമാക്കിയിരിക്കുന്നത്. കു‍ത്തിപ്പൊളിക്കലുകൾ പരമാവധി ഒഴിവാക്കി ഉള്ളതിനെ വൃത്തിയോടും വെടിപ്പോടുംകൂടി പുതുക്കിപ്പണിയാനാണു ശ്രമിച്ചതെന്ന് ആർക്കിടെക്ട് പറയുന്നു. 

Project Facts

ക്ലൈന്റ് : സാമുവൽ ജോസഫ്

സ്ഥലം : നിലമ്പൂർ, കാറാടി

പ്ലോട്ട് : 25 സെന്റ്

വിസ്തീർണം

(പഴയത്) : 1,800 സ്ക്വയർഫീറ്റ്

(പുതിയത്) : 2,500 സ്ക്വയർഫീറ്റ്

പണി പൂർത്തിയായ വർഷം : 2017 

ചെലവ്

(സ്ട്രെക്ച്ചർ) : 12 ലക്ഷം

(ഇന്റീരിയർ) : 10 ലക്ഷം

ഡിസൈൻ : ആർക്കിടെക്ട് ഹരീഷ് പി.ആർ. 

പ്രോജക്ട് കോർഡിനേറ്റ്സ് : ആർക്കിടെക്ട് സുഹൈബ്

എൻജിനീയർ :  ഗോപു പി. ദേവൻ.

ഗ്രീൻ സ്ക്വയർ ആർക്കിടെക്ട്സ്, മലപ്പുറം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com